12 August Wednesday

ആസിഡ്‌ ആക്രമണം: സിപിഐ എം നേതാവിനും ബന്ധുവിനും പൊള്ളലേറ്റു

വെബ് ഡെസ്‌ക്‌Updated: Saturday Jul 11, 2020
പത്തനാപുരം
സിപിഐ എം നേതാവിനും ബന്ധുവിനും നേരെ അയൽവാസി ആസിഡ്‌ ഒഴിച്ചു.  കർഷകസംഘം പത്തനാപുരം ഏരിയ സെക്രട്ടറിയും സിപിഐ എം ഏരിയ കമ്മിറ്റി അംഗവുമായ തലവൂർ നടുത്തേരി മീരാഭവനിൽ പി ജി വാസുദേവൻ ഉണ്ണിയുടെയും ബന്ധു അജിത്തിന്റെയും ദേഹത്താണ്‌ അയൽവാസി ഗീവർ​ഗീസ് (കുഞ്ഞുമോൻ –-60) റബർപാൽ ഉറചെയ്യുന്ന ആസിഡ് ഒഴിച്ചത്. പ്രതിയെ കുന്നിക്കോട് പൊലീസ് അറസ്റ്റ്ചെയ്തു. വാസുദേവൻ ഉണ്ണിയുടെ മുഖവും ശരീരവും പൊള്ളി. ഇരുവരും കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. 
വെള്ളിയാഴ്ച പുലർച്ചെ രണ്ടിനാണ് സംഭവം. വാസുദേവൻ ഉണ്ണിയും അജിത്തും കന്നുകാലി ഫാം ഉടമകളാണ്‌. ഇവരുടെ ഫാമിലേക്ക് കൊണ്ടുവരുന്ന കാലിത്തീറ്റയിൽ ആരോ രാത്രിയിൽ വിഷംതളിക്കുന്നതും ഫാമിലെ വാഹനത്തിനു കേടപാട് വരുത്തുന്നതും പതിവായിരുന്നു. വെള്ളിയാഴ്ച പശുവിനെ കറക്കാൻ  ഉണർന്ന അജിത് ഫാമിനു മുന്നിലുണ്ടായിരുന്ന കാലിത്തീറ്റ ലോറിയുടെ മുകളിൽ ആരോ നിൽക്കുന്നതായി കണ്ടു.  അജിത് ഈ വിവരം വാസുദേവൻ ഉണ്ണിയെ വിളിച്ച്‌ അറിയിച്ചു.  കാലിത്തീറ്റയും വാഹനവും നശിപ്പിച്ച്‌ അയൽവാസിയായ കുഞ്ഞുമോൻ വാഹനത്തിനു മുകളിൽ നിൽക്കുന്നതാണ്‌ ഇരുവരും കണ്ടത്‌.  ഇറങ്ങാൻ പറയുന്നതിനിടെ കൈയിൽ സൂക്ഷിച്ചിരുന്ന ആസിഡ് ഇരുവരുടെയും ശരീരത്തിൽ ഒഴിച്ചു. 
ആശുപത്രിയിൽ ചികിത്സയിലുള്ള ഇരുവരെയും കർഷകസംഘം ജില്ലാ പ്രസിഡന്റ്‌ ബിജു കെ മാത്യു,  സെക്രട്ടറി ബാൾഡുവിന്‍, സിപിഐ എം ഏരിയ സെക്രട്ടറി എൻ ജഗദീശൻ,  ബി അജയകുമാർ, എം മീരാപ്പിള്ള, സുരേഷ് കുമാർ, എ ബി അൻസാർ എന്നിവർ സന്ദർശിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top