16 September Monday

ആനകളെല്ലാം ഹാപ്പിയാണ്‌

സ്വന്തം ലേഖികUpdated: Monday Aug 12, 2019
കൊല്ലം
ജില്ലയിലെ 69 ആനയും  ഹാപ്പിയെന്ന്‌  നിരീക്ഷണ പോർട്ടൽ റിപ്പോർട്ട്‌. ആനകൾക്കായി തയ്യാറാക്കിയ പോർട്ടലിലാണ്‌ ജീവിത നിലവാരം ഉയർന്നെന്ന്‌  വെളിവാക്കുന്നത്‌. പാപ്പാന്മാരുടെ പീഡനം വർധിക്കുന്നെന്ന  പരാതികളുടെ അടിസ്ഥാനത്തിൽ ആനകളെ നിരീക്ഷിച്ചാണ്‌ തിങ്കളാഴ്‌ചകളിൽ  വിവരങ്ങൾ  അപ്‌ലോഡ്‌ ചെയ്യുന്നത്‌. 
സംസ്ഥാന വനം വന്യജീവി ചീഫ് വാർഡനാണ്‌ ഇതു സംബന്ധിച്ച റിപ്പോർട്ട്‌ നൽകുക. 
 ജില്ലയിൽ ഏറ്റവും തിരക്കുള്ള  പുത്തൻകുളം മോഡി, പുത്തൻകുളം കേശവൻ, പരിമണം വിഷ്‌ണു, ശിവരാജു എന്നിവ ഉൾപ്പെടെ  10 ആനകളെ പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്‌. 
 സാമൂഹ്യവനവൽക്കരണവിഭാഗം അസിസ്റ്റന്റ്‌ കൺസർവേറ്ററാണ്‌ ആനകളെ നിരീക്ഷിക്കുക.  ദിനംപ്രതി 200 മുതൽ 250 കിലോവരെ ഭക്ഷണവും 250 ലിറ്റർ വെള്ളവും ലഭിക്കുന്നുണ്ടോ, ചികിത്സയും വിശ്രമവും  ഉറപ്പാക്കുന്നുണ്ടോ,  പുലർച്ചെ മുതൽ പകൽ 11വരെയും  മൂന്നു മുതലും മാത്രമാണോ ഇവയെ എഴുന്നള്ളത്തിനും മറ്റും  കൊണ്ടുപോകുന്നത്‌,  വനംവകുപ്പിൽ രജിസ്റ്റർ ചെയ്‌തിട്ടുള്ള വാഹനങ്ങളാണോ ഇതിനായി ഉപയോഗിക്കുന്നത്‌ തുടങ്ങിയ കാര്യങ്ങളാണ്‌ പ്രധാനമായും ശേഖരിക്കുന്നത്‌.  
ദിനംപ്രതി അഞ്ചുകിലോമീറ്റർ നടത്തുന്നുണ്ടോ, വകുപ്പിന്റെ പരിശീലനം സിദ്ധിച്ച പാപ്പാന്മാരോണോ നയിക്കുന്നത്‌  തുടങ്ങിയ  വിവരവും പോർട്ടലിൽ രേഖപ്പെടുത്തിയിട്ടുണ്ട്‌.  ജില്ല വിട്ട്‌ കൊണ്ടുപോകുന്ന ആനകളെക്കുറിച്ചുള്ള വിവരം അതത്‌ ജില്ലയിലെ ഉദ്യോഗസ്ഥനു കൈമാറണം.  പദ്ധതി തുടങ്ങി ഒരു വർഷം പിന്നിടുമ്പോൾ ഒരു കേസ്‌ പോലും  രജിസ്റ്റർ ചെയ്‌തിട്ടില്ല. നേരത്തെ ഇൻഷുറൻസ്‌ തട്ടിയെടുക്കുന്നതിന്‌ രോഗബാധിതരായ ആനകൾക്ക്‌ ചികിത്സ ലഭ്യമാക്കാതിരിക്കുന്നതും  ക്രൂര പീഡനങ്ങൾ ഏൽപ്പിക്കുന്നതും പതിവായിരുന്നു. 
 
പ്രധാന വാർത്തകൾ
 Top