23 September Wednesday

അതിർത്തികടന്ന്‌ നിരവധി പേർ; വിടാതെ ആശങ്ക

സ്വന്തം ലേഖകൻUpdated: Tuesday Aug 11, 2020

 

കൊല്ലം
ഓൺലൈൻ പാസ്‌ എടുത്ത്‌ തമിഴ്‌നാട്ടിൽനിന്ന്‌ ആര്യങ്കാവ്‌ ചെക്ക്‌ പോസ്‌റ്റ്‌ വഴി കേരളത്തിലേക്ക്‌ കടക്കുന്നത്‌ നിരവധിപേർ. എന്നാൽ ഇവർ കോവിഡ്‌ രോഗബാധിതരാണോ എന്നു പരിശോധിക്കാൻ സംവിധാനമില്ലാത്തത്‌ രോഗപകർച്ചയ്‌ക്ക്‌ ഇടയാക്കുമോ എന്നാണ്‌ ആശങ്ക. പനിക്കുള്ള മരുന്ന്‌ കഴിച്ചാണ്‌ പലരും അതിർത്തി കടക്കാനെത്തുന്നത്‌ എന്നതിനാൽ തെർമൽ സ്‌കാനിങ് നടത്തിയാലും പനിയുണ്ടോന്ന്‌ കണ്ടെത്താൻ സാധിക്കുന്നില്ലെന്ന്‌ ആരോഗ്യ പ്രവർത്തകർ പറയുന്നു. 
മെയ്‌ രണ്ടിന്‌ തുടങ്ങിയ ആര്യങ്കാവ്‌ ചെക്ക്‌ പോസ്റ്റിലെ സ്‌ക്രീനിങ് പോയിന്റിലൂടെ ഇതിനകം ജില്ലയിലേക്ക്‌ കടന്നത്‌ 21,500 പേരാണ്‌. ഇതിൽ ഏകദേശം 13,000 പേരും തമിഴ്‌നാട്ടുകാരാണ്‌. ഇവരിൽ തെർമൽ സ്‌കാനിങ്‌‌ പരിശോധനയിലൂടെ കണ്ടെത്തിയ പനി ബാധിതർ പത്തിൽ താഴെയാണെന്ന്‌  സ്‌ക്രീനിങ് പോയിന്റിനു നേതൃത്വം നൽകുന്ന ജില്ലാ മലേറിയ ഓഫീസർ ഷാജിലാൽ പറഞ്ഞു. ഇത്രയും പേർ ഈ സ്ഥിതിയിലും അതിർത്തി കടന്നു എന്നത്‌ അതിശയപ്പെടുത്തുന്നതാണെന്ന്‌ പൊലീസും ആരോഗ്യപ്രവർത്തകരും ചൂണ്ടിക്കാട്ടുന്നു.  
വ്യാപാര സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും മേൽവിലാസത്തിലാണ്‌ പലരും എത്തുന്നത്‌. ഹോട്ടൽ, ബേക്കറി ബോർമ, ഫാമുകൾ, തോട്ടങ്ങൾ, വ്യാപാര, നിർമാണ മേഖല എന്നിവിടങ്ങളിലെ ജോലിക്കായി എത്തിയവരാണ്‌ ഏറെയും. ഇവരുടെ കൈവശം കോവിഡ്‌ ബാധിതരല്ല എന്നു തെളിയിക്കുന്ന രേഖകളൊന്നുമില്ല. തൊഴിൽ തേടിപ്പോകുന്ന സ്ഥലങ്ങളിൽ ഇവർക്ക്‌ താമസിക്കാൻ സൗകര്യമുണ്ടോയെന്നും ഉറപ്പില്ല. 
എന്നാൽ, ഓൺലൈൻ പാസോടെ എത്തുന്നവരെ ചെക്ക്‌ പോസ്‌റ്റിൽ തടഞ്ഞുവയ്‌ക്കാൻ കഴിയില്ലെന്നും പൊലീസ്‌ പറഞ്ഞു. അതിർത്തി കടന്നവരിൽ സംസ്ഥാനത്ത്‌ നിയമവിരുദ്ധമായ ഭിക്ഷാടനത്തിൽ ഏർപ്പെടുന്നവരുമുണ്ട്‌.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top