22 October Tuesday

ഓണക്കാല പരിശോധന ശക്തം; ഇതുവരെ 141 റെയ്ഡ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2019
കൊല്ലം
ഓണക്കാലത്ത്  ജില്ലയിൽ പരിശോധന ശക്തമാക്കി എക്സൈസ് വകുപ്പ്. ഇതുവരെ 141 റെയ്ഡുകൾ നടത്തി. 16 അബ്കാരി കേസുകളും 11 എൻഡിപിഎസ് നിയമപ്രകാരമുള്ള കേസുകളും കോട്പ നിയമപ്രകാരം 165 കേസുകളും എടുത്തു. 
 അബ്കാരി കേസുകളിൽ 16 പ്രതികളെയും എൻഡിപിഎസ് കേസുകളിൽ 11 പ്രതികളെയും അറസ്റ്റ്ചെയ്തു.  2.729 കിലോഗ്രാം കഞ്ചാവ്, 50 നൈട്രസപാം ടാബ്ലെറ്റുകൾ, ചാരായം വാറ്റാൻ പാകപ്പെടുത്തിയ 470 മീറ്റർ കോട, 10 ലിറ്റർ ചാരായം, 22 ലിറ്റർ വിദേശമദ്യം, 138 കിലോഗ്രാം നിരോധിത പുകയില ഉൽപ്പന്നങ്ങൾ, 55 പാക്കറ്റ് സിഗരറ്റ്, നാല് വാഹനങ്ങൾ എന്നിവ പിടിച്ചെടുത്തു.  
ആര്യങ്കാവ് ഫോറസ്റ്റ് ചെക്ക് പോസ്റ്റിനു സമീപം 1.1 കിലോഗ്രാം കഞ്ചാവ് കെഎസ്ആർടിസി ബസിൽനിന്ന് പിടിച്ചു.  ആലപ്പുഴ സ്വദേശികളായ അനിൽ ബാബു, ജിജോ ജോർജ് എന്നിവരെ അറസ്റ്റ്ചെയ്തു. 
ഇവിടെത്തന്നെ ബൈക്കിൽ  കടത്തിയ കഞ്ചാവുമായി തെങ്കാശി സ്വദേശി ഷേഖ് ഹുസൈൻ പിടിയിലായിരുന്നു.  കരുനാഗപ്പള്ളി പന്മന സ്‌കൂളിനു സമീപത്ത് സ്‌കൂട്ടറിൽ 1.2 കിലോ കഞ്ചാവ് കടത്തിയ അഫ്‌സൽ എന്നയാളും പിടിലായി. കൊട്ടാരക്കരയിൽ 75 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളും പിടികൂടി.  പെരുംകുളം സ്വദേശി ഷാജിയെ അറസ്റ്റ്ചെയ്‌തു. കൊല്ലം പള്ളിമുക്ക് ചകിരിക്കട ഭാഗത്തു നടത്തിയ റെയ്ഡിൽ രണ്ടു ഗ്രാം തൂക്കമുള്ള നാല് നൈട്രസപാം  ടാബ്ലറ്റുകൾ പിടികൂടി.  
ഷാരൂഖാൻ എന്നയാളെ അറസ്റ്റ്ചെയ്തു. ശനിയാഴ്ച പുലർച്ചെ മൂന്ന് മുതൽ കൊല്ലം എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ്, എക്സൈസ് സർക്കിൾ, റേഞ്ച്, കൺട്രോൾ റൂം, ശക്തികുളങ്ങര പൊലീസ് പാർടികളും, ക്വിക്ക് റെസ്‌പോൺസ് ടീം,വാണിജ്യ നികുതി വകുപ്പിന്റെ ഇന്റലിജൻസ് സ്‌ക്വാഡ് , മോട്ടോർ വാഹന വകുപ്പ് എന്നിവരുടെ സംയുക്ത പരിശോധനയിൽ കാവനാട് ബൈപാസ് റോഡിൽ 240 വാഹനങ്ങൾ പരിശോധിച്ചു. 
സ്നിഫർ ഡോഗ് ഉൾപ്പെടെ നടത്തിയ പരിശോധനയിൽ മതിയായ രേഖകൾ ഇല്ലാതെ കടത്തിയ 2.7 കിലോ  സ്വർണവുമായി തൃശൂർ സ്വദേശിയായ യുവാവിനെ പിടികൂടി. ഇയാളിൽനിന്ന് 6.5 ലക്ഷം  ഫൈൻ ഈടാക്കി .
മോട്ടോർ വാഹന വകുപ്പ് കണ്ടെത്തിയ പിഴവുകളിൽ 50,000 രൂപ പിഴ ഈടാക്കി . അഞ്ചുകിലോ പാൻ മസാലയും പിടികൂടി. തുടർന്നുള്ള ദിവസങ്ങളിലും കർശന പരിശോധനകൾ തുടരും. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top