05 June Friday
സിഐടിയു സെമിനാർ

പൊതുനിക്ഷേപം വർധിപ്പിക്കാൻ കേന്ദ്രത്തിന്‌ പദ്ധതികളില്ല: പി രാജീവ്‌

പ്രത്യേക ലേഖകൻUpdated: Saturday Nov 9, 2019
 
 
കൊല്ലം
പൊതുനിക്ഷേപം വർധിപ്പിച്ച്‌ സാമ്പത്തികരംഗം ചലനാത്മകമാക്കാനുള്ള പദ്ധതികൾ കേന്ദ്ര സർക്കാരിനില്ലെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം പി രാജീവ്‌ പറഞ്ഞു. സിഐടിയു കൊല്ലം ജില്ലാ സമ്മേളനത്തിനു മുന്നോടിയായി  സെമിനാർ ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ‘രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി എങ്ങനെ തൊഴിലാളികളെയും പൊതുസമൂഹത്തെയും ബാധിക്കുന്നു’ എന്നതായിരുന്നു വിഷയം.  
        ഒന്നാം യുപിഎ സർക്കാരിന്റെ സമയത്തും സമാനമായ പ്രതിസന്ധിയിലേക്ക്‌ രാജ്യം നീങ്ങി. ആ സാഹചര്യത്തെ മറികടക്കാനായത്‌ തൊഴിലുറപ്പ്‌ നിയമത്തിലൂടെയായിരുന്നു. പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ പുറമെനിന്ന്‌ സർക്കാരിനെ പിന്തുണച്ച ഇടതുപക്ഷമാണ്‌ സമഗ്രമായ പദ്ധതി സമർപ്പിച്ചത്‌. അതിലൂടെ ജനങ്ങളുടെ വാങ്ങൽശേഷി കൂടി. ഗ്രാമീണ വിപണിയടക്കം ചലനാത്മകമായി. വൻകിട കുത്തകകൾക്കുവേണ്ടി ഭരണം നടത്തുന്ന ഇന്നത്തെ കേന്ദ്ര സർക്കാർ തൊഴിലുറപ്പു പദ്ധതിയെപ്പോലും തളർത്തുന്നു. ഇളവുകൾ പ്രഖ്യാപിക്കുന്നത്‌ വൻകിടക്കാർക്കുവേണ്ടി മാത്രം. പൊതുമേഖലയെ വിൽക്കുന്നു. 2008ൽ പൊതുമേലയുടെ പിൻബലത്തിലാണ്‌ സമ്പദ്‌ഘടന പിടിച്ചുനിന്നത്‌. ഇന്ന്‌ രാജ്യം അത്യഗാധ പ്രതിസന്ധിയിലേക്ക്‌ പോകുന്നു. 
          നിർമാണരംഗത്തുമാത്രം  ഒരു വർഷംകൊണ്ട്‌ 35 ലക്ഷം തൊഴിൽ നഷ്ടപ്പെട്ടു. വാഹന വിപണിയും നിർമാണമേഖലയും വസ്‌ത്രമേഖലയുമെല്ലാം അതിവേഗം മാന്ദ്യത്തിലായി.  കാർഷിക മേഖല കുറെക്കാലമായി പ്രതിസന്ധിയിലാണ്‌.കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ പ്രഖ്യാപനങ്ങൾ ഒന്നിനും പരിഹാരമല്ല.  വായ്‌പാ പലിശയിൽ ഇളവ്‌ നൽകിയുള്ള അവരുടെ നിർദേശങ്ങൾ പരിഹാരമല്ല. അമേരിക്കയിൽ പലിശ പൂജ്യം ശതമാനമാണ്‌. എന്നിട്ടും പ്രതിസന്ധിക്കു പരിഹാരമായില്ലെന്നാണ്‌ പാഠം. വാങ്ങൽശേഷി കൂട്ടുന്ന നിർദേശങ്ങൾ വരുന്നില്ല. പ്രത്യക്ഷമായും പരോക്ഷമായും തൊഴിലുകൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ബിഎസ്‌എൻഎല്ലിലും ബിപിസിഎല്ലിലും കാണുന്നത്‌ അവസാന ഉദാഹരണം. വൻ നഷ്ടത്തിലാണ്‌ അഭിമാനകരമായ ആസ്‌തിയുള്ള ബിപിസിഎൽ വിൽക്കുന്നത്‌. ആർബിഐയിൽനിന്ന്‌ 1.67 ലക്ഷം കോടി രുപ കൈക്കലാക്കി കമ്മി നികത്തുന്നു.
      രാജ്യം ദരിദ്രരാജ്യങ്ങളുടെ നിരയിൽ 117ൽ 102–-ാം സ്ഥാനത്തേക്ക്‌ താഴ്‌ന്നു. ബംഗ്ലാദേശും പാകിസ്ഥാനുമടക്കമുള്ള അയൽ രാജ്യങ്ങളുടെ പിന്നിലായാണ്‌ പട്ടികയിൽ നമ്മുടെ സ്ഥാനം.  ഈ അപമാനങ്ങൾ മറയ്‌ക്കാൻ സംഘപരിവാറിന്റെ നുണ നിർമാണ ഫാക്ടറികൾ നുണ പ്രചരിപ്പിക്കുന്നു. ചരിത്രസത്യങ്ങളെ വക്രീകരിക്കുന്നു. ഇത്തരം നീക്കങ്ങളെ മറികടക്കാനാകണം. വർഗഐക്യം ശക്തിപ്പെടുത്തി തൊഴിലാളികൾ കൂടുതൽ കരുത്താർജിക്കണം–- പി രാജീവ്‌ പറഞ്ഞു.
         സംഘാടക സമിതി ചെയർമാൻ ഇ ഷാനവാസ്‌ഖാൻ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി എസ്‌ സുദേവൻ, സംസ്ഥാന കമ്മിറ്റി അംഗം കെ വരദരാജൻ, സിഐടിയു നേതാക്കളായ എസ്‌ ജയമോഹൻ, ബി തുളസീധരക്കുറുപ്പ്‌,  അഡ്വ. എം ഗംഗാധരക്കുറുപ്പ്‌, മുരളി മടന്തകോട്‌, എ എം ഇക്‌ബാൽ എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top