26 September Saturday
നിർമാണച്ചെലവ് 90.42 ലക്ഷം

കരുനാഗപ്പള്ളിയിൽ പാചകവാതക ശ്‌മശാനം സജ്ജം

സ്വന്തം ലേഖകന്‍Updated: Saturday Aug 8, 2020
കരുനാഗപ്പള്ളി 
മുനിസിപ്പാലിറ്റിയുടെ ആധുനിക ഗ്യാസ് ക്രിമിറ്റോറിയം കേശവപുരത്ത്‌ പ്രവർത്തനസജ്ജമാകുന്നു. ജില്ലയിലെ ഏറ്റവും സംവിധാനത്തോടെയുള്ള വാതക ശ്മശാനമാണിത്‌. 1982ൽ സിപിഐ എം നേതാവ് കെ എൻ ബാലകൃഷ്ണപിള്ള പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത്‌ സ്ഥലത്ത്‌  42 ലക്ഷം രൂപ ചെലവിട്ടാണ്‌  പദ്ധതി പൂർത്തിയാക്കിയത്. 19.5 ലക്ഷം രൂപയ്ക്ക് ഫർണസും 4.5 ലക്ഷം രൂപയ്ക്ക് ജനറേറ്ററും സ്ഥാപിച്ചു. ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ നീണ്ടുപോയ അവസാനഘട്ട നിർമാണം കഴിഞ്ഞദിവസം പൂർത്തിയാക്കി. 
ജീവനക്കാരുടെ പരിശീലനം പൂർത്തിയാകുന്നതോടെ ശ്‌മശാനം  പ്രവർത്തനസജ്ജമാകും. പ്രധാനമായും പാചകവാതകം ഉപയോഗിച്ചാണ് ഫർണസ് പ്രവർത്തിക്കുക. എട്ട് ഗ്യാസ് സിലിണ്ടറുകൾവീതം സ്ഥാപിച്ചിട്ടുണ്ട്. വൈദ്യുതി തടസ്സമുണ്ടായാലും പ്രവർത്തിപ്പിക്കാൻ 165 കെവിയുടെ ജനറേറ്ററും സജ്ജം.   ശ്മശാനത്തോട് അനുബന്ധിച്ച് പ്രാർഥനാ ഹാൾ, കർമങ്ങൾ ചെയ്യാനുള്ള സൗകര്യം, വാഹന പാർക്കിങ് സൗകര്യം എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്. ശുചിത്വമിഷന്റെ മാർഗനിർദേശങ്ങൾ അനുസരിച്ച്‌ മാലിന്യപ്രശ്‌നങ്ങൾ ഉണ്ടാകാത്ത വിധമാണ് ശ്മശാനത്തിന്റെ നിർമാണം.    
ശ്മശാനത്തിന്റെ അനുബന്ധ വികസനത്തിന്‌ 50 ലക്ഷം രൂപ മുനിസിപ്പാലിറ്റി അനുവദിച്ചിട്ടുണ്ട്. ഇതുപയോഗിച്ചു‌ ചുറ്റുമതിൽ, ഇന്റർലോക്ക് പാകൽ, പൂന്തോട്ടം, പരമ്പരാഗത ചൂള എന്നിവ സ്ഥാപിക്കും. ഇതിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചതായി മുനിസിപ്പല്‍ അധികൃതർ പറഞ്ഞു.   
സംസ്കാരത്തിനു മുനിസിപ്പല്‍ പരിധിയിലെ ബിപിഎൽ കുടുംബത്തിന് 3000 രൂപയും എപിഎൽ വിഭാഗത്തിന്‌ 3500 രൂപയും മുനിസിപ്പാലിറ്റിക്കു  പുറത്തുനിന്നുള്ളവർക്ക് 4000 രൂപയുമാണ്‌  താൽക്കാലികമായി നിശ്ചയിച്ച നിരക്ക്‌. പ്രവർത്തനച്ചെലവുകൾകൂടി പരിഗണിച്ചു നിരക്ക്‌ പിന്നീട് പുനഃപരിശോധിക്കും.   
 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top