18 June Tuesday

നാടിന്‌ തണലൊരുക്കാൻ പച്ചത്തുരുത്ത് പദ്ധതി

വെബ് ഡെസ്‌ക്‌Updated: Wednesday Jun 12, 2019

 

കൊല്ലം
ആഗോളതാപനത്തിന്റെ വെല്ലുവിളി നേരിടുന്നതിനും ഫലവൃക്ഷങ്ങള്‍ ഉള്‍പ്പെടെ മരങ്ങളും ഔഷധ സസ്യങ്ങളും നട്ടുവളര്‍ത്തുന്നതിനായി ഹരിതകേരളം മിഷന്‍ നടപ്പാക്കുന്ന പച്ചത്തുരുത്ത് പദ്ധതിക്ക് ജില്ലയില്‍ മികച്ച തുടക്കം. തദ്ദേശ സ്ഥാപനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കിയാണ് പ്രവര്‍ത്തനം. പഞ്ചായത്തുകളില്‍ ചെറുവനം ഒരുക്കുന്നതിനായുള്ള പരിശീലനത്തിന് തുടക്കമായി. 
കൊട്ടിയം അനിമേഷന്‍ സെന്ററില്‍ നടത്തിയ പരിപാടിയില്‍ 36 പഞ്ചായത്തുകളിലെ ജനപ്രതിനിധികളും തൊഴിലുറപ്പ് പദ്ധതി ഉദ്യോഗസ്ഥരും പങ്കെടുത്തു. തദ്ദേശ സ്ഥാപനങ്ങള്‍,  പൊതുസ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവയുടെ പങ്കാളിത്തത്തോടെ സ്ഥലങ്ങള്‍ കണ്ടെത്തി വനത്തിന്റെ സവിഷേതകള്‍ രൂപപ്പെടുത്തി തുടര്‍ സംരക്ഷണം നടത്തുന്നതിനുള്ള രീതികളാണ് പരിചയപ്പെടുത്തിയത്. 
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ മിഷന്‍, സാമൂഹ്യ വനവല്‍ക്കരണ വകുപ്പ്, കൃഷി വകുപ്പ് തുടങ്ങിയവയുടെയും പൊതുജന പങ്കാളിത്തത്തോടെയുമാണ് പദ്ധതി നടപ്പാക്കുന്നത‌്. പഞ്ചായത്ത് തലത്തില്‍ ശില്‍പ്പശാലകള്‍ നടത്തുന്നതിനും വാര്‍ഡ് തല പ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നതിനും പ്രത്യേക സമിതികള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചു. 
ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് ലൈല പരിശീലനം ഉദ്ഘാടനംചെയ്തു. വെളിയം പഞ്ചായത്ത് പ്രസിഡന്റ് ഷൈല സലീംലാല്‍ അധ്യക്ഷയായി. ഹരിതകേരളം മിഷന്‍ ജില്ലാ കോ–--ഓര്‍ഡിനേറ്റര്‍ എസ് ഐസക്, റിസോഴ്‌സ് പേഴ്‌സണ്‍ ടി രാജു തുടങ്ങിയവര്‍ പങ്കെടുത്തു. എന്‍ആര്‍ഇജിഎസ് നോഡല്‍ ഓഫീസര്‍ എച്ച് സഫീര്‍, ബയോഡൈവേഴ്‌സിറ്റി ബോര്‍ഡ് ജില്ലാ കോ–-ഓര്‍ഡിനേറ്റര്‍ പി രാധാകൃഷ്ണക്കുറുപ്പ്, ഫോറസ്റ്റ് ഓഫീസര്‍ സുരേഷ്, ഹരിത കേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ സ്മിത വി നായര്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. 
പ്രധാന വാർത്തകൾ
 Top