20 May Monday

‘സ്വർണക്കൊക്കുകൾ’ വീണ്ടും ചിറകുവിരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday May 11, 2019
കടയ്ക്കൽ
ജപ്പാനിൽ ആണവയുദ്ധം വിതച്ച ദുരിതങ്ങളെ അനാവരണം ചെയ്ത ഡോ. വയലാ വാസുദേവൻപിള്ളയുടെ സ്വർണക്കൊക്കുകൾ എന്ന നാടകം കുട്ടികൾ വീണ്ടും അരങ്ങിലെത്തിച്ചു. വയല കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വയലാ വാസുദേവൻ പിള്ള ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വയല ജിഎച്ച്എസ്എസിൽ നടന്ന പത്തു ദിവസത്തെ നാടക ക്യാമ്പിന്റെ സമാപന വേദിയിലാണ് കുട്ടികൾ നാടകം അവതരിപ്പിച്ചത്.  
നാടകപ്രവർത്തകൻ റജു ശിവദാസ‌് ക്യാമ്പിന് നേതൃത്വം നൽകി.  ആണവായുധ പ്രയോഗത്തിലൂടെ വിഷാണുബാധയേറ്റ സഡാക്കോ എന്ന പെൺകുട്ടി രോഗത്തെ അതിജീവിക്കാൻ ആയിരം സ്വർണക്കൊക്കുകൾ നിർമിക്കാൻ ശ്രമിക്കുന്നതും ഉദ്യമം പൂർത്തിയാക്കാനാകാതെ മരണത്തിന് കീഴടങ്ങുന്നതുമാണ‌്  നാടകത്തിന്റെ ഇതിവൃത്തം.  സ്കൂൾ ഓഫ് ഡ്രാമയിലും ജപ്പാനിലും സ്വർണക്കൊക്കുകൾ എന്ന നാടകം അവതരിപ്പിച്ച നടൻ ദേവേന്ദ്രനാഥ് പങ്കെടുത്ത വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണംചെയ്തു.  ഫൗണ്ടേഷൻ വൈസ് ചെയർമാൻ ബി ശിവദാസൻപിള്ള അധ്യക്ഷനായി. 
ഇട്ടിവ പഞ്ചായത്ത് പ്രസിഡന്റ് ജി ദിനേഷ് കുമാർ സമാപന സമ്മേളനം ഉദ്ഘാടനംചെയ്തു.  വയലാ ശശി, കലാ ജയരാജ്, കെ ജി വിജയകുമാർ, ജെ സി അനിൽ, ടി രാമചന്ദ്രൻപിള്ള, മാത്ര രവി തുടങ്ങിയവർ സംസാരിച്ചു.
 
പ്രധാന വാർത്തകൾ
 Top