19 April Monday

കൂട്ടിയും കിഴിച്ചും

സ്വന്തം ലേഖകൻUpdated: Thursday Apr 8, 2021
കൊല്ലം  
കൂട്ടലും കിഴിക്കലും തകൃതി. രാഷ്ട്രീയ പാർടികളുടെ ജില്ലാ കമ്മിറ്റി ഓഫീസുകൾ ബുധനാഴ്‌ച നിയമസഭാ തെരഞ്ഞെടുപ്പ്‌ അവലോകനത്തിന്റെ ചൂടിലായിരുന്നു. ഇന്നലെ വരെ പ്രചാരണ പ്രവർത്തനങ്ങളും തന്ത്രങ്ങളും ആവിഷ്‌കരിച്ച ഓഫീസുകൾ വോട്ടിന്റെ കണക്കുകൂട്ടലിലേക്ക്‌ മാറിയെന്ന്‌ മാത്രം. ഓരോ ബുത്തിൽനിന്നും ലഭിക്കുന്ന കണക്കുകൾ കൂട്ടിയും കിഴിച്ചും തലപുകയ്‌ക്കുകയാണ്‌ നേതാക്കൾ. കണക്കിൽ ഉറപ്പുണ്ടെന്ന്‌ എൽഡിഎഫ്‌ നേതാക്കൾ തറപ്പിച്ചുപറഞ്ഞു. എത്ര കൂട്ടിയിട്ടും കണക്കുകൾ പൊരുത്തപെടാത്തത്‌ മറ്റു മുന്നണി നേതാക്കളെ അലോസരപ്പെടുത്തുന്നുണ്ട്‌. 
സിപിഐ എം ജില്ലാ ആസ്ഥാനമായ പോളയത്തോട്‌ എൻ എസ്‌ മന്ദിരത്തിൽ പ്രധാന നേതാക്കൾ ഒത്തുചേർന്നത്‌ ബുധനാഴ്‌ച ഉച്ചകഴിഞ്ഞാണ്‌. ജില്ലാ സെക്രട്ടറി എസ്‌ സുദേവൻ ക്വാറന്റൈനിൽ ആയതിനാൽ മുതിർന്ന നേതാവും സംസ്ഥാന കമ്മിറ്റി അംഗവുമായ കെ രാജഗോപാലിന്റെ നേതൃത്വത്തിലായിരുന്നു വോട്ട്‌ ചർച്ചയും കണക്കുകൂട്ടലും. പാർടി സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം കെ എൻ ബാലഗോപാൽ മത്സരിച്ച കൊട്ടാരക്കരയിൽ പോയിട്ടാണ്‌ കെ രാജഗോപാൽ കൊല്ലത്തെത്തിയത്‌. 
സിപിഐ എം കൊട്ടാരക്കര ഏരിയ കമ്മിറ്റി ഓഫീസിൽ സ്ഥാനാർഥി കെ എൻ ബാലഗോപാലിനും മറ്റു നേതാക്കൾക്കും‌ ഒപ്പം വോട്ടിന്റെ കണക്കുകൂട്ടൽ നടത്തി. ജില്ലയിൽ മണ്ഡലങ്ങളിൽനിന്നുള്ള കണക്കുകൾ പരിശോധിച്ചുവരികയാണെന്നും എൽഡിഎഫ്‌‌ ജില്ലയിൽ ചരിത്രവിജയം ആവർത്തിക്കുമെന്നും രാജഗോപാൽ പറഞ്ഞു. 
ഡിസിസി ഓഫീസിൽ ആക്ടിങ്‌ പ്രസിഡന്റ്‌ പുനലൂർ മധുവിന്റെ നേതൃത്വത്തിലായിരുന്നു വിലയിരുത്തൽ. സ്ഥാനാർഥികളെയും പ്രധാന യുഡിഎഫ്‌ നേതാക്കളെയും ഫോണിൽ വിളിക്കുന്ന തിരക്കിൽ ആയിരുന്നു അദ്ദേഹം. ജില്ലയിൽ യുഡിഎഫിന്‌ ഏഴോ എട്ടോ സീറ്റ്‌ ലഭിക്കുമെന്ന്‌ പുനലൂർ മധു പറഞ്ഞു. നേതാക്കൾ ആരും എത്താത്തതിനാൽ സിപിഐ ജില്ലാ കമ്മിറ്റി ഓഫീസായ എം എൻ സ്‌മാരകം ബുധനാഴ്‌ച പതിവിലും ശാന്തമായിരുന്നു. ജില്ലാ സെക്രട്ടറി മുല്ലക്കര രത്‌നാകരൻ ഉൾപ്പെടെ നേതാക്കൾ വീടുകളിലിരുന്ന്‌ സ്ഥാനാർഥികളും മുന്നണി പ്രവർത്തകരുമായും ആശയവിനിമയം നടത്തി. 
ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ പ്രസിഡന്റ്‌ ബി ബി ഗോപകുമാർ ഇല്ലാത്തതിനാൽ ചർച്ചയും കാര്യമായി നടന്നില്ല. ആറു മണ്ഡലങ്ങളിൽ വിജയപ്രതീക്ഷയുണ്ടെന്നും മണ്ഡലങ്ങൾ ഏതെന്ന്‌ പറയാനാകില്ലെന്നും ഗോപകുമാർ പറഞ്ഞു.ജില്ലയിൽ മൂന്ന്‌ മണ്ഡലങ്ങളിൽ മത്സരിച്ച ആർഎസ്‌പി ജില്ലാ കമ്മിറ്റി ഓഫീസിലും നേതാക്കൾ എത്തിയില്ല. രണ്ട്‌ സീറ്റിൽ ജയിക്കുമെന്ന്‌ ജില്ലാ സെക്രട്ടറി കെ എസ്‌ വേണുഗോപാൽ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top