04 August Wednesday
പുനലൂർ താലൂക്കാശുപത്രിയിൽ പുതിയ ജനറേറ്റർ

ആ‘ശ്വസിക്കാം’; 
ഓക്‌സിജൻ സുലഭം

സ്വന്തം ലേഖകന്‍Updated: Saturday Jun 12, 2021

 പുനലൂർ  

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പുനലൂർ താലൂക്കാശുപത്രിയിൽ ഓക്‌സിജൻ ജനറേറ്റർ സ്ഥാപിച്ചു. മുനിസിപ്പാലിറ്റിയുടെ പ്ലാൻ ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ വിനിയോഗിച്ച്  ഇറ്റലിയിൽ നിന്നുള്ള ആധുനിക മെഷീനാണ്‌ സ്ഥാപിച്ചത്‌. മിനിറ്റിൽ 230 ലിറ്റർ ഓക്‌സിജൻ  ഉൽപ്പാദിപ്പിക്കാൻ ശേഷിയുണ്ട്‌ ഇതിന്‌. നിലവിൽ മിനിറ്റിൽ 100 ലിറ്റർ ഓക്‌സിജൻ ഉൽപ്പാദനക്ഷമതയുള്ള ജനറേറ്ററുണ്ട്. 
മൂന്നുമാസം കൊണ്ടാണ് പദ്ധതി പൂർത്തീകരിച്ചത്. ട്രയൽ റൺ ഉടൻ നടത്തി ആരോഗ്യമന്ത്രി വീണാ ജോർജ്‌ പദ്ധതി ഉദ്ഘാടനംചെയ്യും. 
പുതിയ ജനറേറ്റർ സജ്ജമാകുന്നതോടെ, ഓക്സിജൻ ലഭ്യത മിനിറ്റിൽ 330 ലിറ്ററായി ഉയരുമെന്ന് താലൂക്കാശുപത്രി സൂപ്രണ്ട് ഷാഹിർഷാ പറഞ്ഞു. സിടി സ്‌കാൻ തിങ്കളാഴ്‌ചയും നവജാത ശിശുക്കൾക്കുള്ള ഐസിയു 16നും പ്രവർത്തനം ആരംഭിക്കും. പോസിറ്റീവ് ഡയാലിസിസ് യൂണിറ്റും പ്രവർത്തനമാരംഭിക്കും. നിലവിൽ 29 കിടക്കകളുള്ള യൂണിറ്റിൽ മൂന്ന് കിടക്കകളിലാണ് പോസിറ്റീവ് ഡയാലിസിസ് സജ്ജമാക്കുന്നത്‌. 
തീവ്ര വൈറസ് രോഗങ്ങളായ ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി, എച്ച്ഐവി തുടങ്ങിയവ ബാധിച്ചവർക്ക് ബുധനാഴ്ച മുതൽ പ്രത്യേകം സജ്ജീകരിച്ച യൂണിറ്റിൽ ഡയാലിസിസ് ആരംഭിക്കും. കോവിഡ് രോഗികൾ, എച്ച്ഐവി ബാധിതർ, ഹെപ്പറ്റൈറ്റിസ് രോഗികൾ എന്നിവർക്കായി രണ്ട് ഡയാലിസിസ് മെഷീൻ കൂടി വാങ്ങാൻ പി എസ് സുപാൽ എംഎൽഎ പങ്കെടുത്ത ആശുപത്രി വികസന സമിതിയോഗം തീരുമാനിച്ചു. മുനിസിപ്പൽ ചെയർപേഴ്‌സൺ നിമ്മി എബ്രഹാം അധ്യക്ഷയായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top