13 June Sunday
എൽഡിഎഫ്‌ വിജയം

വെളിച്ചം ചൊരിഞ്ഞ്‌ ‘ഒറ്റമരങ്ങൾ’

ഏറം ഷാജിUpdated: Monday May 10, 2021

വിമലകുമാരി ടീച്ചർ പേരക്കുട്ടിക്കൊപ്പം എൽഡിഎഫ് വിജയം ആഘോഷിക്കുന്നു

 അഞ്ചൽ 

പനയഞ്ചേരി ത്രിവേണിയിൽ വിമലകുമാരി ടീച്ചർ എന്ന എൺപതുകാരി ആഹ്ലാദത്തിലാണ്‌. തെരഞ്ഞെടുപ്പുകൾ ഏറെക്കണ്ട അവരുടെ സന്തോഷത്തിനു കാരണം എൽഡിഎഫ്‌ സർക്കാരിന്റെ രണ്ടാംവരവും‌. ‘നാടിന്റെ സംരക്ഷകരാണ്‌ എൽഡിഎഫും ഈ സർക്കാരും’–- എഴുപത്തിയെട്ടാം വയസ്സിൽ ‘ഒറ്റമരം’ ഹ്രസ്വചിത്രത്തിലൂടെ അഭിനയത്തിലും ഹരിശ്രീ കുറിച്ച അവരുടെ മുഖത്ത്‌ ചരിത്രം തിരുത്തിയ തെരഞ്ഞെടുപ്പിൽ വോട്ടുചെയ്‌തതിന്റെ അഭിമാനം. എൽഡിഎഫിന്റെ വിജയം വെളിച്ചംതെളിച്ച്‌ ആഘോഷിക്കാനും ടീച്ചർ മറന്നില്ല.  
മൂന്നരപ്പതിറ്റാണ്ട്‌ അധ്യാപികയായിരുന്ന വിമലകുമാരി പ്രധാനാധ്യാപിക ആയിരിക്കെയാണ്‌ വിരമിച്ചത്‌. വാർധക്യത്തിന്റെ ഒറ്റപ്പെടൽ പ്രമേയമാക്കിയ ‘ഒറ്റമരം’ എന്ന ടെലിഫിലിമിലേക്ക്‌ അണിയറക്കാർ വിളിച്ചപ്പോൾ അഭിനയിക്കാൻ അറിയില്ലെങ്കിലും തയ്യാറാകുകയായിരുന്നു. അതിൽ വിജയിക്കുകയുംചെയ്‌തു. ഹ്രസ്വചിത്രം അനന്തപുരി ഷോർട്ട് ഫിലിം ഫെസ്റ്റിൽ സ്പെഷ്യൽ ജൂറി അവാർഡും നേടി. അധ്യാപികയായിരിക്കെ കുട്ടികളെ പഠിപ്പിക്കാൻ ലഘു കവിതകളിലൂടെയായിരുന്നു എഴുത്തിന്റെ ലോകത്തേക്കുള്ള യാത്ര. കുട്ടികളെ ചൊല്ലി കേൾപ്പിച്ച കവിതകൾ പുസ്‌തകത്താളുകൾക്കിടയിൽ ഉറങ്ങി. പിന്നീട്‌ തത്തമ്മ ഉൾപ്പെടെയുള്ള ബാലപ്രസിദ്ധീകരണങ്ങളിൽ അച്ചടമഷി പുരണ്ടു. 53 കവിതകളുടെ സമാഹാരം കളർചോക്ക് എന്ന പേരിൽ ലോഗോസ് ബുക്സ് പ്രസിദ്ധീകരിച്ചു. ലോകോത്തര കൃതികൾ ശ്രദ്ധാപൂർവം വായിക്കുന്ന അവർ അതിന്റെ കുറിപ്പും എഴുതി സൂക്ഷിക്കുന്നു. 
സിപിഐ എമ്മിനെയും ഇടതുപക്ഷത്തെയും ഹൃദയത്തോടു ചേർത്ത വിമലകുമാരി മകൻ അജിത്കൃഷ്ണനൊപ്പമാണ്‌ താമസം. തടിക്കാട് ഹയർസെക്കൻഡറി സ്‌കൂൾ അധ്യാപകരായിരുന്ന അജിത്തും ഭാര്യ ശോഭയും കഴിഞ്ഞമാസം വിരമിച്ചു. അജിത്‌ കെഎസ്ടിഎ ഉപ ജില്ലാ സെക്രട്ടറിയും ജില്ലാകമ്മിറ്റി അംഗവുമായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top