19 September Saturday

എം സൈനുദീന് അന്ത്യാഞ്ജലി

സ്വന്തം ലേഖകന്‍Updated: Monday Aug 10, 2020
അഞ്ചൽ 
അടിയന്തരാവസ്ഥ തടവുകാരനും ആദ്യകാല സിപിഐ എം നേതാവുമായിരുന്ന തടിക്കാട്ടെ എം സൈനുദീന്‌ നാടിന്റെ അന്ത്യാഞ്ജലി.  കോവിഡ്‌ പ്രോട്ടോകോൾ പാലിച്ചായിരുന്നു സംസ്കാരവും പിന്നീട്‌ നടന്ന ഓൺലൈൻ അനുശോചന യോഗവും. 
അടിയന്തരാവസ്ഥയിൽ ആറുമാസം ജയിൽവാസം അനുഭവിച്ചു. അവിഭക്ത പത്തനാപുരം താലൂക്കിലെ  ആദ്യകാല  സിപിഐ എം നേതാവായിരുന്ന അദ്ദേഹം ഇടമുളയ്ക്കൽ ലോക്കൽ കമ്മിറ്റി വിഭജിച്ച് രൂപീകരിച്ച അറയ്ക്കൽ ലോക്കൽ കമ്മിറ്റിയുടെ ആദ്യ സെക്രട്ടറിയായിരുന്നു. ട്രേഡ് യൂണിയൻ സംഘടനകളുടെ നേതാവായിരുന്ന അദ്ദേഹത്തെ  ബ്യൂറോ സഖാവ് എന്നാണ് വിളിച്ചിരുന്നത്. കോൺഗ്രസ് മേൽക്കോയ്മയുണ്ടായിരുന്ന അറയ്ക്കൽ വില്ലേജ് പ്രദേശത്ത് ഇടതുപക്ഷ പ്രവർത്തകർക്കുനേരെയുള്ള  കോൺഗ്രസ്‌ അക്രമത്തെ നേരിടുന്നതിൽ മുന്നിൽനിന്നു. എം എ അഷ്റഫിനെ പോലുള്ള  യുവാക്കളെ സംഘടനയിലേക്കു കൊണ്ടുവന്ന് തടിക്കാട്ടിൽ സിപിഐ എം ശക്തിപെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ചു. അഷ്റഫ് കൊലചെയ്യപ്പെടുമ്പോഴും ലോക്കൽ സെക്രട്ടറിയായിരുന്നു. അഷ്റഫിന്റെ സ്മാരകം തടിക്കാട്ടിൽ നിർമിക്കുന്നതിലും അഷ്റഫിന്റെ കൊലയാളികൾക്ക് ശിക്ഷവാങ്ങിക്കൊടുക്കാവുന്ന വിധം കേസ് നടത്തിപ്പിലും മുന്നിൽനിന്നു. അറയ്ക്കൽ സർവീസ് സഹകരണബാങ്ക് ഭരണസമിതി അംഗമായും പ്രവർത്തിച്ചു.  സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്അംഗം എസ് ജയമോഹൻ,  ജില്ലാകമ്മറ്റിഅംഗം കെ ബാബുപണിക്കർ, അഞ്ചൽ ഏരിയ സെക്രട്ടറി ഡി വിശ്വസേനൻ, അഡ്വ. പി ലാലാജി ബാബു, പി അനിൽകുമാർ, വി എസ് സതീഷ്, പി രാജീവ് എന്നിവർ അന്ത്യാഞ്ജലി അർപ്പിച്ചു. ഓൺലൈൻ അനുശോചന യോഗത്തിൽ ജില്ലാസെക്രട്ടറി എസ് സുദേവൻ, സംസ്ഥാന കമ്മറ്റിഅംഗം കെ രാജഗോപാൽ, എസ് ജയമോഹൻ, ജോർജ്‌ മാത്യു, കെ ബാബുപണിക്കർ, പി അനിൽകുമാർ, പി രാജീവ് സംസാരിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top