17 August Saturday
28 വർഷങ്ങൾക്കുശേഷം പ്രിയ വീണ്ടും പാടി

ചെങ്കൊടി പാറിടൂ നീല വാനിൽ...’

സുരേഷ‌് വെട്ടുകാട്ട‌്Updated: Wednesday Apr 10, 2019

 

കരുനാഗപ്പള്ളി
കെ എസ് പ്രിയ എന്ന ഗായിക 28 വർഷങ്ങൾക്കുശേഷം വീണ്ടും പാടി. ശ്രീരാഗ് സ്റ്റുഡിയോയിലെ മൈക്കിനു മുന്നിൽ ഓർമയിൽനിന്നും അനർഗളമായി ആ ഗാനം ഒഴുകി വന്നു. "ചെങ്കൊടി പാറിടൂ നീല വാനിൽ... പൊരുതുമീ കൈകളിൽ നൃത്തമാടൂ...’. ഒരു തലമുറയുടെ സിരകളിൽ വിപ്ലവത്തിന്റെ ചൂടും ചൂരും പകർന്ന് ഏഴാച്ചേരി രാമചന്ദ്രൻ രചിച്ച ഗാനം വീണ്ടും പുനഃസൃഷ്ടിക്കുന്നത് ഗായിക കെ എസ് പ്രിയയും കരുനാഗപ്പള്ളിയിലെ ഇടതുപക്ഷ നവ മാധ്യമ കൂട്ടായ്മയായ ടീം ഇന്നവേഷനും ചേർന്നാണ്. ഗാനത്തിന്റെ ഓഡിയോയ്ക്കൊപ്പം വീഡിയോ ആൽബവും ഉടൻ പുറത്തിറങ്ങും. 
പരമ്പരാഗത വിപ്ലവഗാന സങ്കൽപ്പങ്ങളെയെല്ലാം പിന്തള്ളി  മനോഹരമായ മെലഡിയായി കാൽ നൂറ്റാണ്ടിനപ്പുറവും പുരോഗമന ചിന്ത മനസ്സിൽ സൂക്ഷിക്കുന്ന ഏതൊരാളിലും ഈ ഗാനം നിത്യഹരിതമായി നിലകൊള്ളുന്നു. സംഗീത ലോകത്ത് അർഹിക്കുന്ന അംഗീകാരം ലഭിക്കാതെ പോയ കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനും സംഗീത പ്രതിഭയുമായിരുന്ന നൂറനാട് കൃഷ്ണൻകുട്ടിയാണ്  അവിസ്മരണീയ സംഗീതമൊരുക്കിയത്. സിപിഐ എം പാലക്കാട് സംസ്ഥാന സമ്മേളനത്തിനായി തയ്യാറാക്കിയ വിപ്ലവഗാന കാസറ്റിലാണ് വ്യത്യസ്തമായ ചെങ്കൊടി ഗാനം ഉൾപ്പെടുത്തിയത്. പാട്ട‌് പിന്നീട് വമ്പൻ ഹിറ്റായി മാറി. അന്ന് പ്രീഡിഗ്രി വിദ്യാർഥിയായിരുന്ന കെ എസ് പ്രിയ ഈ ഗാനം ഒറ്റട്ടേക്കിൽ പൂർത്തിയാക്കി. ഈ ഒരു ഗാനത്തോടെ പ്രിയയുടെ പ്രശസ്തി ഉയർന്നു. 
