21 October Monday

മടിച്ചുമടിച്ച്‌ മഴ; ആഞ്ഞടിച്ച്‌ കാറ്റ്‌

വെബ് ഡെസ്‌ക്‌Updated: Friday Aug 9, 2019

ശാസ്താംകോട്ട കോളേജ് റോഡിൽ വീണ മരം ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് മുറിച്ചുമാറ്റുന്നു

കൊല്ലം
ജില്ലയിൽ മൂന്നുദിവസമായി തുടരുന്ന ഓറഞ്ച്‌ അലർട്ട്‌ കേന്ദ്ര കാലാവസ്ഥാ വകുപ്പ്‌ പിൻവലിച്ചെങ്കിലും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ജാഗ്രത തുടരുന്നു. വ്യാഴാഴ്‌ച ജില്ലയിൽ വലിയമഴകിട്ടിയില്ലെങ്കിലും കാർമേഘം മൂടിയ അവസ്ഥയായിരുന്നു. 
പലയിടങ്ങളിലും ശക്തമായ കാറ്റ്‌ വീശി. മൺറോതുരുത്തിൽ വീശിയടിച്ച കാറ്റിൽ രണ്ടുവീടുകൾ തകർന്നു. ബുധനാഴ്ച രാത്രി പെയ്‌ത ശക്തമായ മഴയിലും വീശിയടിച്ച കാറ്റിലും ജില്ലയിൽ വ്യാപക നാശനഷ്ടമുണ്ടായി. പലയിടങ്ങളിലായി മരങ്ങൾ കടപുഴകിയും ഒടിഞ്ഞുവീണും എട്ട്‌ വീടുകൾ ഭാഗികമായി തകർന്നു. ഒന്നരലക്ഷം രൂപയുടെ നാശനഷ്ടമാണ്‌ കണക്കാക്കിയിട്ടുള്ളത്‌. പലയിടത്തും റോഡിന് കുറുകെ മരംവീണ്‌ ഗതാഗതം മണിക്കൂറുകള്‍ തടസ്സപ്പെട്ടു. കൃഷിനാശവും വ്യാപകമാണ്‌. 115 മീറ്റർ സംഭരണ ശേഷിയുള്ള തെന്മല ഡാമിലെ ജലനിരപ്പ്‌ 102.70 മീറ്റായി. 
ചാത്തന്നൂരിൽ കരിങ്കൽ പാളികളും മതിലും ഇടിഞ്ഞുവീണ് വീട്‌ തകർന്നു. ബുധനാഴ്ച രാത്രി 11നാണ് കണ്ണേറ്റ പ്ലാവിക്കുന്ന് ചരുവിള പുത്തൻവീട്ടിൽ സരസ്വതിയുടെ വീടിന്റെ  വശങ്ങളിലേക്ക്‌ മതിൽ ഇടിഞ്ഞുവീണത്. രാത്രിയിൽ വൻ ശബ്ദംകേട്ട്‌ ഉണർന്ന വീട്ടുകാർ ഓടി പുറത്തേക്കിറങ്ങിയതിനാൽ വലിയ അപകടം ഒഴിവായി.കരിങ്കല്ലുകൊണ്ടു 20അടി ഉയരത്തിൽ കെട്ടിയുയർത്തിയ മതിലിന്റെ നല്ലൊരു ഭാഗവും വീടിന്റെ വശങ്ങളിലേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു. 
മൺറോതുരുത്തിൽ പൂപ്പാണിയിൽ രാജുവിന്റെ മേൽക്കൂരയിലെ ഷീറ്റ്‌ പറന്നുപോയി. മൺറോതുരുത്ത്‌ ഈസ്റ്റ് വാർഡിൽ സുദർശനന്റെ വീടും ഭാഗികമായി തകർന്നു. മേൽക്കൂരയിൽനിന്നു ഓട്‌ പറന്ന്‌ വീടിന്റെ മുൻവശം പാർക്ക്‌ചെയ്‌തിരുന്ന കാർ തകർന്നു. കടയ്ക്കൽ ഐരക്കുഴിയിൽ റോഡിൽ മരംവീണ് വീട്ടമ്മയ്ക്കു പരിക്കേറ്റു. ഐരക്കുഴി പ്രവീൺ സദനത്തിൽ വിജി (48) ക്കാണ് പരിക്കേറ്റത്.  ഫയർഫോഴ്സെത്തി മരം മുറിച്ചുമാറ്റി  മടത്തറ–- - കടയ്ക്കൽ- റോഡിൽ ഗതാഗതം പുനഃസ്ഥാപിച്ചു.
അപകട മരങ്ങൾ മുറിക്കാം -
ജില്ലയിൽ അപകടാവസ്ഥയിലുള്ള മരങ്ങൾ അടിയന്തരമായി മുറിച്ചു നീക്കാൻ  കലക്ടർ നിർദേശം നൽകി. പൊതുമരാമത്ത് വകുപ്പുകളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും അധീനതയിലുള്ള റോഡിന്റെ ഇരുവശങ്ങളിലും പുറമ്പോക്കുകളിലുമായി അപകട ഭീഷണിയുയർത്തുന്ന മരങ്ങൾ മുറിച്ചുമാറ്റാനാണ്‌ നിർദേശം. ദുരന്തനിവാരണ നിയമപ്രകാരം മരംവീണ് ഉണ്ടാകുന്ന അത്യാഹിതത്തിന് അതാത് വകുപ്പുകളുടെ ജില്ലാമേധാവി ആയിരിക്കും ഉത്തരവാദി.
പ്രധാന വാർത്തകൾ
 Top