05 December Thursday
കൊല്ലം–ചെങ്കോട്ട ഗ്രീൻഫീൽഡ് പാത

നഷ്‌ടപരിഹാരത്തുക വിതരണം മൂന്നാഴ്‌ച്ചയ്‌ക്കകം

സ്വന്തം ലേഖകൻUpdated: Monday Nov 11, 2024

 

 
കൊല്ലം
കൊല്ലം–-ചെങ്കോട്ട (കടമ്പാട്ടുകോണം–-ആര്യങ്കാവ്‌) ഗ്രീൻഫീൽഡ് പാതയ്ക്ക് (കൊല്ലം– ചെങ്കോട്ട ദേശീയപാത–744) സ്ഥലം വിട്ടുനൽകിയ നിലമേൽ, ഇട്ടിവ, അലയമൺ, അഞ്ചൽ വില്ലേജുകളിലെ ഭൂവുടമകൾക്ക്‌ നഷ്‌ടപരിഹാരത്തുക വിതരണം മൂന്നാഴ്‌ച്ചയ്‌ക്കകം. ഇതിനുള്ള അന്തിമ നടപടി ഭൂമി ഏറ്റെടുക്കൽ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടറുടെ (എൻഎച്ച്‌) ഓഫീസിൽ അതിവേഗം പുരോഗമിക്കുന്നു. 
ത്രീ ഡി വിജ്ഞാപനം പുറപ്പെടുവിച്ച നാലു വില്ലേജുകളിലെ ഭൂവുടമകൾക്കാണ്‌ നഷ്ടപരിഹാരത്തുക വിതരണം. ഈ വില്ലേജുകളിൽ ഏകദേശം 400 പേരിൽ നിന്നാണ്‌ ഭൂമി ഏറ്റെടുക്കുന്നത്. മറ്റ്‌ ഏഴ്‌ വില്ലേജുകളിൽ ഭൂമി ഏറ്റെടുക്കുന്നതിന്‌ ത്രീ എ വിജ്ഞാപനം നാലുഘട്ടങ്ങളായി പുറപ്പെടുവിച്ചിരുന്നു. 2022 നവംബർ ഒമ്പതിനായിരുന്നു ആദ്യ വിജ്ഞാപനം. കഴിഞ്ഞ സെപ്തംബറിൽ ത്രീ എ വിജ്ഞാപനത്തിന്റെ ഭേദഗതിയും പുറപ്പെടുവിച്ചു. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട്‌ ചില കേസുകൾ നിലനിൽക്കുന്നതിനാലാണ് ആദ്യ വിജ്ഞാപനം റദ്ദാകാതെ നിലനിൽക്കുന്നത്. ത്രീ എ വിജ്ഞാപനം ഇറങ്ങിയാൽ വിലനിർണയം പൂർത്തിയാക്കി ഒരു വർഷത്തിനകം ത്രീഡി വിജ്ഞാപനം പുറപ്പെടുവിക്കണമെന്നാണ്‌ ചട്ടം. അതിനിടെ പാത കടന്നുപോകുന്ന ആര്യങ്കാവ്, തെന്മല, അയിരനല്ലൂർ, ഇടമൺ വില്ലേജുകളിലെ അലൈൻമെന്റിൽ നേരിയ മാറ്റം വന്നേക്കാമെന്ന സൂചനയുണ്ട്‌.  ഇവിടെ വനഭൂമിയിലൂടെയാണ് പാത നിർമാണം. 
കൊല്ലം, തിരുവനന്തപുരം ജില്ലകളിലൂടെയാണ് ഗ്രീൻഫീൽഡ് പാത കടന്നുപോകുന്നത്. കൊല്ലം ജില്ലയിൽ 11 വില്ലേജുകളിൽനിന്ന്‌ ഭൂമി ഏറ്റെടുക്കും. ഇതിനായി അഞ്ചൽ, പുനലൂർ, കൊട്ടാരക്കര എന്നിവിടങ്ങളിൽ സ്പെഷ്യൽ തഹസിൽദാർമാരെ നിയമിച്ചിട്ടുണ്ട്. കൊല്ലം ജില്ലയിലെ നിലമേൽ, ഇട്ടിവ, കോട്ടുക്കൽ, ചടയമംഗലം, അലയമൺ, അഞ്ചൽ, ഏരൂർ, അയിരനല്ലൂർ, ഇടമൺ, തെന്മല, ആര്യങ്കാവ് എന്നീ വില്ലേജുകളിലൂടെണ്‌ ഗ്രീൻഫീൽഡ് പാത കടന്നുപോകുന്നത്. 29.05 കിലോമീറ്ററിൽ രണ്ടായിരത്തോളം പേരുടെ 118.24 ഹെക്ടർ ഭൂമി ഏറ്റെടുക്കും. തിരുവനന്തപുരം ജില്ലയിൽ പള്ളിക്കൽ, മടവൂർ, കുടവൂർ, നാവായിക്കുളം വില്ലേജുകളിലൂടെയാണ്‌ പാത. രണ്ടു ജില്ലകളിൽ നിന്നായി ആകെ 252 ഹെക്ടർ ഏറ്റെടുക്കും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top