06 December Friday

ഓറഞ്ച് അലര്‍ട്ട്: താലൂക്ക്‌ കണ്‍ട്രോള്‍ റൂമുകൾ തുറന്നു

വെബ് ഡെസ്‌ക്‌Updated: Saturday Jun 8, 2019
കൊല്ലം
ജില്ലയിൽ ഒമ്പതിനും, പത്തിനും, പതിനൊന്നിനും  ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ  താലൂക്ക് ഓഫീസുകളിൽ കൺട്രോൾ റൂമുകൾ തുറന്നതായി  കലക്ടർ എസ് കാർത്തികേയൻ അറിയിച്ചു.  
കൊല്ലം (0474-2742116), കൊട്ടാരക്കര (0474-2454623), കരുനാഗപ്പള്ളി (0476-2620223), കുന്നത്തൂർ (0476-2830345), പത്തനാപുരം (0475-2350090),   പുനലൂർ(0475-2222605) എന്നിവയാണ് ഫോൺ നമ്പരുകൾ. സ്‌പെഷ്യൽ വില്ലേജ് ഓഫീസറുടെ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരിക്കും കൺട്രോൾ റൂമുകൾ പ്രവർത്തിക്കുക.  എല്ലാ കൺട്രോൾ റൂമിലും വാഹനം ക്രമീകരിച്ചിട്ടുണ്ട്.  ഡ്രൈവർ ഉൾപ്പെടെ മൂന്നുപേരെങ്കിലും കൺട്രോൾ റൂമിൽ ഉണ്ടായിരിക്കും. ഓറഞ്ച് അലർട്ട് പിൻവലിക്കുന്നതുവരെ കൺട്രോൾ റൂം തുറന്ന് പ്രവർത്തിക്കും. 
ഡ്യൂട്ടിയിലുള്ള  ഉദ്യോഗസ്ഥരുടെ മൊബൈൽ നമ്പരുകൾ ദുരന്തനിവാരണത്തിനായുള്ള  പ്രത്യേക വാട്സാപ്പ‌് ഗ്രൂപ്പിൽ ഉൾക്കൊള്ളിക്കും. ജില്ലയിലെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളും ഉൾപ്പെടുന്ന ആശുപത്രികളിൽ ഡോക്ടർമാരും പാരാമെഡിക്കൽ ഫീൽഡ്   ഉദ്യോഗസ്ഥരും ഓൺകോൾ വ്യവസ്ഥയിൽ സജ്ജരായിരിക്കാൻ  കലക്ടർ നിർദേശം നൽകി. ജില്ലയിൽ ലഭ്യമായ ക്രെയിനുകൾ, ജെസിബികൾ, ഹിറ്റാച്ചി മെഷീനുകൾ എന്നിവ ഏതുസമയവും വിന്യസിക്കാൻ ആർടിഒയെ ചുമതലപ്പെടുത്തി. 
ജലാശയങ്ങളുമായി ബന്ധപ്പെട്ട വിനോദ സഞ്ചാര പ്രവർത്തനങ്ങൾക്ക് വിലക്കേർപ്പെടുത്തി. ആവശ്യമെങ്കിൽ ജനങ്ങളെ മാറ്റിപ്പാർപ്പിക്കാൻ പുനരധിവാസ കേന്ദ്രങ്ങൾ കണ്ടെത്തി അവയുടെ താക്കോൽ വില്ലേജ് ഓഫീസർമാർ കൈവശംവയ്ക്കാനും നിർദേശിച്ചു. ജില്ലയിലെ കിഴക്കൻ മലയോര പ്രദേശത്തുകൂടിയുള്ള യാത്രകൾ പ്രത്യേകിച്ച് രാത്രികാലങ്ങളിൽ കഴിവതും ഒഴിവാക്കാനും പുഴകളിലും മറ്റു ജലായശങ്ങളിലും ഇറങ്ങുകയോ കുളിക്കുകയോ ചെയ്യരുതെന്നും  കലക്ടർ അറിയിച്ചു.
പ്രധാന വാർത്തകൾ
 Top