14 April Wednesday

ആളൊഴിഞ്ഞ്‌ ആരവമൊഴിഞ്ഞ്‌ പ്രസുകൾ

എസ്‌ അനന്ദ വിഷ്ണുUpdated: Friday Apr 9, 2021

ഇരവിപുരത്തെ ഓഫ്സെറ്റ്‌ പ്രസ്‌ ഉടമ മനു

കൊല്ലം
ഇരവിപുരത്തെ ഓഫ്സെറ്റ്‌ പ്രസ്‌ ഉടമ മനു ഇന്നലെ പ്രസ്‌ തുറക്കാൻ എത്തിയത്‌ അൽപ്പം വൈകിയാണ്‌‌. കഴിഞ്ഞ ദിവസങ്ങളിലെ ആളും തിരക്കുമൊന്നും ഇല്ലല്ലോ. അതുകൊണ്ട്‌ പതിയെ തുറന്നാൽ മതിയെന്നു കരുതി–- കാര്യം തിരക്കിയവരോട്‌ മനു പറഞ്ഞു. കഴിഞ്ഞ ഒരു മാസം തിരക്കിന്റെ ദിനങ്ങളായിരുന്നു ഓഫ്സെറ്റ് പ്രസുകൾക്ക്‌. മുന്നൂറോളം ഓഫ്സെറ്റ്‌ പ്രസുകളാണ്‌ ജില്ലയിൽ ഉള്ളത്‌. വൻകിട മൾട്ടി പ്രസുകൾ സജീവമായതോടെ ഓഫ്സെറ്റ്‌ പ്രസുകളുടെ പ്രതാപത്തിന്‌ മങ്ങലേറ്റിരുന്നു. കോവിഡ്‌ വ്യാപനം ഈ മേഖലയുടെ നടുവൊടിച്ചു. 
പ്രതിസന്ധിയിലായിരുന്ന സമയത്താണ്‌ തദ്ദേശഭരണ തെരഞ്ഞെടുപ്പ് എത്തിയത്. പിന്നീട് ഉണർവിന്റെ നാളുകൾ ആയിരുന്നു. പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പും എത്തി. ഇതോടെ പ്രതിസന്ധിക്ക്‌ അയവുണ്ടായി. എന്നാൽ, മൾട്ടി പോസ്റ്ററുകളും ഹൈ എൻഡ് പോസ്റ്ററുകളുമൊക്കെ അതിർത്തികടന്ന്‌ ശിവകാശി, മധുര, ബംഗളൂരു എന്നിവിടങ്ങളിൽനിന്നൊക്കെ എത്തിയതോടെ ചെറിയ അഭ്യർഥനകളും ലഘുലേഖകളും ഒക്കെയായി നാട്ടിലെ ചെറുകിട പ്രസുകാർക്ക് സമാധാനിക്കേണ്ടി വന്നു. 
പ്രതിസന്ധികൾക്ക്‌ പൂർണ പരിഹാരമായില്ലെങ്കിലും തൽക്കാലം ആശ്വസിക്കാനുള്ള വർക്കുകൾ ലഭിച്ചെന്ന്‌ മനു പറഞ്ഞു. ചില വൻകിട പേപ്പർ വ്യാപാരികൾ തെരഞ്ഞെടുപ്പ്‌ മുന്നിൽക്കണ്ട് ആർട്ട് പേപ്പറുകൾ പൂഴ്ത്തിവച്ചത്‌ വിലക്കയറ്റം ഉണ്ടാക്കി.  കിലോ 60 രൂപ ആയിരുന്ന ആർട്ട് പേപ്പറിന്‌ തെരഞ്ഞെടുപ്പു‌ സമയത്ത്‌ 120 രൂപ വരെ ഉയർന്നതു പ്രതിസന്ധി ഉണ്ടാക്കി. ഇനിയുള്ള ദിവസങ്ങളെക്കുറിച്ച്‌ ആശങ്കയുണ്ടെന്നും മനു പറഞ്ഞു. കോവിഡിനു‌ ശേഷം കല്യാണക്കാർഡുകളുടെയും മറ്റും ഓർഡറുകൾ പരിമിതമായി. ബില്ലുകൾ എല്ലാം  കംപ്യൂട്ടറൈസ്ഡ് ആയതോടെ ബിൽ ബുക്കുകളുടെ പ്രിന്റിങ്ങും ഗണ്യമായി കുറഞ്ഞു. തൊഴിലാളികളുടെ ശമ്പളം കൊടുക്കാനും കറന്റ് ബിൽ അടയ്ക്കാനും ചെലവുകൾ നടന്നുപോകാനുമുള്ളത് മാത്രമാണ് ഇപ്പോഴത്തെ വരുമാനം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top