25 June Tuesday

"പ്രളയശേഷം ഹൃദയപക്ഷം' ഉദ്ഘാടന ചിത്രം അതിജീവനം: ഡോക്യുമെന്ററി ഫെസ്റ്റിവല്‍ നാളെ തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Monday Feb 11, 2019

  

കൊല്ലം
ചരിത്രത്തിൽ ഇടംനേടിയവരുടെ ജീവിതങ്ങൾ അടയാളപ്പെടുത്തുന്നതും സമകാലിക കേരളത്തിന്റെ മുഖം അനാവരണം ചെയ്യുന്നതുമായ 16 ഡോക്യുമെന്ററികൾ ഉൾപ്പെടുത്തിയ അതിജീവനം ഡോക്യുമെന്ററി ഫെസ്റ്റിവലിനു ചൊവ്വാഴ്ച  തുടക്കമാകും. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് നിർമിച്ച ഡോക്യുമെന്ററികളാണ് സി കേശവൻ സ്മാരക ടൗൺ ഹാളിൽ രണ്ടു ദിവസം നടക്കുന്ന മേളയിൽ പ്രദർശിപ്പിക്കുക. പ്രളയശേഷമുള്ള കേരളത്തിന്റെ അതിജീവന നാളുകളിലൂടെ കടന്നു പോകുന്ന ഉദ്ഘാടന ചിത്രമായ ‘പ്രളയശേഷം ഹൃദയപക്ഷം’ എം വേണുകുമാറാണ് സംവിധാനം ചെയ്തത്. രാവിലെ പത്തിനാണ് പ്രദർശനം. 
ചൊവ്വാഴ്ച പകൽ 10.30ന് പിതാവിന്റെ ശ്രേഷ്ഠ ജീവിതം അടയാളപ്പെടുത്തുന്ന ഡോക്യുമെന്ററി നീലൻ സംവിധാനം ചെയ്ത പ്രേംജി പ്രദർശിപ്പിക്കും. 12ന‌് ടി വി ചന്ദ്രൻ സംവിധാനം ചെയ്ത രാമുകാര്യാട്ടിന്റെ ജീവിതം കാണാം. 12.45 ന് ഓപ്പൺ ഫോറം. പകൽ 2.30ന് ആർ ജയരാജ് സംവിധാനം ചെയ്ത കടമ്മനിട്ടയുടെ ജീവിതം പ്രതിപാദിക്കുന്ന കടമ്മൻ പ്രകൃതിയുടെ പടയണിക്കാരൻ. 3.15ന്  ടി ആർ പ്രിയനന്ദനൻ സംവിധാനം ചെയ്ത വൈലോപ്പിള്ളി ഒരു കാവ്യജീവിതം പ്രദർശിപ്പിക്കും. 3.45ന് രാജീവ്‌നാഥ് സംവിധാനം ചെയ്ത പി പത്മരാജൻ മലയാളത്തിന്റെ ഗന്ധർവൻ കാണാം. നെയ്യാറ്റിൻകര വാസുദേവന്റെ ജീവിതം അനാവരണം ചെയ്യുന്ന രാഗം മണിരംഗ് ടി കെ രാജീവ് കുമാറാണ് സംവിധാനം ചെയ്തത് - പ്രദർശനം വൈകിട്ട് 4.15ന്.ബുധനാഴ‌്ച  രാവിലെ പത്തിന് എം ജി ശശി സംവിധാനം ചെയ്ത അഴീക്കോട് മാഷ് പ്രദർശിപ്പിക്കും. പകൽ 10.45 ന് വിനോദ് മങ്കരയുടെ ക്ഷേത്രപ്രവേശന വിളംബരം സമര വിജയവീഥികൾ. കെ പി കുമാരൻ സംവിധാനം ചെയ്ത സി വി രാമൻപിള്ള  11.15നും എം പി സുകുമാരൻ നായരുടെ പൊൻകുന്നം വർക്കി 11.45നും പ്രദർശിപ്പിക്കും. 12.15ന് എൻ പി മുഹമ്മദിന്റെ ജീവിതം ആസ്പദമാക്കി പി ടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്ത ഡോക്യുമെന്ററി കാണാം. 12.45ന് ഓപ്പൺ ഫോറം. 
പകൽ രണ്ടിന് വി ആർ ഗോപിനാഥ് സംവിധാനം ചെയ്ത ദേവനായകൻ പ്രേംനസീർ. 2.45ന് കെ ജി ജോർജ‌് സംവിധാനം ചെയ്ത വള്ളത്തോൾ മഹാകവി . 3.30ന് കെ മധുപാൽ സംവിധാനം ചെയ്ത പ്രെഫ. എം കെ സാനു . വൈകിട്ട് 4.15ന് കാഥികൻ വി  സാംബശിവന്റെ ജീവിതം അടയാളപ്പെടുത്തുന്ന പി ബാലചന്ദ്രൻ സംവിധാനം ചെയ്ത കഥാകഥനത്തിന്റെ രാജശിൽപ്പിയുടെ പ്രദർശനത്തോടെ ഫെസ്റ്റിവലിനു തിരശീല വീഴും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top