22 September Tuesday
3.8 കോടിയുടെ നഷ്ടം

തോരാമഴ

സ്വന്തം ലേഖകന്‍Updated: Saturday Aug 8, 2020
കൊല്ലം
ജില്ലയിൽ രണ്ടുദിവസമായി പെയ്യുന്ന കനത്തമഴയിലും കാറ്റിലും 3.8 കോടിയുടെ നഷ്ടം. വെള്ളിയാഴ്‌ച കിഴക്കൻമേഖലയിൽ കൊട്ടാരക്കര, പുനലൂർ എന്നിവിടങ്ങളിലും പടിഞ്ഞാറ്‌ കുന്നത്തൂർ താലൂക്കിലും മഴ കൂടുതൽ നാശം വിതച്ചു. ശനിയാഴ്‌ച ജില്ലയിൽ യെല്ലോ അലർട്ട്‌ പ്രഖ്യാപിച്ചു. 
രണ്ടുദിവസങ്ങളിലായി ഇരുന്നൂറിലേറെ വീടുകൾ ഭാഗികമായും മൂന്നുവീടുകൾ പൂർണമായും നശിച്ചു. റവന്യൂ വകുപ്പ്‌ കണക്ക്‌ പ്രകാരം ‌1.25 കോടി രൂപയാണ്‌ രണ്ടുദിവസത്തെ നഷ്ടം. വൈദ്യുതി ബോർഡിന്‌ ഒരു കോടി രൂപയുടെ നഷ്ടമുണ്ടായി. 37 ഹെക്ടറിൽ കാർഷികവിളകൾ നശിച്ചതിന്‌ 1.56 കോടിയുടെ നഷ്‌ടം കൃഷി വകുപ്പ്‌ കണക്കാക്കി. വെള്ളിയാഴ്ച  62 ലക്ഷം രൂപയുടെയും  ആറിന് 53.14 ലക്ഷം രൂപയുടെയുമാണ്‌ നഷ്ടം .
കൊല്ലം താലൂക്കിൽ രണ്ടു ദിവസങ്ങളിലായി മൂന്നുലക്ഷം രൂപയുടെ നഷ്ടങ്ങളുണ്ടായി. കുന്നത്തൂർ താലൂക്കിലാണ് മഴ വ്യാഴാഴ്‌ച ‌കൂടുതൽ നാശം വിതച്ചത്. മൈനാഗപ്പള്ളി, വെസ്റ്റ് കല്ലട, ശാസ്താംകോട്ട, പോരുവഴി, കുന്നത്തൂർ വില്ലേജുകളിലെ ഒമ്പത് വീടുകൾ ഭാഗികമായി തകരുകയും 2,30,000 രൂപയുടെ നഷ്ടവും കണക്കാക്കി.  മൺറോതുരുത്ത്, പടിഞ്ഞാറെ കല്ലട, കിഴക്കേകല്ലട, പള്ളിമൺ, വെളിച്ചിക്കാല, ഇളവൂർ, കുളപ്പാടം, മയ്യനാട് വില്ലേജുകളിലായി 10 വീടുകൾ ഭാഗികമായി തകർന്നു. വെള്ളിയാഴ്‌ച  മാത്രം 1,70,000 രൂപയുടെ നാശനഷ്ടമുണ്ടായി. 
പത്തനാപുരം താലൂക്കിൽ വെള്ളിയാഴ്‌ച വിളക്കുടി, പിറവന്തൂർ, തലവൂർ, പുന്നല വില്ലേജുകളിൽ അഞ്ചു വീടുകൾ ഭാഗികമായും ഒരു വീട് പൂർണമായും തകർന്നു. 1,80,000 രൂപയുടെ നഷ്ടമുണ്ടായി.
കൊട്ടാരക്കര താലൂക്കിൽ കുളത്തൂപ്പുഴ വില്ലേജിൽ മൂന്നു വീടുകൾ ഭാഗികമായി തകർന്ന് 1,78,000 രൂപയുടെ നഷ്ടം കണക്കാക്കി. കരുനാഗപ്പളി താലൂക്കിൽ അഞ്ച് വില്ലേജുകളിൽ അഞ്ചു വീടുകൾ ഭാഗികമായി തകർന്നതുൾപ്പെടെ ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കിയിട്ടുണ്ട്. പുനലൂർ താലൂക്കിൽ അഞ്ചുവീടുകൾ ഭാഗികമായി തകർന്ന്  84,000 രൂപയുടെ നഷ്ടമുണ്ടായി.
 
പരപ്പാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു 
പുനലൂർ
കാലവർഷം ശക്തമായതോടെ തെന്മല പരപ്പാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു. 115.82 മീറ്റർ പൂർണസംഭരണ ശേഷിയുള്ള അണക്കെട്ടിൽ 100.96 മീറ്റർ ജലനിരപ്പാണ് വെള്ളിയാഴ്‌ച വൈകിട്ട്‌ രേഖപ്പെടുത്തിയത്. വ്യാഴാഴ്ചത്തെ ജലനിരപ്പ്‌ 99.80 മീറ്ററായിരുന്നു. ജലനിരപ്പ്  106.00 മീറ്ററായി  ഉയർന്നാൽ ഷട്ടറുകൾ തുറക്കുമെന്ന് കെഐപി അസി. എക്സിക്യൂട്ടീവ് എൻജിനിയർ ശിവശങ്കരപ്പിള്ള അറിയിച്ചു. 
വൃഷ്ടിപ്രദേശത്ത് കനത്തമഴ തുടരുന്നത് കാരണം സമീപത്തെ വനമേഖലകളിലെ നീരൊഴുക്ക് വർധിച്ചു. കൂടാതെ അണക്കെട്ടിന്റെ പോഷകനദികളായ ശെന്തുരുണി, കുളത്തൂപ്പുഴ, കഴുതുരുട്ടി ആറുകൾ നിറഞ്ഞതും പദ്ധതിപ്രദേശത്തെ ജലനിരപ്പ് ഗണ്യമായി വർധിക്കാൻ കാരണമായി.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top