24 March Sunday
കോഴ‌്സുകൾക്ക‌് തുടക്കമായി

തൊഴിൽ വിദഗ‌്ധരെ വാർത്തെടുക്കാൻ ചവറയിൽ ഐഐഐസി

സ്വന്തം ലേഖകൻUpdated: Thursday Oct 11, 2018
കൊല്ലം 
തൊഴിൽ മേഖലയിൽ  നൈപുണ്യശേഷിയുള്ളവരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ചവറ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ‌് കൺസ്ട്രക‌്ഷനിൽ(ഐഐഐസി) കോഴ‌്സ‌് തുടങ്ങി. വിദ്യാർഥികൾക്ക‌് വിവിധ മേഖലകളിൽ തൊഴിൽ വൈദഗ‌്ധ്യവും  സാങ്കേതിക രംഗത്ത‌് ജോലിചെയ്യുന്നവർക്ക‌് ഉയർന്ന ആധുനിക ജ്ഞാനം പകരാനുമായി  
 നാൽപ്പതോളം കോഴ‌്സാണ‌് ആരംഭിക്കുന്നത‌്. എസ‌്എസ‌്എൽസി കഴിഞ്ഞവർക്ക‌് ടെക‌്നിക്കൽ ലെവൽ കോഴ‌്സുകളും പ്ലസ‌് ടു, ഐടിഐ/ ഡിപ്ലോമ പൂർത്തിയാക്കിയവർക്ക‌് സൂപ്പർവൈസറി ലെവൽ കോഴ‌്സുകളും ബിടെക‌് പൂർത്തിയായവർക്ക‌് മാനേജീരിയൽ കോഴ‌്സുമാണ‌് ആരംഭിക്കുന്നത‌്. ആദ്യ ഘട്ടമായി ബിടെക്കുകാർക്ക‌ുള്ള ഗ്രാജുവേറ്റ‌്ഷിപ‌് പ്രോഗ്രാം, അഡ്വാൻസ‌്ഡ‌് കൺസ‌്ട്രക‌്ഷൻ മാനേജ‌്മെന്റ‌്, അർബൻ പ്ലാനിങ്, ഡിസൈൻ ആൻഡ‌് ആർക്കിടെക‌്ചർ ബിരുദാനന്തര ഡിപ്ലോമ കോഴ‌്സുകൾ തുടങ്ങി. ആദ്യ ബാച്ചിൽ പ്രവേശനം നേടിയ 200 വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കുമായി സംഘടിപ്പിച്ച ഓറിയന്റേഷൻ പ്രോഗ്രാം ‘ സ്‌കിലെക്‌സ് –2018’  മന്ത്രി  തോമസ‌് ഐസക‌് ഉദ‌്ഘാടനംചെയ്‌തു. തൊഴിൽ മന്ത്രി ടി പി രാമകൃഷ‌്ണൻ അധ്യക്ഷനായി. 
പത്തു വർഷത്തിനകം സംസ്ഥാനത്ത‌് പുതുതായി എത്തുന്ന തൊഴിൽ അന്വേഷകരെ  തൊഴിൽ മേഖലയ്ക്ക് ചേരുംവിധം നൈപുണ്യ ശേഷിയുള്ളവരാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി  തോമസ‌് ഐസക‌് പറഞ്ഞു.  ഇതുവഴി കൂടുതൽ സംരംഭങ്ങളെയും നിക്ഷേപകരെയും ആകർഷിക്കാനാകും.  
മികവുറ്റ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ഇവിടെനിന്ന് പരിശീലനം നേടുന്നവർക്ക് തൊഴിൽ ലഭ്യമാക്കുന്നതിനുള്ള ശ്രമം നടത്തും. സംസ്ഥാനത്ത‌് അഭ്യസ്ഥവിദ്യരായ യുവാക്കളിൽ 15 ശതമാനത്തിനു മാത്രമാണ‌് തൊഴിൽ വൈദഗ‌്ധ്യമുള്ളത‌്. പുതിയ തലമുറയെ തൊഴിൽ വൈദഗ്ധ്യമുള്ളവരാക്കിയാൻ മാത്രമെ നവകേരള സൃഷ്ടിയുടെ ഗതിവേഗം കൂട്ടാനാകൂ. സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന‌് സർക്കാർ മൂന്നു വർഷത്തിനകം 50,000 കോടി ചെലവഴിക്കുമെന്നും മന്ത്രി പറഞ്ഞു. 
കൂടുതൽ സ്ഥാപനങ്ങൾ ആരംഭിച്ചും നിലവിലുള്ള തൊഴിൽ പരിശീലനസ്ഥാപനങ്ങളുടെ നിലവാരവും അടിസ്ഥാന സൗകര്യങ്ങളും  വർധിപ്പിച്ചും  തൊഴിലവസരങ്ങളുടെ വാതിലുകൾ തുറന്നിടുകയാണ് സർക്കാരെന്ന‌് മന്ത്രി ടി പി രാമകൃഷ‌്ണൻ പറഞ്ഞു.  ആധുനിക നിർമാണ രീതികൾ പരിശീലിപ്പിച്ച് തൊഴിലവസരം ഉറപ്പാക്കും. 
രാജ്യത്തിനകത്തും വിദേശത്തും നിലനിൽക്കുന്ന തൊഴിൽ അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്താനായി പുതിയ തലമുറയക്ക് അത്യന്താധുനിക രീതിയിലുള്ള പരിശീലനം നൽകും. 
നൈപുണ്യ വികസനമേഖലയിൽ ഇന്ത്യയിലെയും വിദേശ രാജ്യങ്ങളിലെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായുള്ള  അക്കാദമിയുടെ സഹകരണം ഉറപ്പാക്കും. ലോകത്ത് വളർന്നുവരുന്ന പുതിയ തൊഴിൽമേഖലകളിലും കേരളത്തിന്റെ സാന്നിധ്യം ഉറപ്പാക്കാൻ ഈ സഹകരണം സഹായകമാകും.  
ഇരുനൂറോളം വിദ്യാർഥികളാണ് ആദ്യഘട്ടത്തിൽ പ്രവേശനം നേടിയത്. നാൽപ്പതോളം നൈപുണ്യ വികസന കോഴ്‌സുകളിലേക്ക് ഒരു വർഷത്തിനകം1600 വിദ്യാർഥികൾക്ക് പ്രവേശനം നൽകുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. 
 എൻ വിജയൻപിള്ള എംഎൽഎ, അഡീഷണൽ ചീഫ് സെക്രട്ടറി ആശ തോമസ്, തൊഴിൽ വകുപ്പ് കമീഷണർ എ അലക്‌സാണ്ടർ, ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ– ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി, ഡയറക്ടർമാരായ ടി പി സേതുമാധവൻ, ഡോ. ഡി ചിത്രപ്രസാദ് എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top