കൊല്ലം
"ട്രോളിങ് നിരോധനസമയത്ത് നേരത്തെ ഏറെ ബുദ്ധിമുട്ടുകളായിരുന്നു. ഇന്നിപ്പോൾ അങ്ങനെയല്ല. നാളെമുതൽ ഞങ്ങൾ പരമ്പരാഗത മീൻപിടിത്തത്തിന്റെ ഭാഗമാകും’–- യന്ത്രവൽക്കൃത മീൻപിടിത്ത യാനങ്ങളിൽ ജോലിചെയ്തിരുന്ന അഴീക്കൽ ഹാർബറിലെ തൊഴിലാളികളായ സജീവൻ, പ്രഭുരാജൻ എന്നിവരുടെ വാക്കുകളാണിത്. ശക്തികുളങ്ങര, നീണ്ടകര, അഴീക്കൽ ഹാർബറുകളിലെ യന്ത്രവൽക്കൃത ബോട്ടുകളിൽ ആഴക്കടൽ മീൻപിടിത്തം നടത്തിയിരുന്ന മിക്ക തൊഴിലാളികൾക്കും ട്രോളിങ് നിരോധനമുള്ള 52ദിവസവും ആശ്രയമാകുന്നത് തങ്കശ്ശേരി, വാടി, മൂതാക്കര, പോർട്ട് കൊല്ലം, പള്ളിത്തോട്ടം എന്നീ മത്സ്യഗ്രാമങ്ങളാണ്.
ഇവരുടെ വരവ് പരമ്പരാഗത മീൻപിടിത്തമേഖലയ്ക്കും ആശ്വാസമാകും. നിലവിൽ പരമ്പരാഗത മീൻപിടിത്തമേഖലയിൽ ജോലിചെയ്യുന്ന തൊഴിലാളികളുടെ എണ്ണത്തിൽ വലിയ കുറവാണുള്ളത്. ഈ സാഹചര്യത്തിലാണ് യന്ത്രവൽക്കൃത ബോട്ടുകളിലെ തൊഴിലാളികൾ മേഖലയിലേക്ക് കടന്നുവരുന്നത്. കൂടുതൽ മത്സ്യം ലഭിക്കുന്നതിനും പിടിച്ചുകൊണ്ടുവരുന്ന മീന് നല്ല വില ലഭിക്കുന്നതിനും ഇത് വഴിതെളിക്കുമെന്നാണ് തൊഴിലാളികൾ പറയുന്നത്.
‘ ഈ അമ്പത്തിരണ്ട് ദിവസത്തെ വരുമാനമാണ് ഒരുവർഷം ഞങ്ങൾക്ക് ആശ്വാസമാകുന്നത്. ഒരുവർഷത്തെ സാമ്പത്തിക പ്രയാസങ്ങളും ബുദ്ധിമുട്ടുകളും മാറിക്കിട്ടും’– -വാടി കടപ്പുറത്ത് വല തയ്യാറാക്കുന്ന ജോസഫ്, എബ്രഹാം, അനിൽ, ആന്റണി, പത്രോസ്, ജോൺ, ജയിംസ് എന്നീ മത്സ്യത്തൊഴിലാളികളുടെ വാക്കുകളാണിത്. ഇൻബോർഡ് എൻജിൻ ഉപയോഗിക്കുന്ന വലിയ വള്ളങ്ങൾ, ഔട്ട്‌ബോർഡ് എൻജിൻ ഉപയോഗിക്കുന്ന ചെറിയ വള്ളങ്ങൾ എന്നിങ്ങനെ രണ്ടുതരത്തിലാണ് പരമ്പരാഗത മീൻപിടിത്തം നടത്തുന്നത്. കടലിന്റെ ഉപരിതലത്തിൽനിന്നാണ് ഈ വള്ളങ്ങളിൽ മീൻപിടിക്കുന്നത്. ഇത് മത്സ്യങ്ങളുടെ ആവാസവ്യവസ്ഥയ്‌ക്കും പ്രജനനത്തിനും തടസ്സമാകുന്നില്ല. മത്സ്യങ്ങളുടെ പ്രജനനകാലം പരിഗണിച്ചാണ് 1988 മുതൽ കേരളത്തിൽ ട്രോളിങ് നിരോധനം നടപ്പാക്കിയത്. തെറ്റിദ്ധാരണയെ തുടർന്ന് ആദ്യകാലത്ത് മത്സ്യത്തൊഴിലാളികൾ നിരോധനത്തെ എതിർത്തിരുന്നു. എന്നാൽ, ട്രോളിങ് നിരോധനം മത്സ്യസമ്പത്ത് വർധിപ്പിക്കുകയാണെന്ന് പിന്നീട് തൊഴിലാളികൾ തിരിച്ചറിഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..