കരുനാഗപ്പള്ളി
യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസിൽ ഗ്രൂപ്പ് പോര് മുറുകുന്നു. മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ കഴിഞ്ഞദിവസത്തെ ഐ ഗ്രൂപ്പ് യോഗത്തിനു പിന്നാലെ എ ഗ്രൂപ്പും കരുനാഗപ്പള്ളിയിൽ യോഗംചേർന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അസുഖബാധിതനായതോടെ അദ്ദേഹത്തിന്റെ കൂടെനിൽക്കുന്നവരെ അവഗണിക്കാനുള്ള ശ്രമം കോൺഗ്രസ് പ്രവർത്തകരുടെ ഹൃദയത്തിൽ മുറിവുണ്ടാക്കുമെന്ന് മുതിർന്ന നേതാവ് പി ജെർമിയാസ് യോഗത്തിൽ പറഞ്ഞു. ഗ്രൂപ്പ് ഇല്ലാതാക്കാൻ വന്ന നേതാക്കന്മാരുടെ ഗ്രൂപ്പ് യോഗമാണ് കൊല്ലത്ത് ആദ്യം നടന്നതെന്നും ചില നേതാക്കൾ സ്ഥാനങ്ങൾക്കായി ഒരു ദിവസം മൂന്ന് ഗ്രൂപ്പ് നേതാക്കളോടൊപ്പം സഞ്ചരിക്കുന്നതായും യോഗം കുറ്റപ്പെടുത്തി.
ഡിസിസി ജനറൽ സെക്രട്ടറിയും പുതിയകാവ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ കെ രാജശേഖരന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. ഹൗസ് ഫെഡ് ചെയർമാൻ ഇബ്രാഹിംകുട്ടി, ഓച്ചിറ ബ്ലോക്ക് കോൺഗ്രസ് മുൻ പ്രസിഡന്റ് നീലികളും സദാനന്ദൻ, ഡിസിസി സെക്രട്ടറി രമാ ഗോപാലകൃഷ്ണൻ, യുഡബ്ല്യുഇസി സംസ്ഥാന ജനറൽ സെക്രട്ടറി ബോബൻ ജി നാഥ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജി മഞ്ജുക്കുട്ടൻ, മഹിളാ കോൺഗ്രസ് നേതാവ് സുനിത സലിംകുമാർ, കെ എസ് പുരം സുധീർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ എസ് ജയകുമാർ, എൻ രമണൻ, കുറങ്ങപ്പള്ളി അശോകൻ, ഷെഫീഖ് കാട്ടയ്യം തുടങ്ങി 200പേർ യോഗത്തിൽ പങ്കെടുത്തു. ഉമ്മൻചാണ്ടിയെ അനുകൂലിക്കുന്ന എ വിഭാഗവും ഗ്രൂപ്പ് യോഗം ചേർന്നതോടെ യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ പോര് മുറുകുമെന്നുറപ്പായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..