19 September Saturday

മുകുന്ദപുരം പാലം നാടിനു സമർപ്പിച്ചു

സ്വന്തം ലേഖകന്‍Updated: Wednesday Aug 12, 2020
ചവറ
അന്തരിച്ച ചവറ എംഎൽഎ എൻ വിജയൻ പിള്ളയുടെ സ്‌മരണയിൽ ചവറ, തേവലക്കര പഞ്ചായത്തുകളെ  ബന്ധിപ്പിക്കുന്ന മുകുന്ദപുരം പാലം നാടിന്‌ തുറന്നുനൽകി.  വീഡിയോ കോൺഫറൻസിലൂടെ മന്ത്രി ജി സുധാകരനാണ്‌ പാലം നാടിന്‌ സമർപ്പിച്ചത്‌. എൻ വിജയൻപിള്ള എംഎൽഎയുടെ ശ്രമഫലമായാണ് കൊട്ടുകാട് സരിതമുക്ക് റോഡിൽ പാലം യാഥാർഥ്യമായത്‌‌. 
നിലവിലുണ്ടായിരുന്ന പാലം ജീര്‍ണിച്ചതിനെ തുടർന്ന്‌ അത് പൊളിച്ചായിരുന്നു പുതിയതിന്റെ നിർമാണം‌. ഒന്നരക്കോടി രൂപയാണ്‌ ചെലവ്‌. ഏഴര മീറ്റര്‍ വീതിയിൽ വാഹനങ്ങൾക്ക്‌ പോകാനുള്ള പാതയും  ആളുകൾക്ക്‌ ഒന്നര മീറ്റർ വീതിയിൽ  നടപ്പാതയുമുണ്ട്. പാലത്തോട് ചേര്‍ന്നുവരുന്ന തോടിന്‌ സംരക്ഷണഭിത്തിയും പാലത്തിന് പാര്‍ശ്വഭിത്തിയും നിര്‍മിച്ചു.  
ചവറയിൽനിന്ന്‌ ശാസ്താംകോട്ട, കൊട്ടാരക്കര ഭാഗങ്ങളിലേക്കുള്ള ബസുകൾ കടന്നുപോകുന്ന പാലത്തിന് വീതി കുറവായതിനാൽ ഇരുദിശകളിൽനിന്നുള്ള വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ ബുദ്ധിമുട്ടായിരുന്നു. അപകടങ്ങൾ നിത്യസംഭവമായിരുന്നു. ഇതിനാണ്‌ പരിഹാരമായത്‌.
മുകുന്ദപുരം പാലത്തിനു സമീപം നടന്ന ചടങ്ങിൽ  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ സി രാധാമണി അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ബിന്ദുകൃഷ്ണകുമാർ സ്വാഗതം പറഞ്ഞു. എക്സിക്യൂട്ടീവ് എൻജിനിയർ കെ എസ് വിനോദ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ പി കെ ലളിത, ഐ ഷിഹാബ്, സിപിഐ എം ഏരിയ സെക്രട്ടറി ടി മനോഹരൻ,ജനപ്രതിനിധികളായ മുംതാസ്, കെ എ നിയാസ്, സക്കീർ ഹുസൈൻ, കെ ഷറഫുദീൻ എന്നിവർ സംസാരിച്ചു. 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top