17 September Tuesday

ആൻഡ്രൂസ്‌ ഓക്കേ പറഞ്ഞു, വാനരന്മാർ സദ്യയുണ്ടു

സ്വന്തം ലേഖകൻUpdated: Wednesday Sep 11, 2019

ശാസ്താംകോട്ട ശ്രീ ധർമശാസ്താ ക്ഷേത്രത്തിലെ വാനരന്മാർ ഉത്രാട സദ്യ ഉണ്ണുന്നു

ശാസ്താംകോട്ട
 ധർമശാസ്താ ക്ഷേത്രത്തിലൊരുക്കിയ ഉത്രാടസദ്യ ആദ്യം ആൻഡ്രൂസ്‌ രുചിച്ചുനോക്കി. ഓക്കെ പറഞ്ഞതോടെ പതിവുപോലെ  ശിഷ്യന്മാരെത്തി തൂശനിലയിൽ നിരത്തിവച്ച വിഭവങ്ങൾ ഓരോന്നായി അകത്താക്കി.  ധർമശാസ്താ ക്ഷേത്രത്തിലെ വാനരഭോജനശാലയായിരുന്നു വേദി.  സദ്യ കൂട്ടത്തിലെ തലമുതിർന്നയാളാണ്‌ രുചിച്ചുനോക്കുക . പ്രശ്‌നമില്ലന്ന്‌ കണ്ടാലെ മറ്റുള്ളവർ സദ്യ കഴിക്കൂവെന്ന കീഴ്‌വഴക്കം ഇത്തവണയും വാനരന്മാർ  പാലിച്ചു.  കൂട്ടത്തിലെ സീനിയർ സിറ്റിസണായ ആൻഡ്രൂസ്‌ ഓകെ പറഞ്ഞതോടെയാണ്‌ മറ്റുള്ളവർ സദ്യയിലേക്ക്‌ കടന്നത്‌. 
കുത്തരിച്ചോറും പരിപ്പും പപ്പടവും പച്ചടിയും കിച്ചടിയും അവിയലും തോരനും കാളനും ഓലനും അടക്കമുള്ള വിഭവങ്ങൾ അടങ്ങുന്നതായിരുന്നു സദ്യ. പകൽ 10.30ന്‌ വാരന്മാർ  രംഗപ്രവേശനംചെയ്‌തു. ക്ഷേത്രത്തിൽ നൂറോളം വരുന്ന കുരങ്ങുകൾ കഴിയുന്നുണ്ട്‌.   ആൻഡ്രൂസിനൊപ്പം   കൂട്ടത്തിലെ മൂപ്പന്മാരായ പുഷ്കരനും , രാജുവും തുളസിയുമെല്ലാം വരിവരിയായി  കഴിക്കാനെത്തി.  ചിലർ സദ്യ വാരിയെറിഞ്ഞാണ്‌ ഉണ്ടത്‌.   പായസവും പഴവുമാണ് കൂടുതൽ പേർക്കും ഇഷ്ടമായത്.  വാനരസദ്യകാണാൻ കാണാൻ നിരവധി ഭക്തരും ക്ഷേത്രത്തിൽ എത്തിയിരുന്നു.മനക്കര ശ്രീശൈലത്തിൽ എംവി അരവിന്ദാക്ഷൻപിള്ളയാണ്‌  ഇക്കുറി  സദ്യയൊരുക്കിയത്.തിരുവോണദിനത്തിൽ  കന്നിമേലഴികത്ത് ബാലചന്ദ്രൻപിള്ളയാണ് വാനരസദ്യ ഒരുക്കുന്നത്.
പ്രധാന വാർത്തകൾ
 Top