ചവറ
കിഴക്കൻ ആഫ്രിക്കൻ രാജ്യമായ റുവാണ്ടയിൽ യുവാവ് ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ബന്ധുവിനെതിരെ കൊലപാതകക്കുറ്റം ആരോപിച്ച് അച്ഛൻ ചവറ പൊലീസിൽ പരാതി നൽകി. ചവറ മേനാമ്പള്ളി പ്രജിത് ഭവനിൽ പ്രജിത്തിനെ (44)യാണ് താമസിച്ചിരുന്ന കെട്ടിടത്തിനു മുകളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. റുവാണ്ട പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രജിത്തിനോടൊപ്പം റുവാണ്ടയിലുണ്ടായിരുന്ന ബന്ധുവിനെതിരെയാണ് പ്രജിത്തിന്റെ അച്ഛൻ പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ആരോപണവിധേയനെ കഴിഞ്ഞ ദിവസം കരുനാഗപ്പള്ളി എസിപി സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചതായി ചവറ സിഐ നിസാമുദീൻ പറഞ്ഞു.
ഇവിടെ ലഭിച്ച പരാതിയുടെ വിവരങ്ങൾ എംബസി വഴി റുവാണ്ട പൊലീസിന് അയച്ചുകൊടുക്കുമെന്ന് സിഐ പറഞ്ഞു. മരിച്ച പ്രജിത് അവധി കഴിഞ്ഞ് ആറുമാസം മുമ്പാണ് റുവാണ്ടയിലേക്ക് മടങ്ങിപ്പോയത്. യുഎന്നിന്റെ നിർമാണജോലികൾ ചെയ്യുന്ന കരാറുകാരനായിരുന്നു പ്രജിത്. വിദ്യാഭ്യാസ വകുപ്പിൽനിന്നു റിട്ടയർ ചെയ്ത പ്രഭാകരൻപിള്ളയുടെയും വിജയമ്മയുടെയും മകനാണ്. മകന്റെ മരണത്തിന്റെ നിജസ്ഥിതി അറിയണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദേശമന്ത്രിക്ക് പ്രഭാകരൻപിള്ള പരാതി നൽകിയിട്ടുണ്ട്.