പുനലൂർ
കല്ലടയാറിന്റെ പ്രധാന കൈവഴിയായ മുക്കടവ് ആറ്റിലേക്ക് വ്യാപകമായി മാലിന്യം തള്ളുന്നു. ഇറച്ചി മാലിന്യങ്ങളും വർക്ഷോപ്പുകൾ, അപ്ഹോൾസറിക്കടകൾ എന്നിവിടങ്ങളിലെ മാലിന്യങ്ങളും ഇലക്ട്രോണിക് മാലിന്യങ്ങളും ഉൾപ്പെടെയാണ് ഇവിടെ നിക്ഷേപിക്കുന്നത്.
ചാക്കിൽ കെട്ടി ചരക്കുവാഹനങ്ങളിൽ എത്തിക്കുന്ന മാലിന്യങ്ങൾ മുക്കടവ് പാലത്തിനടുത്തുനിന്നാണ് ആറ്റുതീരത്തേക്കിടുന്നത്.
വിജനമായ ഇവിടെ രാത്രിയിൽ വേണ്ടത്ര വഴിവിളക്കില്ലാത്തതിനാൽ മാലിന്യ നിക്ഷേപത്തിനെത്തുന്നവർക്ക് ഏറെ സൗകര്യമാണ്. മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ നിരീക്ഷണ ക്യാമറ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കഴിഞ്ഞ ദിവസം രാത്രിയിൽ ഒരു ലോറി നിറയെ മാലിന്യങ്ങളാണ് മുക്കടവിൽ തള്ളിയത്. ആക്രിക്കടകളിൽ വിൽക്കാൻ കഴിയാത്തതും മണ്ണിൽ കലരാത്തതുമായ മാലിന്യങ്ങളാണ് ചാക്കുകളിലാക്കി ഇവിടെ നിക്ഷേപിച്ചിരിക്കുന്നത്.
ലോറിയിൽ എത്തിയ അഞ്ചംഗ സംഘമാണ് മാലിന്യം തള്ളിയത്. സമീപത്തെ കടയിലുണ്ടായിരുന്നയാൾ ഇത് ചോദ്യം ചെയ്തപ്പോൾ ആയുധങ്ങളുമായി വിരട്ടിയോടിച്ചു. തമിഴ്നാട്ടിൽനിന്നു കേരളത്തിലേക്ക് ചരക്കുമായി എത്തുന്ന ലോറികൾ വിവിധ ജില്ലകളിലെ കടകളിൽനിന്ന് പതിവായി മാലിന്യവുമായാണ് മടങ്ങുന്നത്. വാഹന ജീവനക്കാർ അധിക വരുമാനത്തിനാണ് പണം വാങ്ങി മാലിന്യം ലോറികളിൽ കൊണ്ടുവരുന്നത്. ഇക്കൂട്ടരും മാലിന്യച്ചാക്കുകൾ മുക്കടവ് മുതൽ കോട്ടവാസൽ വരെയുള്ള വിജന സ്ഥലങ്ങളിൽ തള്ളിസ്ഥലം വിടുകയാണ് പതിവ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..