25 July Sunday

കടലിൽ ലോക‍്ഡൗൺ; തിരക്കൊഴിഞ്ഞ് തീരം

വെബ് ഡെസ്‌ക്‌Updated: Thursday Jun 10, 2021

ട്രോളിങ്‌ നിരോധനത്തിനു മുന്നോടിയായി മത്സ്യബന്ധന ബോട്ടുകൾ തീരത്ത്‌ കെട്ടിയിടാൻ അടുപ്പിക്കുന്നു. 
നീണ്ടകര പാലത്തിന്റെ കിഴക്കുവശത്തുനിന്നുള്ള ദൃശ്യം

സ്വന്തംലേഖകൻ
ചവറ
സംസ്ഥാനത്ത് 52 ദിവസം നീണ്ടുനിൽക്കുന്ന ട്രോളിങ്‌ നിരോധനം തുടങ്ങി. ബുധനാഴ്ച അർധരാത്രി മുതൽ ജൂലൈ 31 അർധരാത്രിവരെയാണ്‌ ആഴക്കടൽ മത്സ്യബന്ധനത്തിന്‌  നിരോധനം. കടലിൽ പോയ ബോട്ടുകൾ  പകലും രാത്രിയുമായി തിരികെയെത്തി. തുടർന്ന് ട്രോളിങ്‌ ബോട്ടുകൾ നീണ്ടകര പാലത്തിന്റെ കിഴക്കുവശത്തേക്കുമാറ്റി പാലത്തിന്റെ സ്പാനുകളിൽ ചങ്ങല ഉപയോഗിച്ച്‌ കെട്ടിയിട്ടു.  
പുറംകടലിൽപോയി തിരികെയെത്തിയ ബോട്ടുകളിൽനിന്ന്‌  ജിപിഎസ്, എക്കോ സൗണ്ടർ, വയർലെസ്, വലകൾ മറ്റു വിലപിടിപ്പുള്ള ഉപകരണങ്ങൾ എന്നിവ അഴിച്ചുമാറ്റി. വരും ദിവസങ്ങളിൽ ഈ ബോട്ടുകളിൽ അറ്റകുറ്റപ്പണികൾ നടത്തും. സമാധാനപരമായി ട്രോളിങ്‌ നിരോധനം ഉറപ്പാക്കാനും നിരോധനം ലംഘിക്കാതിരിക്കാനും ഫിഷറീസ് വകുപ്പും മറൈൻ എൻഫോഴ്സ്മെന്റും വിപുലമായ ഒരുക്കങ്ങളാണ് പൂർത്തീകരിച്ചത്. തീരത്തും ഹാർബറുകളിലും പൊലീസിന്റെ സജീവ സാന്നിധ്യമുണ്ടാകും. പരവൂർ കാപ്പിൽ മുതൽ കായംകുളം എൻടിപിസിവരെയുള്ള 37 കിലോമീറ്റർ തീരത്ത്‌ സുരക്ഷാ പ്രവർത്തനങ്ങൾക്കും നിയമലംഘനം പരിശോധിക്കാനുമായി മറൈൻ എൻഫോഴ്‌സ്‌മെന്റ്‌ മൂന്ന് ബോട്ടുകൾ സജ്ജീകരിച്ചിട്ടുണ്ട്‌. എല്ലാ സമയത്തും 14 ലൈഫ് ഗാർഡുകളും ഓരോ പൊയിന്റിലും രണ്ടു പൊലീസുകാരും ഇവരെ സഹായിക്കാൻ കോസ്റ്റൽ വാർഡന്മാരും ഉണ്ടാകും. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ ഫോയ്സ് ഗോവയിൽനിന്നും വിദഗ്ധ പരിശീലനം നേടിയ 14  ലൈഫ് ഗാർഡിൽ തങ്കശ്ശേരിയിൽ നാലും നീണ്ടകരയിൽ ആറും അഴീക്കൽ നാലുപേരുമാണുണ്ടാകുക. കോസ്റ്റൽ പൊലീസിന്റെ രണ്ടു ബോട്ടുകളും കടലിൽ പരിശോധനയ്ക്കായുണ്ട്. 
നീണ്ടകര, ശക്തികുളങ്ങര, അഴീക്കൽ എന്നിവിടങ്ങളിലെ മത്സ്യഫെഡ് പമ്പുകൾ ഇൻബോർഡ് വള്ളങ്ങൾക്കായി തുറന്ന് പ്രവർത്തിക്കും. ജില്ലയിൽ 1500  ബോട്ടുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ബുധനാഴ്ച  വൈകിയെത്തിയ ബോട്ടുകളിലെ മത്സ്യങ്ങൾ വിൽക്കാൻ കഴിയാത്ത സ്ഥിതിയുള്ളവർക്ക് വ്യാഴാഴ്ച ഹാർബറിൽ വിൽക്കാനുള്ള സൗകര്യമൊരുക്കി. മൂന്നു ഹാർബറുകളിലുമായി 24 മണിക്കൂർ  കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top