29 July Thursday

വമ്പൻ ഹിറ്റായി‘കുഞ്ഞുപരീക്ഷ’

വെബ് ഡെസ്‌ക്‌Updated: Saturday Jun 12, 2021

കുടുംബശ്രീയുടെ ‘ഒരു കുഞ്ഞുപരീക്ഷ’ എഴുതുന്ന വിദ്യാർഥികൾ

സ്വന്തം ലേഖിക
കൊല്ലം 
പുറത്തുപോയി വരുന്നവർ സ്വയം ശുചിയായിട്ടാണോ വീട്ടിൽ പ്രവേശിക്കുന്നത്? വീടിനുള്ളിൽ ജനാല തുറന്നിട്ട് വായുസഞ്ചാരം സുഗമമാക്കാറുണ്ടോ?... കുടുംബശ്രീ നടത്തിയ ‘ഒരു കുഞ്ഞു പരീക്ഷ’  ചോദ്യംകൊണ്ടു മാത്രമല്ല പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. 
35,000 കുരുന്നുകളാണ്‌ ജില്ലയിൽ മാത്രം ‘ഒരു കുഞ്ഞു പരീക്ഷ’ എഴുതിയത്‌. കോവിഡ് പ്രതിരോധത്തിന്റെയും മഴക്കാലപൂർവ ശുചീകരണത്തിന്റെയും സന്ദേശം കുഞ്ഞുമനസ്സുകളിൽ പകരാനാണ്‌ കുടുംബശ്രീ പരീക്ഷ നടത്തുന്നത്‌‌. ജില്ലയിലെ 1972 കുടുംബശ്രീ ബാലസഭകളിലായി 26,000 അംഗങ്ങളാണുള്ളത്. എന്നാൽ, പരിപാടിയിൽ ആകൃഷ്ടരായി ബാലസഭ അംഗങ്ങളല്ലാത്തവരും മോഡൽ പരീക്ഷയിൽ പങ്കെടുക്കുകയായിരുന്നു. നാല് ഘട്ടമായുള്ള പരീക്ഷയുടെ രണ്ടാംഘട്ടമായ കാൽക്കൊല്ല പരീക്ഷ 17ന് നടക്കും. 24നാണ് അരക്കൊല്ല പരീക്ഷ. ജൂലൈ ഒന്നിന് കൊല്ലപ്പരീക്ഷയും നടക്കും. ഓൺലൈനായി നടന്ന മോഡൽ പരീക്ഷ എഴുതാൻ വൻതിരക്കായതോടെ പലയിടത്തും വെബ്‌സൈറ്റ്‌ പതുക്കെയായി. വ്യാഴാഴ്ച രാവിലെ 10 മുതൽ രാത്രി 10.30 വരെയാണ്‌‌‌ പരീക്ഷ നിശ്ചയിച്ചിരുന്നത്. എന്നാൽ, കുട്ടികളുടെ ആവശ്യപ്രകാരം ഞായറാഴ്ച വരെ നീട്ടി.  
വീടിന്റെ പരിസരത്ത് കൊതുകുകൾ മുട്ടയിട്ട് പെരുകുന്ന രീതിയിൽ പാത്രങ്ങൾ, ചിരട്ടകൾ, ടയറുകൾ മറ്റ് ഉപയോഗശൂന്യമായ വസ്തുക്കൾ എന്നിവ തുറന്ന് കിടക്കുന്നുണ്ടോ, അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ നിങ്ങളോ കുടുംബത്തിലെ മറ്റ് അംഗങ്ങളോ പുറത്തിറങ്ങാറുണ്ടോ, കോവിഡ് സംശയനിവാരണത്തിനുള്ള ഫോൺ നമ്പരുകൾ അറിയാമോ തുടങ്ങിയവയായിരുന്നു ചോദ്യം. പരീക്ഷയിൽ 50 ശതമാനത്തിനു താഴെ നിലവാരം പുലർത്തുന്ന കുട്ടികൾക്ക്‌ പഞ്ചായത്തുതല റിസോഴ്സ് പേഴ്സൺമാർ പഠനപിന്തുണ ഉറപ്പാക്കും. ജില്ലാ കോ –-ഓർഡിനേറ്റർ എ ജി സന്തോഷ്,  അസി. കോ–ഓർഡിനേറ്റർ ജി അരുൺകുമാർ എന്നിവർ പരീക്ഷയ്ക്ക് നേതൃത്വം നൽകി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top