24 September Thursday

ഫയർഫോഴ്സിനും തൻകുഞ്ഞ്‌ പൊൻകുഞ്ഞ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Aug 11, 2020

രക്ഷപെടുത്തിയ കാക്കയുടെ ചിറകിൽ കുരുങ്ങി കിടന്ന നൂല് ഫയർഫോഴ്സ് സംഘം നീക്കം ചെയ്യുന്നു

 
കൊട്ടിയം
കൂട്ടുകാർക്ക്‌ മാത്രമല്ല, ഫയർഫോഴ്‌സിനും ആ കാക്ക പൊൻകുഞ്ഞായിരുന്നു. പട്ടം നൂലിൽ കുരുങ്ങിക്കിടന്ന കാക്കയെ രക്ഷിക്കാനായി മറ്റു കാക്കകൾ കൂട്ടത്തോടെയെത്തിയപ്പോൾ രക്ഷകരായത്‌ ഫയർഫോഴ്‌സ്‌. തിങ്കളാഴ്ച വൈകിട്ട് നാലരയോടെ വടക്കേവിള യൂനുസ് കോളേജിനടുത്ത് ശാന്തിനഗറിലായിരുന്നു സംഭവം. ഇവിടെയുള്ള ഒരു വീടിന് മുകളിൽ വളരെ ഉയരത്തിലായി കാക്ക നൂലിൽ കുരുങ്ങിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഫയർഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. കടപ്പാക്കടയിൽനിന്നെത്തിയ ഫയർഫോഴ്സ് സംഘം മണിക്കൂറുകൾ നീണ്ട പരിശ്രമം നടത്തിയാണ് കാക്കയെ രക്ഷപ്പെടുത്തിയത്. അസിസ്റ്റന്റ്‌ സ്റ്റേഷൻ ഓഫീസർ ലാൽ ജീവിന്റെയും ലീഡിങ്‌ ഫയർമാൻ മുരളിയുടെയും നേതൃത്വത്തിൽ ഫയർമാന്മാരായ മാർക്കോസ്, അഭിജിത്ത് എന്നിവർ ഉയരത്തിൽ കയറി നൂലിൽ കുരുങ്ങിയ കാക്കയെ താഴെയെത്തിച്ചു. ഇതിനിടെ കാക്കയെ രക്ഷിക്കാൻ മറ്റു കാക്കകളും എത്തിയിരുന്നു. അപായപ്പെടുത്താനാണെന്നുകരുതി കാക്കകൾ ഫയർഫോഴ്‌സ്‌ സംഘത്തിനെതിരെയും തിരിഞ്ഞു. എന്നാൽ, കനത്തമഴ വകവയ്‌ക്കാതെ കാക്കയെ രക്ഷപ്പെടുത്താൻ ശ്രമം തുടർന്നു. അവസാനം താഴെയെത്തിച്ച കാക്കയുടെ ചിറകിൽനിന്ന്‌ നൂലുകൾ അഴിച്ചുമാറ്റി പറത്തി വിടുകയായിരുന്നു. പുതുജീവൻ ലഭിച്ച സന്തോഷത്തോടെ നാട്ടുകാരുടെ ഹർഷാരവങ്ങൾക്കിടയിൽ കാക്ക ഉയരങ്ങളിലേക്ക് പറന്നു. ഫയർമാൻമാരായ വിമൽകുമാർ, ജിമ്മി, ഫയർ ഡ്രൈവർ ഷജീർ എന്നിവരും രക്ഷാസംഘത്തിലുണ്ടായി.  
 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top