19 March Tuesday

സോക്കര്‍ അറീനകളാകുന്ന നാട്ടിടങ്ങള്‍

സിറിള്‍ രാധാകൃഷ്ണന്‍Updated: Tuesday Jun 12, 2018
 
കൊല്ലം
റഷ്യയിലെ പതിനൊന്ന് നഗരങ്ങളിൽ ലോക പോരാട്ടത്തിനായി പന്തുരുളുമ്പോൾ അതിന്റെ ആവേശം കേരളത്തിന്റെ നാടും നഗരവും കീഴടക്കുന്നു. ഇതിഹാസ താരങ്ങളായ പെലെയുടെയും ബെക്കൻ ബോവറിന്റെയും മാന്ത്രിക നീക്കങ്ങളെ ആരാധിച്ചിരുന്ന പഴയ തലമുറ മുതൽ റഷ്യൻ ലോകകപ്പിലെ ഏറ്റവും ഇളമുറത്താരമായ മെക്‌സിക്കോയുടെ ഹിർവിങ് ലോസാനോയുടെ കളി സ്മാർട്ട് ഫോണിൽ കാണുന്ന തലമുറ വരെ സോക്കർ ആവേശവുമായി കളിമൈതാനങ്ങളിലേക്ക് ഇറങ്ങിക്കഴിഞ്ഞു.
റഷ്യയിലെ ലോകകപ്പിനു മുന്നോടിയായി നാടിന്റെ മുക്കിലും മൂലയിലും പ്രായഭേതമന്യേ സോക്കർ ആരാധകർ സജീവമായി. നഗര പ്രാന്തങ്ങളിൽ അത് ചെറു ഫുട്‌ബോളായ ഫുട്‌സാൽ രൂപത്തിലും പെനാൽറ്റി കിക്ക് മത്സരങ്ങളുടെ രൂപത്തിലുമാണ് ജനകീയമാകുന്നത്. തിരക്കേറിയ ജീവിതത്തിനിടെ ഫുട്‌ബോൾ കളിക്കാനായില്ലെങ്കിലും മനസ്സിൽ ആവേശത്തിന്റെ ലോങ്ങ് പാസുകൾ സൂക്ഷിക്കുന്നവർ ഇത്തരം വേദികളിൽ പന്തു തട്ടുമ്പോൾ കുടുതൽ ഭാഗ്യവാൻമാരായ ഒരു കൂട്ടരുണ്ട്, അവരാണ് ഫുട്‌ബോളിനെ നെഞ്ചേറ്റുന്നവർ.
നാട്ടിൻപുറത്തെ ചതുരവടിവൊക്കാത്ത മൈതാനങ്ങളെ അവർ മാരക്കാനയെക്കാൾ വലിയ സോക്കർ അറീനകളാക്കുന്നു. അവിടെ അവർ ജഴ്‌സിയിട്ട് ലയണൽ മെസിയും നെയ്മറുമാകുന്നു. ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്കു വേണ്ടി ആർത്തുവിളിക്കുന്നു. ജർമ്മനിയെന്നും സ്‌പെയിനെന്നും ചേരിതിരിഞ്ഞ് സോക്കർ ആവേശം കടലോളമാക്കുന്നു. ഇക്കുറി ഫിഫ ലോകകപ്പ് റഷ്യയിലാണെങ്കിലും ഇന്നാട്ടിലെ ആരാധകർ പതിവു പോലെ ചേരിതിരിയുന്നത് മഞ്ഞപ്പടയായ ബ്രസീലിനും നീലപ്പടയായ അർജന്റീനയ്ക്കും വേണ്ടിയാണ്. അവിടെ ഇളംതലമുറ നെയ്മർക്കും ബ്രസീലിനും വേണ്ടി പന്തയം കെട്ടുമ്പോൾ അവരോട് മറഡോണയുടെ ദൈവത്തിന്റെ കൈ തീർത്ത കഥയും കൊളംബിയയുടെ മുടിയൻ ഗോളി ഹിഗ്വിറ്റയെക്കുറിച്ചും ബ്രസീലിന്റെ റോറോറോ ത്രയത്തെക്കുറിച്ചുമെല്ലാം വാഴ്ത്തി അവരോട്് പറയുന്നു ഇവരുടെയൊക്ക കളിയായിരുന്നെടേയ് കളി....!
കൊല്ലത്തിന്റെ മലയോര മേഖലയും തീരദേശവും ഒരേ പോലെ സോക്കർ ലഹരിയിലായി.  ആര് ഫൈനൽ ജയിച്ചാലും സാരമില്ല അർജന്റീന ബ്രസീലിനെ തോൽപ്പിക്കണം എന്ന്‌ ഊണിലും ഉറക്കത്തിലും വിചാരിക്കുന്ന കട്ട ഫാൻസും സജീവമാണ്. ഇഷ്ട ടീമിന്റെ നിറം വാഹനത്തിനു പൂശി ആരാധന പ്രകടമാക്കുന്നവരും നിരവധി. ഫേസ്ബുക്കിലെ ടൈംലൈൻ നിറയെ സോക്കർ ആവേശം നിറഞ്ഞൊഴുകുന്നു.സ്‌കൂളുകളിലും വഴിവക്കിലും ചായക്കടകളിലുമെല്ലാം ചർച്ച ഇതു തന്നെ. സ്‌കൂൾ വിട്ടെത്തുന്ന കുട്ടികൾ മൈതാനങ്ങളിലേക്ക്ും ബീച്ചിലേക്കും പന്തുമായി പായുന്നു. പന്തുരുളുന്നത് റഷ്യയിലാണെങ്കിലും കളിക്കുമ്പോൾ അവരുടെ കാൽക്കീഴിലാണ് ലോകം.നിരത്തിലേക്കു നോക്കിയാൽ മെസ്സി അർജന്റീനിയൻ ജഴ്‌സിയിൽ ബൈക്കിൽ പാഞ്ഞു പോകുന്നതു കാണാം. നമ്പർ പത്ത് ഇട്ട് ബസ്സിൽ പോകുന്ന നെയ്മർ തുടങ്ങി ബീവറേജീൽ ക്യൂ നിൽക്കുന്ന റാമോസിനെ വരെ കാണാം. അത്രയേറെ ആഴത്തിലാണ് സോക്കറിന്റെ ആവേശം റൊണാൾഡീഞ്ഞോയുടെ ഇലവീഴും കിക്ക് പോലെ ആരാധകമനസ്സിലേക്ക് വന്നിടിച്ചു കയറുന്നത്.

 

പ്രധാന വാർത്തകൾ
 Top