14 April Wednesday

ശാസ്‌താംകോട്ട, ശൂരനാട്‌ തെക്ക് പഞ്ചായത്തുകൾ ദേശീയ പുരസ്‌കാര നിറവിൽ

വെബ് ഡെസ്‌ക്‌Updated: Friday Apr 9, 2021

 സ്വരാജ്‌ ട്രോഫിക്കുപിന്നാലെ 
ദേശീയ പുരസ്‌കാരം 

ശൂരനാട് 
ജില്ലയിലെ മികച്ച പഞ്ചായത്തിനുള്ള 2019 –-20 വർഷത്തെ സ്വരാജ് ട്രോഫിയും  ശൂരനാട് തെക്ക് പഞ്ചായത്തിനു ലഭിച്ചിരുന്നു. കാർഷിക ഗ്രാമമായ ശൂരനാട്‌ തെക്ക്  എൽഡിഎഫ് ഭരണസമിതി   നേതൃത്വത്തിൽ സമാനതകളില്ലാത്ത വികസന പദ്ധതികളായിരുന്നു ആവിഷ്‌കരിച്ചു നടപ്പാക്കിയത്. 
ലൈഫ് ഭവന പദ്ധതിയിൽ ഏറ്റവും കൂടുതൽ വീടുകൾ നൽകിയത് ശൂരനാട് തെക്ക് പഞ്ചായത്താണ്‌. സാമൂഹ്യനീതിയിലധിഷ്ഠിതമായ പദ്ധതികളാണ് നടപ്പാക്കിയത്. കുടുംബശ്രീ തൊഴിലുറപ്പ് പദ്ധതികൾ കാര്യക്ഷമമായി നടപ്പാക്കി. പഞ്ചായത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ച് ഐഎസ്ഒ നിലവാരത്തിൽ എത്തിച്ചു.  ആയുർവേദ, ഹോമിയോ ആശുപത്രികളുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി. ശൂരനാട് തെക്കിന്റെ കാർഷിക സംസ്കാരത്തെ വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ കാർഷിക മേഖലയിൽ പദ്ധതികൾ ആസൂത്രണം ചെയ്തു‌ നടപ്പാക്കി. കഴിഞ്ഞ ഭരണസമിതിയിൽ പ്രസിഡന്റായിരുന്ന ഇപ്പോൾ ശാസ്താംകോട്ട ബ്ലോക്ക് അംഗമായ പി പുഷ്പകുമാരിയുടെയും സെക്രട്ടറി അജ്മലിന്റെയും നേതൃത്വത്തിലാണ്‌ വികസന പദ്ധതികൾ നടപ്പാക്കിയത്‌. രാഷ്ട്രീയത്തിന് അതീതമായി എല്ലാവരുമായി യോജിച്ച പ്രവർത്തനങ്ങളാണ് പഞ്ചായത്തിൽ നടന്നിരുന്നത്. തുടർന്നും കൂടുതൽ വികസനപദ്ധതികളുമായി മുന്നോട്ടുപോകുമെന്ന് പ്രസിഡന്റ്‌ എസ് കെ ശ്രീജ പറഞ്ഞു.
 
 
ശാസ്താംകോട്ടയ്ക്ക് ഇത്‌ മൂന്നാംതവണ 
സ്വന്തം ലേഖകൻ
ശാസ്താംകോട്ട
അഞ്ചു വർഷത്തിനിടെ മൂന്നാം തവണയാണ്‌  ശാസ്താംകോട്ട പഞ്ചായത്തിന്‌ ദേശീയ പുരസ്‌കാരം ലഭിക്കുന്നത്‌. അഞ്ചു വർഷത്തിനിടെ രണ്ടുതവണ സംസ്ഥാന സർക്കാരിന്റെ സ്വരാജ് പുരസ്‌കാരത്തിനും അർഹമായി. 
സർക്കാർ പദ്ധതി വിഹിതം പൂർണമായി ചെലവഴിച്ചും വിഭവസമാഹരണം ഊർജിതമാക്കി പ്രാദേശിക വികസനത്തിന് അധിക വരുമാനം കണ്ടെത്തിയും  സർക്കാർ മിഷനുകളായ ലൈഫ്, ആർദ്രം, ഹരിതകേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്നിവയുടെ ഫലപ്രദമായ നടത്തിപ്പിലൂടെയുമാണ്‌ അവാർഡിന്‌ അർഹമായത്‌. പ്രദേശത്തെ അടിസ്ഥാന ജനവിഭാഗങ്ങളിലേക്ക് വികസനം എത്തിക്കാൻ കഴിഞ്ഞു. ജനങ്ങൾക്ക് സേവനങ്ങൾ വേഗത്തിലാക്കി. ശുചിത്വ മേഖലയിൽ പഞ്ചായത്ത്‌ നടത്തിയ ഇടപെടലുകളും ശ്രദ്ധേയമായി. പൊതുടാപ്പ് പദ്ധതി നിർത്തലാക്കി ഒറ്റ ടാപ്പ് പദ്ധതി ആരംഭിച്ചതോടെ വെള്ളക്കരം ഇനത്തിൽ വൻ തുക ലാഭിക്കാൻ കഴിഞ്ഞു. തൊഴിലുറപ്പു പദ്ധതിയിൽ 844 തൊഴിലാളികൾക്ക് 100 ദിനം ജോലി നൽകാൻ കഴിഞ്ഞതും ആറുകോടി രൂപ ചെലവഴിച്ച് തൊഴിലുറപ്പിന്റെ പുതിയ സാധ്യതകൾ കണ്ടെത്തിയതും ആയുർവേദ–- സിദ്ധ–- ഹോമിയോ ചികിത്സകൾ ഏകോപിപ്പിച്ച് ജില്ലയിൽ ആദ്യമായി ആരംഭിച്ച ഹോളോസ്റ്റിക് സെന്ററിന്റെ പ്രവർത്തനം കാര്യക്ഷമമായി മുന്നോട്ടു കൊണ്ടുപോകുന്നതും മറ്റു പഞ്ചായത്തുകളിൽനിന്ന്‌ ശാസ്താംകോട്ടയെ വ്യത്യസ്തമാക്കുന്നു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ തടയാൻ ആരംഭിച്ച ജന്റർ റിസോഴ്സ് സെന്ററിന്റെ പ്രവർത്തനവും നേട്ടമായി.  പദ്ധതികളുടെ പൂർത്തീകരണത്തിന്‌ സഹകരിച്ച ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ എന്നിവരോട്‌  പ്രസിഡന്റ്‌ ആർ ഗീതയും സെക്രട്ടറി രാജൻ ആചാരിയും നന്ദി അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top