01 April Saturday

പഞ്ഞി മിഠായിയിൽ രാസവസ്‌തു; നിർമാണം നിർത്തിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Feb 9, 2023

മിഠായി നിർമാണശാലയിൽ നടന്ന റെയ്ഡ്

കരുനാഗപ്പള്ളി> പുതിയകാവിനു സമീപം പ്രവർത്തിച്ച അനധികൃത പഞ്ഞിമിഠായി (ബോംബെ മിഠായി) നിർമാണകേന്ദ്രം ഭക്ഷ്യസുരക്ഷാവിഭാഗം അടപ്പിച്ചു. കെട്ടിടം ഉടമയ്ക്കും ഇരുപതോളം അതിഥിത്തൊഴിലാളികൾക്കുമെതിരെ കേസെടുത്തു. മിഠായിക്ക്‌ നിറം നൽകാൻ ഉപയോഗിക്കുന്ന രാസവസ്‌തുക്കളും കണ്ടെത്തി. 
 
പുതിയകാവിനു വടക്കുഭാഗത്ത് അതിഥിത്തൊഴിലാളികൾ താമസിക്കുന്ന പഴയ കെട്ടിടത്തിൽ ബുധൻ രാവിലെ ഏഴോടെയാണ് ഭക്ഷ്യസുരക്ഷാ സ്‌പെഷ്യൽ ടാസ്‌‌ക് ഫോഴ്‌‌സ് പരിശോധന നടത്തിയത്. അഞ്ച് ചെറിയ മുറിയിലായി ഇരുപതോളം അതിഥിത്തൊഴിലാളികളാണ് ഇവിടെ താമസിച്ചിരുന്നത്. ഭക്ഷ്യസുരക്ഷാവിഭാഗം എത്തുമ്പോൾ മിഠായി നിർമാണം നടക്കുകയായിരുന്നു. വൃത്തിഹീനമായ ചുറ്റുപാടിലാണ് മിഠായി നിർമിച്ചിരുന്നത്. മിഠായി നിർമിക്കുന്ന മുറിക്കു സമീപം കക്കൂസ് ടാങ്ക് പൊട്ടിയൊഴുകുന്നുണ്ടായിരുന്നു. പഴകിയ വസ്ത്രങ്ങളും മറ്റും തൊട്ടടുത്തായി കൂട്ടിയിട്ടിരുന്നു. ഇതിനിടയിലാണ് മിഠായി നിർമാണവും നടന്നിരുന്നത്. റോഡമിൻ എന്ന രാസവസ്‌തു ഉപയോഗിച്ചാണ്‌ മിഠായി നിർമിച്ചിരുന്നത്.
 
റോഡമിന്റെ സാമ്പിളുകളും ഇവിടെനിന്ന്‌ ഭക്ഷ്യസുരക്ഷാവിഭാഗം ശേഖരിച്ചു. ആയിരത്തോളം കവർ പഞ്ഞിമിഠായിയും പിടിച്ചെടുത്തു നശിപ്പിച്ചു. ഭക്ഷ്യസുരക്ഷാവകുപ്പിന്റെ അനുമതി ഇല്ലാതെയായിരുന്നു മിഠായി നിർമാണം. കെട്ടിടത്തിന് പഞ്ചായത്തിന്റെ അനുമതിയും ഉണ്ടായിരുന്നില്ലെന്നു കണ്ടെത്തി.  മിഠായിയുടെയും രാസവസ്‌തുക്കളുടെയും സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം വരുന്ന മുറയ്ക്ക് തുടർ നടപടികളിലേക്ക് കടക്കുമെന്ന് ഭക്ഷ്യസുരക്ഷാവിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു.  കെട്ടിടം ഉടമ സക്കീർ ഹുസൈനും ഇരുപതോളം അതിഥിത്തൊഴിലാളികൾക്കുമെതിരെ കേസെടുത്തിട്ടുണ്ട്. 
 
ഭക്ഷ്യസുരക്ഷാ ടാസ്‌ക് ഫോഴ്‌‌സ് ഡെപ്യൂട്ടി കമീഷണർ ജേക്കബ് തോമസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. അസിസ്‌റ്റന്റ് കമീഷണർ എസ് അജി, സ്‌പെഷ്യൽ സ്‌ക്വാഡിലെ ഭക്ഷ്യസുരക്ഷാ ഓഫീസർ സക്കീർ ഹുസൈൻ, ഭക്ഷ്യസുരക്ഷ കരുനാഗപ്പള്ളി ഓഫീസർ ചിത്രാമുരളി, ചവറ ഓഫീസർ ഷീന ഐ നായർ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
 
ഇരകൾ കുട്ടികൾ
 
പഞ്ഞി മിഠായി എന്ന ബോംബെ മിഠായി ഏറ്റവും കൂടുതൽ കുട്ടികളെ കേന്ദ്രീകരിച്ചാണ് വിറ്റുപോകുന്നത്. ഉത്സവകാലമായതോടെ ഇതിന് വൻ ഡിമാൻഡാണുള്ളത്. ഈ സാധ്യത ഉപയോഗപ്പെടുത്തിയാണ് വൻതോതിൽ അനധികൃതമായി മിഠായി നിർമാണം നടന്നത്. വസ്ത്രങ്ങൾക്കും പായ നിർമാണത്തിനും ഉപയോഗിക്കുന്ന റോഡമിൻ എന്ന രാസവസ്‌തു മനുഷ്യശരീരത്തിനുള്ളിൽ ചെന്നാൽ മാരകരോഗങ്ങൾക്കു കാരണമാകുമെന്ന് കണക്കാക്കുന്നു. 
 
മിഠായിയുടെ നിറമാണ് കൂടുതലായി കുട്ടികളെ ആകർഷിക്കുന്നതും. ആരും അറച്ചുനിൽക്കുന്ന അങ്ങേയറ്റം മോശമായ സാഹചര്യത്തിലുള്ള നിർമാണവും വ്യാപകമായി നടക്കുകയാണ്. ഇക്കാര്യത്തിൽ വ്യാപകമായ പരിശോധനയ്ക്കും ഭക്ഷ്യസുരക്ഷാവകുപ്പ് തയ്യാറെടുക്കുകയാണ്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top