22 October Tuesday
നവോദയം 69-ാം വാര്‍ഷികം

നിറപറ ഒരുങ്ങി, കാക്കവിളക്ക്‌ തെളിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2019

നീരാവിൽ നവോദയം ഗ്രന്ഥശാല വാർഷികാഘോഷത്തിനു എസ് എം വെങ്കിട്ടനാരായണൻ കാക്കവിളക്കിൽ തിരിതെളിയിക്കുന്നു

കൊല്ലം
നീരാവിൽ നവോദയം ഗ്രന്ഥശാലയുടെ 69–--ാം വാർഷികാഘോഷത്തിനു മുന്നോടിയായി തിങ്കളാഴ്ച ഗ്രന്ഥശാല കെ പി അപ്പൻ സ്മാരക നവശക്തി ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നിർമിച്ച സ്വർണപ്പറയ്ക്ക് മുമ്പിൽ കാക്കവിളക്ക് തെളിഞ്ഞു. കെ സോമപ്രസാദ് എംപിയുടെ ഫണ്ട് ഉപയോഗിച്ച് പുതുക്കിപ്പണിത ഓഡിറ്റോറിയത്തിലാണ് ശില്‍പ്പിയും ചിത്രകാരനുമായ കെ വി ജ്യോതിലാൽ സ്വർണപ്പറയും ചുവരുകളിൽ ഒ എൻ വി, തിരുനല്ലൂർ കരുണാകരൻ, കടമ്മനിട്ട രാമകൃഷ്ണൻ എന്നിവരുടെ കവിതകളായ അമ്മ, റാണി, കുറത്തി എന്നിവയെ ആസ്പദമാക്കി ചുവർചിത്രങ്ങളും നിർമിച്ചത്. 
സുകുമാർ അഴിക്കോടും ചുവർ ചിത്രത്തിലുണ്ട്. സ്വർണപ്പറയ്ക്ക് മുമ്പിൽ സ്ഥാപിച്ചിട്ടുള്ള കാക്കവിളക്കിൽ തിരിതെളിച്ചാണ് പൗരപ്രമുഖനായ എസ് എം വെങ്കിട്ടനാരായണൻ വാർഷികാഘോഷത്തിന് തുടക്കം കുറിച്ചത്.  15ന് വൈകിട്ട് അഞ്ചിനു വാർഷികാഘോഷ സമ്മേളനം സിപിഐ എം പോളിറ്റ്ബ്യൂറോ അംഗം എം എ ബേബി ഉദ്ഘാടനംചെയ്യും. പുനർ നിർമിച്ച ഓഡിറ്റോറിയം കെ സോമപ്രസാദ് എംപി നാടിന് സമർപ്പിക്കും.  
ചടങ്ങിൽവച്ച് 2018ലെ പ്രളയ‌ദുരന്തത്തെ തുടർന്ന് മാറ്റിവച്ചിരുന്ന പ്രതിഭാ സംഗമവും പുരസ്‌കാര ദാനവും നടക്കും.  ഗ്രന്ഥശാലയുടെ മികച്ച തൊഴിൽ സംരംഭകനുള്ള എൻ ശിവശങ്കരപ്പിള്ള സ്മാരക അവാർഡ് ഐമാൾ എംഡി  കെ ഐ  അബ്ദുൽ റഹീമിന് എം എ ബേബിയും മികച്ച ഗ്രാമീണ ഗ്രന്ഥശാലാ ലൈബ്രേറിയനുള്ള പ്രൊഫ. കല്ലട രാമചന്ദ്രൻ സ്മാരക പുരസ്‌കാരം കരുനാഗപ്പള്ളി കുമ്പളത്ത് ശങ്കുപ്പിള്ള സ്മാരക ലൈബ്രേറിയൻ ആർ ആദർശിന് കെ സോമപ്രസാദ് എംപിയും സ്‌കൂൾ യുവജനോത്സവത്തിൽ മികച്ച ബാന്റ് ട്രൂപ്പായി തെരഞ്ഞെടുക്കപ്പെട്ട വിമലഹൃദയയ്ക്ക് ഹംദാ സ്മാരക ട്രോഫിയും ക്യാഷ് അവാർഡും മേയർ വി രാജേന്ദ്രബാബുവും സമ്മാനിക്കും. 
പ്രധാന വാർത്തകൾ
 Top