19 August Monday

തദ്ദേശഭരണ പൊതുസർവീസ് സമയബന്ധിതമായി നടപ്പാക്കും: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Saturday Jun 8, 2019

 

കൊല്ലം
നഗരസഭാജീവനക്കാരുടെ പൊതുസർവീസ് സമയബന്ധിതമായി നടപ്പാക്കുമെന്ന് മന്ത്രി എ സി മൊയ്തീൻ  പറഞ്ഞു. കെഎംസിഎസ്‌യു 52–--ാം സംസ്ഥാന സമ്മേളനത്തോട‌് അനുബന്ധിച്ച് ‘അധികാരവികേന്ദ്രീകരണവും തദ്ദേശഭരണ പൊതുസർവീസും’ എന്ന വിഷയത്തിൽ സി കേശവൻ മെമ്മോറിയൽ ടൗൺ ഹാളിലെ നാരായണൻനായർ നഗറിൽ നടന്ന സെമിനാർ  ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. ജീവനക്കാരുടെ ശമ്പളവും പെൻഷനും സർക്കാർ നേരിട്ടു നൽകണമെന്നത‌് ഉൾപ്പെടെ എല്ലാ പ്രശ്‌നങ്ങളും സർക്കാർ ചർച്ചചെയ്യും. പണമില്ലാത്തതല്ല, ഫണ്ട് ഫലപ്രദമായി വിനിയോഗിക്കുന്നതിൽ വിവിധ വകുപ്പുകളുടെ ഏകോപനത്തിൽ  കുറവ് ഉണ്ടാകുന്നതാണ് പദ്ധതി വിജയത്തെ ബാധിക്കുന്നതെന്നും മന്ത്രി പറഞ്ഞു. 
പൊതുസർവീസിന്റെ രൂപീകരണം അധികാരവികേന്ദ്രീകരണത്തെ ശക്തിപ്പെടുത്തുന്നതും മാറിവരുന്ന സാഹചര്യത്തിന് അനുസൃതമായി ജനങ്ങൾക്ക് സേവനം നൽകുന്നതിന് ഗുണകരവുമാണ്. അധികാര വികേന്ദ്രീകരണത്തിൽ ഉദാത്ത മാതൃക കാട്ടിയ സംസ്ഥാനമാണ് കേരളം. എന്നാൽ, അധികാരവികേന്ദ്രീകരണം വികലമാക്കുന്ന നടപടികൾ കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന‌്  ഉണ്ടാകുന്നു. ആസൂത്രണമേ വേണ്ടെന്ന കാഴ്ചപ്പാടിലാണ് കേന്ദ്രഭരണാധികാരികൾ. ഏതാനും  ചില ഉദ്യോഗസ്ഥരുടെ മാത്രം പങ്കിൽ വികസനം നടപ്പാക്കാൻ കഴിയും എന്ന കേന്ദ്രനിലപാട് വികസനമുരടിപ്പിലേക്ക‌് നയിക്കും. രാഷ്ട്രീയ വിവേചനത്തിന്റെ പേരിൽ  നീതികേട് തുടരുന്ന കേന്ദ്ര നിലപാട‌് ചെറുക്കപ്പെടണം.  തെരഞ്ഞെടുപ്പിൽ ജനാധിപത്യത്തിന്റെ അംശം കുറയുകയും വ്യക്തികളുടെ മേന്മ പരിശോധനയിലേക്ക് കാഴ്ചപ്പാടുകൾ  മാറ്റിയെടുക്കുന്നതുമാണ് കഴിഞ്ഞ ഇന്ത്യൻ തെരഞ്ഞെടുപ്പ് തെളിയിച്ചതെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  സി രാധാമണി മോഡറേറ്ററായി. ലോക്കൽ കമീഷൻ അംഗം  എൻ രമാകാന്തൻ വിഷയം അവതരിപ്പിച്ചു. തിരുവനന്തപുരം മേയർ വി കെ പ്രശാന്ത്, കെഎംസിഎസ്‌യു പ്രസിഡന്റ് പി സുരേഷ്, ജനറൽ സെക്രട്ടറി വി സുരേഷ‌്കുമാർ എന്നിവർ സംസാരിച്ചു. കെഎംസിഎസ്‌യു സെക്രട്ടറിയറ്റ‌്അംഗങ്ങളായ എ വേണുഗോപാൽ സ്വാഗതവും കെ രാജേഷ്ഖന്ന നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top