25 August Sunday

vമാലിന്യസംസ്കരണത്തിൽ കടയ്ക്കൽ മാതൃക

വെബ് ഡെസ്‌ക്‌Updated: Saturday Jun 8, 2019
കൊല്ലം
മാലിന്യസംസ്കരണ- നിയന്ത്രണത്തിൽ മികവുറ്റ പ്രവർത്തനത്തിലൂടെ മാതൃകയാകുകയാണ്  കടയ്ക്കൽ പഞ്ചായത്ത്. ദേശീയ ഹരിത ട്രിബ്യൂണലിന്റെ മാനദണ്ഡ പ്രകാരമുള്ള ആധുനിക മാലിന്യ സംസ്‌കരണ രീതികൾ പിന്തുടരുന്ന തദ്ദേശ  സ്വയംഭരണ സ്ഥാപനമാണിത്. പരിസ്ഥിതി നിയമങ്ങൾ കൃത്യമായി പാലിക്കുന്നത് കണക്കിലെടുത്ത് മലിനീകരണ നിയന്ത്രണ ബോർഡ് മാതൃകാ പഞ്ചായത്തായി തിരഞ്ഞെടുത്തിട്ടുമുണ്ട്. 
മാലിന്യസംസ്‌കരണത്തിനായി നൂതന പദ്ധതികൾ നടപ്പാക്കുന്നതിനുള്ള സാഹചര്യമാണ് മാതൃകാ പഞ്ചായത്ത് പദവിയിലൂടെ ലഭ്യമായത്.  നിലവിൽ  ശുചിത്വമിഷന്റെ  സഹായത്തോടെ 4.5 കോടി രൂപയുടെ മാലിന്യ നിർമാർജന-നിയന്ത്രണ സംവിധാനങ്ങളുടെ നിർമാണം അന്തിമഘട്ടത്തിലാണ്.  എല്ലാ വാർഡുകളിലും അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നതിനായി  മെറ്റീരിയൽ കളക്ഷൻ സെന്ററുകളും തുടങ്ങുമെന്ന്  പഞ്ചായത്ത് പ്രസിഡന്റ് ആർ എസ് ബിജു പറഞ്ഞു. 
ജില്ലയിൽ  ആദ്യമായാണ് ഒരു പഞ്ചായത്തിലെ എല്ലാ വാർഡുകളിലും  ഈ സംവിധാനം ഏർപ്പെടുത്തുന്നത്. ഏഴു ലക്ഷം രൂപ നിർവഹണത്തിനായി പഞ്ചായത്ത് വകയിരുത്തി. ഹരിത കർമസേനയുടെ പ്രവർത്തനവും ഇവിടെ സജീവമാണ്. 19 വാർഡുകളിലായി  38 ഹരിത കർമ സേനാംഗങ്ങളുണ്ട്. ഇവർക്ക് വ്യക്തിഗത സുരക്ഷാ ഉപകരണങ്ങൾ പഞ്ചായത്താണ് നൽകിയത്.  കടയ്ക്കൽ  പഞ്ചായത്തിന് സമീപമുള്ള പഞ്ചായത്തുകളിലെ പ്ലാസ്റ്റിക് മാലിന്യം ചായിക്കോട് കളക‌്ഷൻ സെന്ററിലാണ് ശേഖരിക്കുന്നത്. ഇവ ക്ലീൻ കേരള കമ്പനിക്ക് കൈമാറുകയാണ്. 
കടയ്ക്കൽ പഞ്ചായത്തിലെ പ്ലാസ്റ്റിക് ഷ്രെഡിങ‌് യൂണിറ്റ്  വഴി അജൈവമാലിന്യം പൊടിച്ച് റോഡ് നിർമാണത്തിനായി കൈമാറുന്നു. പ്ലാസ്റ്റിക് മാലിന്യം ഉപയോഗിച്ചാണ് പന്തളമുക്ക്-–-പൊങ്ങമല റോഡ്, പാങ്ങൽകാട്-–-അഴകത്തുവിള  റോഡ് എന്നിവയുടെ  ടാറിംഗ് ജോലികൾ  പൂർത്തികരിച്ചത്. കല്യാണമണ്ഡപങ്ങൾ ഹരിതചട്ടം പാലിച്ച് പ്രവർത്തിക്കുന്നുവെന്നു ഉറപ്പവരുത്തിയതിനൊപ്പം എല്ലാ വാർഡുകളിലെയും കുടുംബശ്രീ സി ഡി എസുകൾക്ക്   സ്റ്റീൽ പ്ലേറ്റ്,  ഗ്ലാസ് എന്നിവ നൽകുന്ന പദ്ധതിയും ആവിഷ്‌കരിച്ചിട്ടുണ്ട്. 
പഞ്ചായത്ത് പരിധിയിലെ എല്ലാ വിദ്യാലയങ്ങളും ശുചിത്വപൂർണമാക്കി. ബയോഗ്യാസ് പ്ലാന്റുകൾ,   ഗേൾസ് ഫ്രണ്ട്ലി ടോയ്ലറ്റുകൾ എന്നിവയും സ്ഥാപിച്ചു.   നിരോധിച്ച പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ വിപണനം പൂർണമായും നിർത്തലാക്കാനുള്ള നടപടികളും സ്വീകരിച്ചു.  മാലിന്യത്തിൽ നിന്ന് സമ്പൂർണ വിമുക്തി ലക്ഷ്യമാക്കി കൂടുതൽ പരിപാടികൾ സംഘടിപ്പിക്കാനുള്ള തീരുമാനത്തിലാണ് പഞ്ചായത്ത്.
പ്രധാന വാർത്തകൾ
 Top