27 September Sunday

മസിലുരുട്ടാം; പേഴ്‌സ്‌ ചോരാതെ

സ്വന്തം ലേഖകൻUpdated: Saturday Aug 8, 2020
കരുനാഗപ്പള്ളി
നാട്ടിടങ്ങളിലെ സാധാരണക്കാർക്കും ഇനി മുതൽ ആരോഗ്യസംരക്ഷണത്തിനു പണച്ചെലവില്ലാതെ ജിംനേഷ്യത്തിൽ പോകാം. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ അഞ്ചുകേന്ദ്രങ്ങളിലായി തയ്യാറാകുന്ന ജിംനേഷ്യങ്ങളിൽ ആദ്യത്തേതിന്റെ ഉദ്‌ഘാടനം ‌ക്ലാപ്പനയിൽ നടന്നു. 2018 –-19 സാമ്പത്തികവർഷത്തെ പദ്ധതിയില്‍ ഉൾപ്പെടുത്തി ജില്ലയിലെ അഞ്ച് ഡിവിഷനുകളിലാണ് ഓപ്പൺ ജിംനേഷ്യം തുറക്കുന്നത്‌. 
ക്ലാപ്പന പഞ്ചായത്ത് നാലാം വാർഡിലെ  പഞ്ചായത്ത് വക കളിസ്ഥലത്തോട് ചേർന്ന് 10 ലക്ഷം രൂപ ചെലവിലാണ്‌ ജിംനേഷ്യത്തിന്റെ നിർമാണം പൂർത്തീകരിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ സി രാധാമണി ഉദ്ഘാടനംചെയ്‌തു. വൈസ് പ്രസിഡന്റ്‌ എസ് വേണുഗോപാൽ അധ്യക്ഷനായി. ക്ലാപ്പന പഞ്ചായത്ത് പ്രസിഡന്റ്‌ എസ് എം ഇക്ബാൽ,  ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ശ്രീദേവി മോഹൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ശ്രീകല, പഞ്ചായത്ത്അം​ഗം രാധാകൃഷ്ണൻ, പഞ്ചായത്ത് സെക്രട്ടറി എ ഷാനവാസ്, നിർമിതികേന്ദ്രം അസിസ്റ്റന്റ്‌ എക്സിക്യൂട്ടീവ് എൻജിനിയർ ഗീത, റംലാ റഹിം തുടങ്ങിയവർ പങ്കെടുത്തു.
ജില്ലയിലെ മറ്റു ജിംനേഷ്യങ്ങളും ഉടൻ തുറക്കും. ഗ്രാമീണമേഖലയിൽ നിന്ന് കായികപ്രതിഭകളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ പെരിനാട്ട് ബോക്സിങ് അക്കാദമിയും കല്ലുവാതുക്കൽ കബഡി ഇൻസ്റ്റിറ്റ്യൂട്ടും സ്ഥാപിച്ചത് ഉൾപ്പെടെയുള്ള പദ്ധതികൾ ഏറ്റെടുത്തതായും കായിക ക്ലബ്ബുകൾക്ക് സ്പോർട്സ് കിറ്റുകൾ നൽകിയതായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പറഞ്ഞു. 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top