25 August Sunday

നഗരസഭാ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും സര്‍ക്കാര്‍ നേരിട്ടു നല്‍കണം

വെബ് ഡെസ്‌ക്‌Updated: Saturday Jun 8, 2019
കൊല്ലം
നഗരസഭാ ജീവനക്കാരുടെ ശമ്പളവും പെൻഷനും സർക്കാർ നേരിട്ടുനൽകി പൊതുസർവീസ് യാഥാർഥ്യമാക്കണമെന്ന് കെഎംസിഎസ്‌യു 52–--ാം സംസ്ഥാനസമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. പൊതുസർവീസ‌് രൂപീകരണം അധികാരവികേന്ദ്രീകരണത്തെ ശക്തിപ്പെടുത്തുന്നതും മാറിവരുന്ന സാഹചര്യത്തിന് അനുസൃതമായി ജനങ്ങൾക്ക് സേവനം നൽകുന്നതിന് പ്രാപ‌്തിനൽകാനുള്ള ശ്രമങ്ങളുടെ ഭാഗവുമാണ്. 1957 മുതൽ അധികാരവികേന്ദ്രീകരണരംഗത്ത് നടന്നിട്ടുള്ള പരീക്ഷണാത്മക ഇടപെടലുകളുടെ തുടർച്ചയായി വേണം പൊതുസർവീസിന്റെ രൂപീകരണത്തെ വിലയിരുത്തേണ്ടത്.
തദ്ദേശ ഭരണ പൊതുസർവീസ് എന്നത്  കെഎംസിഎസ്‌യു ഉയർത്തിക്കൊണ്ടുവന്ന മുദ്രാവാക്യമാണ്. 2016ൽ എൽഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനമായിരുന്നു പൊതുസർവീസ് പ്രാവർത്തികമാക്കുമെന്നത്. മുനിസിപ്പൽ ജീവനക്കാരെ സർക്കാർ ജീവനക്കാരായി അംഗീകരിച്ചതിലൂടെ വാഗ്ദാനങ്ങൾ പാലിക്കാനുള്ളതാണെന്ന എൽഡിഎഫ് സർക്കാർ നയം ഒരിക്കൽകുടി വ്യക്തമാകുകയാണ‌്. ഇനി നഗരസഭാ ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും സർക്കാർ നേരിട്ട് ട്രഷറി വഴി നൽകണമെന്ന പ്രഖ്യാപിതനയം കൂടി യാഥാർഥ്യമാകണം. പൊതുസർവീസിന്റെ ഭാഗമാകുന്ന പഞ്ചായത്ത്–- നഗരസഭാ മേഖലകളിൽ മാത്രമാണ് നിലവിൽ ശമ്പളവും മറ്റാനുകൂല്യങ്ങളും തദ്ദേശസ്ഥാപനം നേരിട്ടു നൽകുന്നത്. ഏകീകരണം പൂർണമാകുന്നതോടെ പൊതുസർവീസിന്റെ ഭാഗമാകുന്ന മറ്റു ജീവനക്കാരുടേതുപോലെ വേതനകാര്യത്തിൽ തീരുമാനമാകണം. പല നഗരതസ്തികകളിലും ശമ്പളം, പെൻഷൻ, ആനുകൂല്യം എന്നിവ നൽകുന്ന കാര്യത്തിൽ കാലതാമസം ഉണ്ടാകുന്ന സ്ഥിതിയുണ്ട‌് ഇപ്പോൾ. അതിനാൽ വകുപ്പുകളുടെ ഏകോപനം നടത്തി പൊതുസർവീസ് പ്രാവർത്തികമാക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്തണം. 
സ്ത്രീ സമത്വം ഉറപ്പാക്കി സ്ത്രീശാക്തീകരണം യാഥാർഥ്യമാക്കുക,  നവകേരളമിഷനുകളെ ശക്തിപ്പെടുത്തുക, ഇന്ത്യൻ ജനാധിപത്യത്തെ വേട്ടയാടുന്ന ഹിന്ദുത്വരാഷ്ട്രീയത്തെ പ്രതിരോധിച്ച് മതേതരത്വം സംരക്ഷിക്കുക, മിനിമം ബാലൻസിന്റെ പേരിലുള്ള പകൽക്കൊള്ള അവസാനിപ്പിക്കുക, പൊരുതുന്ന ത്രിപുരയ്ക്കും ബംഗാളിനും ഐക്യദാർഢ്യം പ്രഖ്യാപിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.
പ്രധാന വാർത്തകൾ
 Top