22 September Friday
ട്രോളിങ് നിരോധനം തുടങ്ങി

ആഴക്കടൽ മീൻപിടിത്തത്തിന്‌ 52നാൾ പൂട്ട്

സ്വന്തം ലേഖകൻUpdated: Saturday Jun 10, 2023

ട്രോളിങ്‌ നിരോധനം നിലവിൽ വന്നതിനെത്തുടർന്ന്‌ കുരീപ്പുഴ പാലത്തിനു സമീപത്തേക്കു മാറ്റിയിട്ടിരിക്കുന്ന മീൻപിടിത്തബോട്ടുകൾ

കൊല്ലം > ആഴക്കടൽ മീൻപിടിത്തത്തിന്‌ ചങ്ങലയിട്ട്‌ വെള്ളി അർധരാത്രി മുതൽ ട്രോളിങ്‌ നിരോധനത്തിനു തുടക്കമായി. ദേശീയപാത വികസനത്തിന്റെ ഭാഗമായി നീണ്ടകര പാലത്തിനു സമാന്തരമായി പാലം നിർമാണ പ്രവർത്തനം നടക്കുന്നതിനാൽ രാത്രി 12ന്‌ പ്രതീകാത്മകമായി ഫിഷറീസ്‌ ഉദ്യോഗസ്ഥർ ചങ്ങല ബന്ധിപ്പിച്ചായിരുന്നു ട്രോളിങ്‌ നിരോധനത്തിന്‌ ഔദ്യോഗിക ആരംഭം. മുൻവർഷങ്ങളിൽ നീണ്ടകര പാലത്തിന്റെ തൂണുകൾ ചങ്ങലയിട്ട്‌ ബന്ധിക്കുന്നതോടെയായിരുന്നു ജില്ലയിൽ നിരോധനം നിലവിൽ വരിക. ഈ പതിവിനാണ്‌ ഇക്കുറി മാറ്റംവന്നിരിക്കുന്നത്‌. ജൂലൈ 31ന് അർധരാത്രിവരെ 52 ദിവസമാണ്‌ നിയന്ത്രണം. 
 
ട്രോളിങ്‌ നിലവിൽ വന്നതോടെ ഇതരസംസ്ഥാന ബോട്ടുകൾ അതത്‌ സ്ഥലങ്ങളിലേക്കു മടങ്ങി. നീണ്ടകര, തങ്കശ്ശേരി, അഴീക്കൽ തുറമുഖങ്ങൾ അടച്ചിടും. എന്നാൽ, ഇൻബോർഡ് വള്ളങ്ങൾ ഉൾപ്പെടെ പരമ്പരാഗത മീന്‍പിടിത്ത യാനങ്ങൾക്ക് നീണ്ടകര ഹാർബർ തുറന്നുകൊടുക്കും. ട്രോളിങ്‌ നിരോധനസമയത്തുള്ള പട്രോളിങ്ങിനും കടൽസംരക്ഷണ പ്രവർത്തനങ്ങൾക്കുമായി മൂന്ന് സ്വകാര്യ ബോട്ടടക്കം നാല് ബോട്ടിന്റെ സേവനം ലഭ്യമാക്കിയിട്ടുണ്ട്‌. ഗോവയിലടക്കം പരിശീലനം ലഭിച്ച 14 മത്സ്യത്തൊഴിലാളി യുവാക്കളെ കടൽ രക്ഷാപ്രവർത്തനങ്ങൾക്ക്‌ നിയോഗിച്ചു‌. ഹാർബറിലും ലാൻഡിങ് സെന്ററുകളിലുമുള്ള പെട്രോൾ ബങ്കുകൾ നിരോധന കാലയളവിൽ പ്രവർത്തിക്കില്ല. ജില്ലയിൽ 1200 ബോട്ടാണ്‌ പ്രവർത്തിക്കുന്നത്‌. നിരോധനം ബാധകമല്ലാത്ത ഇൻ ബോർഡ് വള്ളങ്ങൾക്കും ചെറിയ യാനങ്ങൾക്കും മീൻപിടിത്തത്തിനു പോകാൻ ശക്തികുളങ്ങരയിലെയും നീണ്ടകരയിലെയും മത്സ്യഫെഡ് ബങ്കുകളും അഴീക്കലിലെ ബങ്കുകളും പ്രവർത്തിക്കും. 
 
