18 February Monday

സംസ്ഥാന ബജറ്റിൽ തൊഴിൽ മേഖലയ്ക്ക് പരിഗണന: സിഐടിയു

വെബ് ഡെസ്‌ക്‌Updated: Tuesday Feb 12, 2019
കൊല്ലം 
സംസ്ഥാന ബജറ്റ് തൊഴിലാളിസൗഹൃദ ബജറ്റാക്കിയ സർക്കാരിനെ സിഐടിയു ജില്ലാകമ്മിറ്റി അഭിനന്ദിച്ചു. തൊഴിലാളികൾക്കും തൊഴിൽ സ്ഥാപനങ്ങൾക്കും ബജറ്റിൽ പരിഗണന നൽകുന്നു. കശുവണ്ടി, കയർ, അങ്കണവാടി, തൊഴിലുറപ്പ്, ആശ വർക്കർ, പ്രീപ്രൈമറി അധ്യാപകർ, പെൻഷൻകാർ ഉൾപ്പെടെ ജനവിഭാഗങ്ങൾക്ക‌് ബജറ്റിൽ പ്രാമുഖ്യം നൽകുന്നു. പ്രതിസന്ധിയിലായ കശുവണ്ടി, കയർ, മത്സ്യം, കൈത്തറി മേഖലയ്ക്ക് പ്രത്യേക പാക്കേജ‌് പ്രഖ്യാപിച്ചത‌് ജില്ലയിലെ പരമ്പരാഗത വ്യവസായ മേഖലയ‌്ക്ക‌് ഉണർവേകും. കശുവണ്ടി വ്യവസായം നേരിടുന്ന പ്രതിസന്ധി മറികടക്കാൻ ഒരു വർഷത്തേക്ക് വായ്പയെടുത്ത‌് വ്യവസായം നടത്തുന്ന 
വ്യവസായികൾക്ക് സർക്കാർ പലിശ നൽകുമെന്ന പ്രഖ്യാപനം പ്രശംസനീയമാണ‌്. കാഷ്യൂ ബോർഡ് കുറഞ്ഞ വിലയ്ക്ക് തോട്ടണ്ടി വാങ്ങി വ്യവസായികൾക്കു നൽകും. കാഷ്യൂ കോർപറേഷനും കാപ്പക്സിനും പുനരുദ്ധാരണത്തിന് പ്രത്യേക ഫണ്ട് അനുവദിച്ചു. കുണ്ടറ സിറാമിക്സ്, മീറ്റർ കമ്പനി എന്നിവയുടെ സംരക്ഷണത്തിന് ബജറ്റിൽ ഇടം നൽകി. റബറിന‌് ന്യായവില ഉറപ്പാക്കാൻ സഹായവും അനുവദിച്ചു. 
കേന്ദ്ര ബജറ്റിൽ കശുവണ്ടി മേഖലയ്ക്ക് സഹായകമായ ഒരു നിർദേശവും ഉണ്ടായില്ല. തോട്ടണ്ടിയുടെ ഇറക്കുമതിച്ചുങ്കം പൂർണമായി പിൻവലിക്കുമെന്ന പ്രഖ്യാപനം തട്ടിപ്പായി. വിയത‌്നാമിൽനിന്ന‌് ഗുണനിലവാരം കുറഞ്ഞ കശുവണ്ടിപ്പരിപ്പിന്റെ ഇറക്കുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്നതും പാഴ‌്‌വാക്കായി. തൊഴിലാളികൾക്ക് സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സ നിഷേധിച്ചതിനും പരിഹാരമുണ്ടായില്ല. കശുവണ്ടിക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുമെന്ന നരേന്ദ്രമോഡിയുടെ വാഗ്ദാനവും ജലരേഖയായി. 
സംസ്ഥാന സർക്കാർ ബജറ്റ് തൊഴിലാളി സൗഹൃദമാക്കിയ നടപടിയെ സ്വാഗതം ചെയ‌്ത‌് തൊഴിലാളികൾ തൊഴിലിടങ്ങളിൽ പ്രകടനവും യോഗവും നടത്തണമെന്ന് സിഐടിയു ജില്ലാ പ്രസിഡന്റ് ബി തുളസീധരക്കുറുപ്പ‌്,  സെക്രട്ടറി എസ് ജയമോഹൻ എന്നിവർ അഭ്യർഥിച്ചു.
പ്രധാന വാർത്തകൾ
 Top