27 May Monday
വയോജനങ്ങൾക്കായി ജില്ലാ പഞ്ചായത്ത‌് പദ്ധതി

ജില്ലയിൽ 13 പകൽവീട‌് പൂർത്തിയായി

സ്വന്തം ലേഖികUpdated: Tuesday Feb 12, 2019
കൊല്ലം
വയോജനങ്ങൾക്ക‌് ആശ്രയമേകാൻ ജില്ലയിൽ 13 പകൽവീട‌് ഒരുങ്ങി. ജില്ലാപഞ്ചായത്തിന്റെ  നേതൃത്വത്തിൽ ജില്ലയെ  വയോജന സൗഹൃദമാക്കുന്നതിന്റെ ഭാഗമായാണ‌് പദ്ധതി നടപ്പാക്കുന്നത‌്.  ജില്ലാ പഞ്ചായത്ത‌്  15 പകൽവീടാണ‌്  ജില്ലയിൽ സജ്ജമാക്കുന്നത‌്‌. അതിൽ 13 വീടിന്റെ നിർമാണവും  വൈദ്യുതീകരണവും പൂർത്തിയായി. പകൽവീടുകൾ 2.5 കോടി ചെലവിലാണ‌്   നിർമിച്ചത‌്. 
പകൽവീടുകളിൽ വയോജനങ്ങൾക്ക‌് മാനസികോല്ലാസത്തിനായി പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട‌്. വയോജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിനായി പാലിയേറ്റീവ‌് നേഴ‌്സിന്റെ സേവനമുണ്ടാകും. പ്രമേഹം, കൊളസ‌്ട്രോൾ, പ്രഷർ എന്നിവ യഥാസമയം പരിശോധിക്കാനും മരുന്നു നൽകാനും സൗകര്യം ഒരുക്കിയിട്ടുണ്ട‌്.  ഓരോ പകൽവീട്ടിലും  30 ലക്ഷം രൂപ വീതം വിനിയോഗിച്ച‌് ഫർണിച്ചർ, ടിവി ഉൾപ്പെടെ  ഭൗതിക സൗകര്യം ഒരുക്കി. നെടുവത്തൂർ, കൊറ്റങ്കര, ഇടമുളയ‌്ക്കൽ, ഇളമാട‌്, പനയം, പത്തനാപുരം, ഏരൂർ, ശൂരനാട‌്, ചടയമംഗലം, പൂതക്കുളം, ചിറക്കര, കടയ‌്ക്കൽ, കല്ലുവാതുക്കൽ, കിഴക്കേകല്ലട, വിളക്കുടി എന്നിവിടങ്ങളിലാണ‌് പകൽവീടുകൾ ഉദ‌്ഘാടനത്തിന‌് സജ്ജമായിരിക്കുന്നത‌്.  ജില്ലാതല ഉദ‌്ഘാടനം ഇളമാട്ട‌് ഫെബ്രുവരിയിൽ നടക്കും. 
പഞ്ചായത്തുകൾ  വിട്ടുനൽകിയ സ്ഥലത്താണ‌് കെട്ടിടങ്ങൾ നിർമിച്ചിരിക്കുന്നത‌്‌. ഇവ പിന്നീട‌് പഞ്ചായത്തിനു  വിട്ടുനൽകും.   
വയോജന സൗഹൃദമാക്കുന്നതിന്റെ  ഭാഗമായി ഈ വർഷം ഗ്ലൂക്കോമീറ്ററും ഹിയറിങ‌് എയ‌്ഡും സൗജന്യമായി നൽകും.  പകൽവീടുകളിലെ വയോജനങ്ങൾക്ക‌് മുൻഗണന നൽകി ലഭ്യമാക്കും.  സന്നദ്ധ സംഘടനകളുമായി സഹകരിച്ച‌് പകൽവീടുകളിൽ ഭക്ഷണം ലഭ്യമാക്കും. ഈ വർഷം പട്ടികജാതി കോളനികളിൽ അഞ്ച‌് പകൽവീട‌് ഒരുക്കാനും പദ്ധതിയുണ്ട‌്.  ജില്ലാ പഞ്ചായത്ത്‌ അംഗം രക്ഷാധികാരിയായി പഞ്ചായത്ത്‌ പ്രസിഡന്റ്, സെക്രട്ടറി,  വൈസ് പ്രസിഡന്റ്, ക്ഷേമ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ‌്സൺ, പാലിയേറ്റീവ് നേഴ്സ്, മുതിർന്ന പൗരന്മാരുടെ രണ്ടു  പ്രതിനിധികൾ, ആശാ വർക്കർ, രണ്ടു സന്നദ്ധ പ്രവർത്തകർ,  ഗ്രാമ–-ബ്ലോക്ക് പഞ്ചായത്ത്‌ അംഗങ്ങൾ എന്നിവരടങ്ങുന്ന 13 അംഗ സമിതിക്കാണ‌് പകൽവീടുകളുടെ നടത്തിപ്പു ചുമതല.
പ്രധാന വാർത്തകൾ
 Top