കേന്ദ്രം നിലപാട് തിരുത്തണം
കോടിയേരി ബാലകൃഷ്‌ണൻ നഗർ
ഉരുൾപൊട്ടലിൽ തകർന്ന വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ പുനരധിവാസത്തിനും പുനർനിർമാണത്തിനും അർഹമായ ധനസഹായം നിഷേധിക്കുന്നത് പ്രതിഷേധാർഹമാണെന്നും അടിയന്തര സഹായം ലഭ്യമാക്കാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കണമെന്നും സിപിഐ എം ജില്ലാസമ്മേളനം. ഉത്തരവാദിത്വം നിർവഹിക്കാത്ത കേന്ദ്രസർക്കാർ ഫെഡറൽ തത്വങ്ങളെ പിച്ചിച്ചീന്തുകയാണെന്ന് പ്രമേയത്തിൽ പറഞ്ഞു.
ദേശീയദുരന്ത പ്രതികരണനിധിയുടെ മാനദണ്ഡപ്രകാരം ഉരുൾപൊട്ടലിനെ ഗുരുതര സ്വഭാവമുള്ള ദുരന്തമായി പ്രഖ്യാപിക്കേണ്ടതാണ്. ഇരുട്ടിവെളുക്കുംമുമ്പ് രണ്ടു പ്രദേശങ്ങൾ ഇല്ലാതായി. പ്രകൃതിദുരന്തങ്ങൾ ഉണ്ടായ ത്രിപുര, ആന്ധ്രപ്രദേശ്, തെലങ്കാന, ബിഹാർ, ഉത്തരാഖണ്ഡ്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങൾക്ക് ഔദ്യോഗിക നിവേദനം ലഭിക്കാതെ കേന്ദ്രം സഹായം നൽകി.
വയനാടിനുവേണ്ടി കേന്ദ്രസർക്കാരിനോട് സംസ്ഥാന നിയമസഭ ഐകകണ്‌ഠ്യേന പ്രമേയത്തിലൂടെ സഹായം ആവശ്യപ്പെട്ടു. കേരളത്തിലെ ബിജെപി ഇതര എംപിമാർ കേന്ദ്ര ആഭ്യന്തരമന്ത്രിയോട് സഹായം ആവശ്യപ്പെട്ടു നിവേദനം നൽകി. വിശദ പഠനറിപ്പോർട്ട് നൽകാൻ കേരളം വൈകിയതിനാലാണ് പ്രത്യേക സാമ്പത്തിക സഹായം പ്രഖ്യാപിക്കാത്തതെന്ന വസ്തുതാവിരുദ്ധ പ്രസ്താവനയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി നടത്തിയത്. ദുരന്തവേളയിൽ കേരളത്തെ അപകീർത്തിപ്പെടുത്താൻ വ്യാജ പ്രസ്താവന നടത്താനാണ് അമിത്ഷാ തയ്യാറായത്. എന്നാൽ, ഉരുൾപൊട്ടൽ കഴിഞ്ഞശേഷമാണ് റെഡ് അലർട്ട് നൽകിയതെന്ന വസ്‌തുത പുറത്തായി. കേരളത്തിനെതിരെ നിരന്തര വ്യാജ പ്രചാരണം നടത്തി കേന്ദ്രസഹായം നിഷേധിക്കുകയാണ്. വർഗീയ തീവ്രവാദികൾക്ക് അഴിഞ്ഞാടാൻ കഴിയാത്ത സംസ്ഥാനമാണ് കേരളം. കോർപറേറ്റ്, നവലിബറൽ സാമ്പത്തിക നയത്തിനെതിരെ ജനക്ഷേമത്തിലും വികസനത്തിലും ഊന്നിയ ബദൽ നയം മുന്നോട്ടുവയ്ക്കുന്ന പിണറായി സർക്കാരിനെ സംഘപരിവാറിനു സഹിക്കില്ല. വിഴിഞ്ഞം തുറമുഖത്തിന് അനുവദിക്കുന്ന കേന്ദ്രവിഹിതം തിരിച്ചുപിടിക്കാനുള്ള കേന്ദ്ര തീരുമാനവും കേട്ടുകേൾവിയില്ലാത്തതാണ്. കേന്ദ്രത്തിന്റെ കേരളദ്രോഹ നടപടികൾക്ക് അറുതിവരുത്തണമെന്ന് എം നൗഷാദ് എംഎൽഎ പ്രമേയം അവതരിപ്പിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു.
0 comments