നിരോധിത കാലയളവിൽ ഇൻബോർഡ്‌ വള്ളങ്ങൾക്കൊപ്പം ഒരു കാരിയർ വള്ളംമാത്രമേ അനുവദിക്കൂ. നീണ്ടകര, അഴീക്കൽ, തങ്കശ്ശേരി എന്നിവിടങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചു. കടൽരക്ഷാപ്രവർത്തനങ്ങളിൽ ഫിഷറീസ്‌ വകുപ്പ്‌, മറൈൻ എൻഫോഴ്‌സ്‌മെന്റ്‌, കോസ്റ്റൽ  പൊലീസ്‌ എന്നിവ രംഗത്തുണ്ട്‌. ആവശ്യമായാൽ കോസ്റ്റ്ഗാർഡിന്റെയടക്കം സേവനവും ഉറപ്പാക്കും.
 
സൗജന്യറേഷൻ ഉറപ്പാക്കി സർക്കാർ
 
ട്രോളിങ്‌ കാലത്ത്‌ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക്‌ സൗജന്യറേഷൻ ഉറപ്പാക്കി സംസ്ഥാന സർക്കാർ. മഞ്ഞക്കാർഡിന്‌ ഒരു കുടുംബത്തിനു റേഷൻകടവഴി ഒരു മാസം 30കിലോ അരിയും അഞ്ച്‌ കിലോ ഗോതമ്പും ലഭിക്കും. ഇതുകൂടാതെ പിഎംജികെവൈ വഴി കുടുംബത്തിലെ ഓരോ അംഗത്തിനും അഞ്ച്‌ കിലോ അരിവീതവും ലഭിക്കുന്നുണ്ട്‌. പിങ്ക്‌ കാർഡിന്‌ കുടുംബത്തിലെ ഓരോ അംഗത്തിനും നാല്‌ കിലോ അരിയും ഒരു കിലോ ഗോതമ്പും സിവിൽ സപ്ലൈസ്‌ നൽകിവരുന്നു.

മീന്‍പിടിത്തത്തിൽ ഏർപ്പെടുന്ന തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കും സൗജന്യറേഷൻ മുടങ്ങാതെ ലഭിക്കാനും നടപടിയുണ്ടാകും.പഞ്ഞമാസങ്ങളിൽ ഫിഷറീസ്‌ വകുപ്പ്‌ വിതരണംചെയ്യുന്ന സമാശ്വാസ ധനസഹായവും ട്രോളിങ്‌ കാലത്ത്‌ യന്ത്രവൽകൃത മീൻപിടിത്ത തൊഴിലാളികൾക്ക്‌ താങ്ങാകും. ജില്ലയിൽ കൈപ്പറ്റുന്നത്‌ ക്ഷേമനിധി അംഗത്വമുള്ള 24,815 മത്സ്യത്തൊഴിലാളികളാണ്‌. 28 മറൈൻ ഗ്രാമങ്ങളിലെ 22,392 പേർക്കും 26 ഉൾനാടൻ ഗ്രാമങ്ങളിലെ 2423 മത്സ്യത്തൊഴിലാളികൾക്കുമാണ്‌ പഞ്ഞമാസ ആശ്വാസപദ്ധതി പ്രകാരമുള്ള 4500രൂപ ലഭിക്കുന്നത്‌. 1500രൂപവീതം മൂന്നുഘട്ടങ്ങളിലായാണ്‌ വിതരണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top