28 November Sunday

പഞ്ചായത്ത്‌ അംഗത്തെ ആക്രമിച്ച ബിഎസ്‌എഫുകാരൻ റിമാൻഡിൽ

വെബ് ഡെസ്‌ക്‌Updated: Sunday Oct 10, 2021
ചാത്തന്നൂർ
പൊതുസ്ഥലത്ത് അസഭ്യം പറയുന്നത്‌ വിലക്കിയ പഞ്ചായത്ത് അംഗത്തെ ആക്രമിച്ച സംഭവത്തിൽ ഒളിവിലായിരുന്ന അർധസൈനികൻ അറസ്റ്റിൽ. കല്ലുവാതുക്കൽ വേളമാനൂർ പൂവത്തൂർ ആശാഭവനിൽ അനീഷ്‌കുമാർ (35) ആണ് പാരിപ്പള്ളി പൊലീസിന്റെ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 
ബിഎസ്എഫ് ഉദ്യോഗസ്ഥനായ പ്രതി ആഴ്ചകൾക്ക് മുമ്പാണ് അവധിക്ക്‌ നാട്ടിലെത്തിയത്. മദ്യപിച്ചെത്തിയ ഇയാൾ ഭാര്യയെയും മക്കളെയും ഉപദ്രവിച്ചു. ഭാര്യയെ പൊലീസ് സഹായത്തോടെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചു. ഭാര്യയുടെയും ബന്ധുക്കളുടെയും പരാതിയിൽ അനീഷിനെതിരെ സ്ത്രീധന പീഡന നിരോധന നിയമപ്രകാരം പൊലീസ് കേസെടുത്തു. വൈകുന്നേരത്തോടെ വീണ്ടും മദ്യപിച്ച് പൂവത്തൂർ ജങ്‌ഷനിലെത്തി പരസ്യമായി തെറിവിളിച്ചു. 
സ്ഥലത്തെത്തിയ പഞ്ചായത്ത്‌ അംഗം ഹരീഷ് പൂവത്തൂർ ഇത്‌ വിലക്കി. ക്ഷുഭിതനായ അനീഷ് പഞ്ചായത്ത് അംഗത്തെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ച്‌  മർദിക്കുകയായിരുന്നു. ഹരീഷിന്റെ പരാതിയിൽ പട്ടികജാതി പീഡന നിരോധന നിയമ പ്രകാരം കേസെടുത്തു. 
ഒളിവിലായിരുന്ന പ്രതി ചടയമംഗലത്തുണ്ടെന്ന വിവരത്തെ തുടർന്ന് ചാത്തന്നൂർ അസിസ്റ്റന്റ്‌ പൊലീസ് കമീഷണർ ബി ഗോപകുമാറിന്റെ നേതൃത്വത്തിൽ പാരിപ്പള്ളി ഇൻസ്പെക്ടർ എ അൽ ജബ്ബാർ, സബ് ഇൻസ്പെക്ടർമാരായ സുരേഷ് കുമാർ, പ്രദീപ്, സിപിഒ സുഭാഷ് എന്നിവർ അടങ്ങിയ സംഘം   പിടികൂടുകയായിരുന്നു. കേസിനെ സംബന്ധിച്ച ചാത്തന്നൂർ അസിസ്റ്റന്റ്‌ കമീഷണർ ബിഎസ്എഫ് അധികൃതർക്ക് വിവരം കൈമാറി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top