21 September Saturday

ചോര തിളയ്ക്കുന്ന പിള്ളേർ...

വെബ് ഡെസ്‌ക്‌Updated: Friday Jul 12, 2019

എസ്‌എൻ കോളേജിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പ്‌

ഓരോ മണിക്കൂറിലും കുറഞ്ഞത‌് 10 ആംബുലൻസുകളാണ‌് നമ്മുടെ നിരത്തുകളിൽ അപായമണിമുഴക്കി ചീറിപ്പായുന്നത‌്. അനുദിനം ജില്ലയിലെ ആശുപത്രികളിൽ എത്തുന്ന അപകട കേസുകളും നിരവധിയാണ‌്. 
ബൈപാസിന്റെ വരവോടെ അപകടനിരക്കും കുത്തനെ കൂടി. അപകടങ്ങളിൽപ്പെടുന്നവർക്കും ഗുരുതര രോഗങ്ങൾ പിടിപെട്ടു നാളുകളായി ബുദ്ധിമുട്ടുന്ന പാവങ്ങൾക്കും ഒരുദിവസം വലിയൊരു അളവ് രക്തമാണ് വിവിധ ആശുപത്രികളിലായി ദിവസേന ആവശ്യം വരുന്നത്. രക്തം പണം കൊടുത്ത് വാങ്ങുന്നവരും ബന്ധുക്കളിൽ രക്തദാതാവിനെ കണ്ടെത്തുന്നവരും നിരവധിയുണ്ട‌്. എന്നാൽ, അശരണരായ ദാരിദ്ര്യം വേട്ടയാടുന്ന പാവങ്ങൾക്ക് കൊടുക്കാൻ പണവും ഉണ്ടാകില്ല വിളിച്ചാൽ രക്തം നൽകാനുള്ള ബന്ധുക്കളും ഉണ്ടാകില്ല.
ഇങ്ങനെ രക്തദാതാവിനെത്തേടി അലയുന്നവർക്ക് മുന്നിൽ മുട്ടാതെ തുറക്കുന്ന വാതിലാണ‌് കൊല്ലം എസ് എൻ കോളേജ്. എല്ലാദിവസവും കുറഞ്ഞത് അഞ്ചുപേർ എസ് എൻ കോളേജിൽനിന്നു ജില്ലയിലെ പല ആശുപത്രികളിലേക്കായി രക്തംനൽകാൻ പോകുന്നുണ്ട്. നാഷണൽ സർവീസ് സ്‌കീമിന്റെ നേതൃത്വത്തിൽ കോളേജിലെ മുഴുവൻ വിദ്യാർഥികളുടെയും പേരും ഫോൺ നമ്പരും ബ്ലഡ്‌ ഗ്രൂപ്പും അടങ്ങിയ രജിസ്റ്ററും സൂക്ഷിക്കുന്നുണ്ട്. അതിനാൽ രക്തദാതാവിനെ അന്വേഷിച്ച‌് കോളേജിലേക്ക് വരുന്നവർക്ക് ഒട്ടും സമയം നഷ്ടമാകാതെ തന്നെ രക്തദാതാവിനെ ലഭ്യമാകും. പണമോ ബന്ധുബലമോ ഇല്ലാത്ത പാവങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ആശ്രയിക്കാവുന്ന ജില്ലയിലെ ഏറ്റവും വലിയ സൗജന്യ അനൗദ്യോഗിക ബ്ലഡ്‌ ബാങ്കായി എസ്എൻ കോളേജ് മാറി.
ഇതൊന്നും കൂടാതെ വർഷാവർഷം രക്തദാനക്യാമ്പും സംഘടിപ്പിക്കുന്നുണ്ട്. എസ്എൻ കോളേജ് മാതൃകയിൽ ജില്ലയിലെ എല്ലാ കോളേജ്  വിദ്യാർഥികളെയും ഉൾപ്പെടുത്തി വിപുലമായ ഒരു രക്തദാനസേന രൂപീകരിക്കാനുള്ള പ്രവർത്തനങ്ങൾ എസ‌്എഫ‌്ഐ ജില്ലാ നേതൃത്വം ആരംഭിച്ചെന്ന‌് ജില്ലാ സെക്രട്ടറി ആദർശ് എം സജി പറഞ്ഞു.
പ്രധാന വാർത്തകൾ
 Top