19 September Thursday

54 ഗ്രാം എംഡിഎംഎയുമായി 
2 യുവാക്കൾ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Jun 11, 2023
കൊട്ടിയം
ബംഗളൂരുവിൽനിന്ന്‌ എംഡിഎംഎയുമായി വന്ന വ്യത്യസ്ത സംഘങ്ങളിൽപ്പെട്ട രണ്ട്‌ യുവാക്കളെ കൊട്ടിയത്ത് പൊലീസ് പിടികൂടി. കിളികൊല്ലൂർ മങ്ങാട് മുന്തോളിമുക്ക് നിഖിൽ വില്ലയിൽ താമസിക്കുന്ന ശക്തികുളങ്ങര സ്വദേശി നിഖിൽ സുരേഷ് (30), ഉമയനല്ലൂർ പറക്കുളം വലിയവിള വീട്ടിൽ മൻസൂർ (31)എന്നിവരാണ് അന്തർസംസ്ഥാന സർവീസ്‌ നടത്തുന്ന സ്വകാര്യ ബസിൽനിന്ന്‌ പിടിയിലായത്. ഒരാൾ വസ്ത്രത്തിനുള്ളിലെ പ്രത്യേക അറയിലും മറ്റൊരാൾ മലദ്വാരത്തിലുമാണ് എംഡിഎംഎ ഒളിപ്പിച്ചിരുന്നത്. ഗള്‍ഫില്‍ ജോലിചെയ്തുവന്ന നിഖില്‍ സുരേഷ് മൂന്നു മാസം മുമ്പാണ് നാട്ടിലെത്തിയത്. ഇയാള്‍ സ്ഥിരമായി എംഡിഎംഎ ഉപയോഗിക്കുന്നയാളാണ്. ദേഹപരിശോധന നടത്തിയപ്പോള്‍ വസ്ത്രത്തിനുള്ളില്‍ പ്രത്യേക അറയില്‍ ഒളിപ്പിച്ച നിലയില്‍ 27ഗ്രാം എംഡിഎംഎ പൊലീസ് കണ്ടെത്തുകയായിരുന്നു. ബംഗളൂരുവിൽനിന്ന്‌ പെണ്‍സുഹൃത്തിന്റെ സഹായത്തോടെയാണ് നിഖിലിന് ലഹരിമരുന്ന്‌ ലഭിച്ചത്.
ഇതേ ബസിലെത്തിയ മന്‍സൂര്‍ റഹീമിനെ വിശദമായി പരിശോധിച്ചെങ്കിലും എംഡിഎംഎ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് വിശദമായി ചോദ്യംചെയ്തപ്പോഴാണ് എംഡിഎംഎ മലദ്വാരത്തില്‍ കടത്തുന്നതിനെകുറിച്ച് വിവരം ലഭിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കൊല്ലം ജില്ലാ ആശുപത്രിയിലെത്തിച്ച് എനിമ കൊടുത്താണ് മലദ്വാരത്തിനുള്ളില്‍ ഏഴ് ഗർഭനിരോധന ഉറകളിൽ ഒളിപ്പിച്ച 27.40 ഗ്രാം എംഡിഎംഎ പുറത്തെടുത്തത്.  കേരളത്തില്‍തന്നെ ആദ്യമായാണ് ഒരാള്‍ ഇത്തരത്തില്‍ മയക്കുമരുന്ന് കടത്തി പൊലീസ് പിടിയിലാകുന്നത്. ബസിൽവച്ചാണ് പരിചയപ്പെട്ടതെന്ന്‌ ഇരുവരും പൊലീസിനോട് പറഞ്ഞു. ജില്ലാ പൊലീസ് മേധാവിക്ക്‌ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊല്ലം സിറ്റി ഡാന്‍സാഫ് ടീമിന്റെ നിരീക്ഷണത്തിലായിരുന്നു ഇരുവരും. പിടികൂടിയ എംഡിഎംഎ സ്കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്ക് ചില്ലറ വില്‍പ്പനയ്ക്കായി എത്തിച്ചതാണെന്ന് പ്രതികൾ പൊലീസിനോട് സമ്മതിച്ചു. കഴിഞ്ഞ ഏതാനും ദിവസം മുമ്പ് മയക്കുമരുന്നുമായി സിറ്റി ഡാൻസാഫ് ടീമിന്റെ പിടിയിലായ ഒരാളിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. പിടികൂടിയ മയക്കുമരുന്നിന് വിപണിയിൽ ലക്ഷങ്ങൾ വിലവരും. പൊലീസ് പ്രതികളെ വിശദമായി ചോദ്യംചെയ്തു വരികയാണ്. സിറ്റി ജില്ലാ ഡാന്‍സാഫ് ടീമും ചാത്തന്നൂര്‍, കൊട്ടിയം, കണ്ണനല്ലൂര്‍ പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. ഡിസ്ട്രിക് ആന്റി നര്‍ക്കോട്ടിക് ഫോഴ്സിന്റെ ചുമതലയുള്ള അസിസ്റ്റന്റ്‌ കമീഷണര്‍ സക്കറിയ മാത്യൂ, ഡിസ്ട്രിക് സ്പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ്‌ കമീഷണര്‍ ഡോ. ജോസ്,  ചാത്തന്നൂര്‍ അസിസ്റ്റന്റ്‌ കമീഷണര്‍ ബി ഗോപകുമാര്‍, ഇന്‍സ്പെക്ടര്‍മാരായ ശിവകുമാര്‍, ജയകുമാര്‍, വിനോദ്, സ്പെഷ്യല്‍ ബ്രാഞ്ച് എസ്ഐ ജയകുമാര്‍, എസ്ഐമാരായ അരുണ്‍ഷാ, ആശ വി രേഖ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top