11 December Wednesday

ജില്ലയെ മാലിന്യമുക്തമാക്കാന്‍ കര്‍മപദ്ധതിയുമായി കലക്ടര്‍

വെബ് ഡെസ്‌ക്‌Updated: Wednesday Jul 10, 2019
കൊല്ലം
ജില്ലയെ മാലിന്യമുക്തമാക്കാൻ കലക്ടർ ബി അബ്ദുൽ നാസറിന്റെ നേതൃത്വത്തിൽ കർമപദ്ധതിക്ക് രൂപരേഖയായി. തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. ഇതിനായി ജില്ലാതല   ഉദ്യോഗസ്ഥർക്കായി പ്രത്യേകയോഗം ചേർന്നു. ശുചീകരണ-മാലിന്യ നിർമാർജന  പ്രവർത്തനങ്ങൾക്ക് തുടർച്ചയുണ്ടാകണമെന്നും ഒന്നോ രണ്ടോ ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പയിനിൽ ഒതുക്കാതെ  തുടർച്ചയായി  പ്രവർത്തനങ്ങൾ നടത്തണമെന്നും  കലക്ടർ ആവശ്യപ്പെട്ടു. 
ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ചെറു യൂണിറ്റുകൾ രൂപീകരിക്കും. ജനപ്രതിനിധികൾ, സർക്കാർ ജീവനക്കാർ, വിദ്യാർഥികൾ, സ്‌കൗട്ട്-, എൻഎസ്എസ് വളന്റിയർമാർ, മുതിർന്ന പൗരന്മാർ, മത പുരോഹിതന്മാർ, സന്നദ്ധ സംഘടനകൾ തുടങ്ങിയവർ യൂണിറ്റിന്റെ ഭാഗമാകും. ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തും. 
 നഗരസഭയെ ആറുസോണുകളായി തിരിച്ചായിരിക്കും ശുചീകരണ പ്രവർത്തനങ്ങൾ. ഓരോ മുനിസിപ്പാലിറ്റിയും രണ്ടുവീതം സോണുകളായും പഞ്ചായത്തുകൾ ഓരോ സോണുകളായും തിരിക്കും. തദ്ദേശസ്ഥാപന ജനപ്രതിനിധികളുടെ മേൽനോട്ടത്തിലാകും ശുചീകരണം.  കുട്ടികളെ കേന്ദ്രീകരിച്ച് ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകും. മയക്കുമരുന്ന് ഉപയോഗം,  ആരോഗ്യ ബോധവൽക്കരണം,  ജലസംരക്ഷണം, ഗതാഗത ബോധവൽക്കരണം എന്നിവയും ചെറുയൂണിറ്റുകൾ വഴി നിർവഹിക്കും.
പ്രധാന വാർത്തകൾ
 Top