23 September Wednesday

മീൻവണ്ടിയായി മിനുങ്ങും ആനവണ്ടികൾ

സ്വന്തം ലേഖികUpdated: Tuesday Aug 11, 2020
കൊല്ലം 
കെഎസ്‌ആർടിസി ബസുകളിൽ ഇനിയത്ര ‘ഓർഡിനറി’അല്ലാത്ത കാര്യങ്ങളും നടക്കും. ടിക്കറ്റെടുക്കാതെ ബസിനുള്ളിൽ കയറാം. പെടയ്ക്കണ മീൻവാങ്ങി ഇറങ്ങാം. പഴക്കംചെന്ന ബസുകൾ രൂപമാറ്റം വരുത്തി ഫിഷ്‌ ബൂത്താക്കാൻ ഒരുങ്ങുകയാണ് മത്സ്യഫെഡ്‌. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ കെഎസ്‌ആർടിസി ഡിപ്പോകളിലെ പഴയ ബസുകളാണ്‌ ഇതിനായി ഉപയോഗിക്കുക‌. ഉപഭോക്താക്കൾക്ക്‌ ശുദ്ധമായ മത്സ്യം ലഭ്യമാക്കുകയാണ്‌ ലക്ഷ്യം. ഇതു‌ സംബന്ധിച്ച കരാർ ഉടൻ കെഎസ്‌ആർടിസിയുമായി ഒപ്പുവയ്‌ക്കും. 
നിശ്ചിത വാടകയ്‌ക്കാണ്‌ ബസ്‌ ഇതിനായി വിട്ടുനൽകുക. സംസ്ഥാനത്ത്‌ 93 ഡിപ്പോകളാണുള്ളത്. ആദ്യഘട്ടത്തിൽ 10 ഡിപ്പോയിലെ 10 ബസുകളിൽ ‌ബൂത്ത്‌ സ്ഥാപിക്കുകയാണ്‌‌ ലക്ഷ്യം. തമ്പാനൂർ, കിഴക്കേക്കോട്ട എന്നിവിടങ്ങളിലാകും തുടക്കം. ഇവയെ മാതൃകയാക്കി മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും. തിരക്കേറിയ ഡിപ്പോകൾ കേന്ദ്രീകരിച്ചാകും ബൂത്തുകൾ തുടങ്ങുക. നിലവിൽ ഫെഡിന്റെ ബൂത്ത്‌ പ്രവർത്തിക്കുന്ന ഇടങ്ങൾ ഒഴിവാക്കും. 
ഓണത്തിനു‌ മുമ്പ്‌ കുറഞ്ഞത്‌ 50 ബസുകളിൽ ബൂത്ത്‌ തുടങ്ങുകയാണ്‌‌ ലക്ഷ്യം. വിപണനരംഗത്ത്‌ കുതിച്ചുചാട്ടം നടത്തുക എന്ന ലക്ഷ്യത്തോടെ സഹകരണ ബാങ്കുകളുമായി സഹകരിച്ചും‌ ഫിഷ്‌ ബൂത്തുകൾ തുടങ്ങാൻ ധാരണയായിട്ടുണ്ട്‌. കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ എന്നിവിടങ്ങളിലെ 15 സഹകരണ ബാങ്കുകൾ ഇതിനു‌ സന്നദ്ധത അറിയിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top