23 September Wednesday
ജീവിതം വഴിമുട്ടിയ കുടുംബത്തിന് സഹായവുമായി സിപിഐ എം

ചേർത്തു‌നിർത്താൻ ആളുണ്ട്‌; തിരുപ്പതി നാട്ടിലേക്ക്‌ മടങ്ങില്ല

സ്വന്തം ലേഖകന്‍Updated: Saturday Aug 8, 2020
ശൂരനാട്‌ 
ഓച്ചിറ പഞ്ചായത്തിന്റെ നിയമനടപടിയിൽ ഏകവരുമാന മാർഗമായിരുന്ന പശുക്കളെ വിൽക്കേണ്ടിവന്ന കുടുബത്തിനു സഹായവുമായി സിപിഐ എം. കല്ലൂർമുക്കിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശിയായ തിരുപ്പതിക്കും കുടുംബത്തിനുമാണ് സിപിഐ എം–-ഡിവൈഎഫ്ഐ പ്രവർത്തകര്‍ തുണയായത്‌. 
സ്വന്തമായുള്ള 10 സെന്റ് സ്ഥലത്ത്‌ പശുവിനെ വളർത്തി പാൽ വീടുകളിലെത്തിച്ചാണ്‌ തിരുപ്പതിയും കുടുംബവും ജീവിച്ചിരുന്നത്. കിഡ്നി രോഗത്തിനു ചികിത്സയിലിരിക്കെ തിരുപ്പതിക്ക് ആറുമാസം മുമ്പ് പശുവിന്റെ കുത്തേറ്റിരുന്നു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായി. ഇതിനിടെ തൊഴുത്തിൽനിന്ന്‌ മാലിന്യം ഒഴുക്കുന്നതായി കാണിച്ച്‌ പഞ്ചായത്ത്‌ നോട്ടീസ്‌ നൽകി.  നിയമനടപടി ഭയന്ന്‌ തിരുപ്പതിയും കുടുംബവും കഴിഞ്ഞദിവസം  നാലു പശുക്കളെയും വിറ്റു. ചികിത്സതുടരാൻ മാർഗമില്ലാതായതോടെ കുടുംബം നാട്ടിലേക്ക്‌ മടങ്ങാൻ തീരുമാനിക്കുകയും ചെയ്‌തു. 
സാഹചര്യം മനസ്സിലാക്കിയ സിപിഐ എം ലോക്കൽ സെക്രട്ടറി സുരേഷ് നാറാണത്തിന്റെ നേതൃത്വത്തിൽ പ്രവർത്തകർ സ്ഥലത്തെത്തി ഓച്ചിറയിൽ തുടരാനുള്ള സഹായം കൈമാറി. ആശുപത്രിച്ചെലവിനുള്ള തുക സിപിഐ എം വലിയകുളങ്ങര (ബി) ബ്രാഞ്ച് നൽകി. അവശ്യസാധനങ്ങൾ എത്തിച്ചു നൽകി ഡിവൈഎഫ്ഐ റെഡ് വളന്റിയേഴ്സും  ഒപ്പം ചേർന്നതോടെ കുടുംബത്തിന് ആശ്വാസമായി. മധുര സ്വദേശിയായ തിരുപ്പതി കേരളത്തിലെത്തിയിട്ട് 20 വർഷമായി. കഴിഞ്ഞ ആറുവർഷമായി ഭാര്യ പൂർണവും രണ്ടു കുട്ടികളുമൊത്ത് ഓച്ചിറയിൽ സ്ഥിരതാമസമാണ്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top