കാസറ്റിൽ കല്ലറ ഗോപനും പാടിയിട്ടുണ്ട്. വിപ്ലവഗാനങ്ങൾക്ക് സാധാരണ ഉപയോഗിക്കാത്ത സിന്ധുഭൈരവി രാഗമാണ് കൃഷ്ണൻകുട്ടി മാസ്റ്റർ ചെങ്കൊടി ഗീതത്തിന് ഉപയോഗിച്ചത്. "മർദിത കോടികൾ തൻ സമരപഥങ്ങളിൽ ഉണരുന്ന കരുത്താണ് നീ...’ എന്ന വരികളിൽ ഉൾപ്പെടെ വ്യത്യസ്തമായ സംഗീതമാണ് സന്നിവേശിപ്പിച്ചത്. ഗാനം ശ്രദ്ധിക്കപ്പെട്ടതോടെ കമ്യൂണിസ്റ്റ് പാർടിയുടെ നിരവധി വേദികളിൽ പ്രിയയെകൊണ്ട് ഈ ഗാനം വീണ്ടും വീണ്ടും പാടിച്ചു. ഇ കെ നായനാർ ഉൾപ്പെടെ നേതാക്കളുടെ പ്രശംസയ്ക്ക‌് പാത്രമായി. 
"പഥിതരാം ഞങ്ങൾ തൻ പടവാളായ് ഉയരും പതാകേ... ദുരിതങ്ങൾ നെഞ്ചേറ്റി തളരുന്ന ഞങ്ങളിൽ പടരുന്ന കരുത്താണു നീ...’ എന്ന ഏഴാച്ചേരിയുടെ ശക്തമായ വരികൾ പല വേദികളിലും ആവേശത്തിരകളായി. സംഗീതം നിർവഹിച്ച നൂറനാട് കൃഷ്ണൻകുട്ടിയുടെ സഹോദരൻ കൊച്ചുസാറാണ് കാസറ്റിന്റെ നിർമാതാവ്. ഇവർ രണ്ടുപേരും ഓർക്കസ്ട്രയിൽ പുല്ലാങ്കുഴൽ വായിച്ച കരുനാഗപ്പള്ളി വിജയകുമാറും സിത്താർ വായിച്ച മാവേലിക്കര ലാലും മൺമറഞ്ഞു. ഇവരുടെയെല്ലാം ഓർമയ‌്ക്കായാണ‌് പാട്ട‌് വീണ്ടും പുറത്തിറക്കുന്നതെന്ന് കെ എസ് പ്രിയ പറഞ്ഞു. 
സ്വന്തം നാട്ടുകാരായിരുന്ന ഗായകരെ ചേർത്ത് അടൂർ പീപ്പിൾ സ്കോറസ് എന്ന പേരിൽ നൂറനാട് കൃഷ്ണൻകുട്ടി വിപ്ലവഗായകസംഘം അക്കാലത്ത് രൂപീകരിച്ചിരുന്നു. പന്തളം ബാലൻ, പന്തളം മേരി തുടങ്ങി നിരവധി പ്രതിഭകളെ അദ്ദേഹം വേദിയിലെത്തിച്ചു. സംഗീതരംഗത്ത് അനിതര സാധാരണമായ പ്രതിഭാശാലിയായിരുന്ന കൃഷ്ണൻകുട്ടിയെ ഈ ഗാനത്തിലൂടെ പുതിയ തലമുറയ്ക്ക് പരിചയപ്പെടാനാകുമെന്ന പ്രതീക്ഷയാണ‌് പ്രിയയ‌്ക്ക‌്. ശ്രീരാഗ് സ്റ്റുഡിയോയിൽ 28 വർഷം മുമ്പ് പാട്ട‌് റെക്കോഡ് ചെയ്ത സൗണ്ട് എൻജിനിയർ റെജി ശ്രീരാഗ് തന്നെയാണ് ഗാനത്തിന്റെ  റെക്കോഡിങ‌് നിർവഹിച്ചത് എന്നതും മറ്റൊരു കൗതുകം. 
ഓർക്കസ്ട്രേഷൻ നിർവഹിച്ചത് ഡോ. റിജോ സൈമൺ. പുതിയ കാലത്തെ വിപ്ലവ പ്രവർത്തകർക്ക് ഈ ഗാനവും വീഡിയോ ആൽബവും കരുത്താകുമെന്ന പ്രതീക്ഷയാണുള്ളതെന്ന് ടീം ഇന്നവേഷൻ ചുമതലക്കാരനായ വി വിജയകുമാർ പറഞ്ഞു.
 
പ്രധാന വാർത്തകൾ
 Top