കൊല്ലം
ജലസ്രോതസ്സുകളുടെ സംരക്ഷണം ഉറപ്പാക്കാനുള്ള ‘നീരുറവ്’ സമഗ്ര നീർത്തടാധിഷ്ടിത പദ്ധതി പ്രവർത്തനം ജില്ലയിൽ ദ്രുതഗതിയിൽ. സർക്കാരിന്റെ നൂറുദിന പരിപാടിയോട് അനുബന്ധിച്ച് തദ്ദേശസ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ഏപ്രിൽ 30നകം വിശദപദ്ധതി സമർപ്പിക്കാനാണ് ലക്ഷ്യം. നിലവിൽ പദ്ധതിയുടെ കരട് മിക്ക പഞ്ചായത്തുകളിലും പൂർത്തിയായി. തൊഴിലുറപ്പു പദ്ധതി പ്രകാരമുള്ള ‘നീരുറവ്’ പദ്ധതിയിലൂടെ ജലസ്രോതസ്സുകൾ സംരക്ഷിക്കുന്നതിനൊപ്പം നീർത്തട പരിധിക്കുള്ളിൽ കൃഷിവികസനം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്ത് കുടുംബങ്ങളുടെ വരുമാനം ഉറപ്പാക്കുകയും പദ്ധതി ലക്ഷ്യമാണ്. എല്ലാ തദ്ദേശസ്ഥാപനങ്ങളിലെയും നീർച്ചാൽ ശൃംഖലകളിലും അവയുടെ വൃഷ്ടിപ്രദേശങ്ങളിലും അനുയോജ്യമായ പരിപാലന പ്രവൃത്തി ഉൾപ്പെടുന്ന സമഗ്ര പദ്ധതി രേഖയാണ് തയ്യാറാകുന്നത്. പദ്ധതി നടത്തിപ്പിനായി നീർത്തട കമ്മിറ്റിയും കോ –- ഓർഡിനേഷൻ കമ്മിറ്റിയും രൂപീകരിച്ചു. 50 കുടുംബങ്ങൾ അടങ്ങിയ 500 നീർത്തട അയൽക്കൂട്ടവും രൂപീകരിച്ചു.
പദ്ധതിയിൽ
192 നീർത്തടം
അറുപത്തെട്ടു പഞ്ചായത്തിലായി 192 നീർത്തടമാണ് നീരുറവ് പദ്ധതിയിൽ കണ്ടെത്തിയത്. ജലസ്രോതസ്സുകൾ സംരക്ഷിച്ച് കാർഷിക, ഉപജീവന പ്രവർത്തനങ്ങൾ പരമാവധി ഏറ്റെടുക്കുന്നതിന് വാർഡ് തലത്തിൽ ജലനടത്തവും പുരോഗമിക്കുന്നു. ജലസ്രോതസ്സുകളെ വീണ്ടെടുക്കാൻ ഹരിതകേരളം മിഷൻ ആരംഭിച്ച ‘ഇനി ഞാനൊഴുകട്ടെ’ ക്യാമ്പയിന് അനുബന്ധമായാണ് നീരുറവും ആരംഭിക്കുന്നത്. ഹരിതകേരളം മിഷന്റെ ഏകോപനത്തിൽ തദ്ദേശസ്ഥാപനങ്ങളുടെ മേൽനോട്ടത്തിലാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. ഹരിതകേരളം മിഷൻ ജല ഉപമിഷൻ സാങ്കേതിക സമിതിയാണ് സാങ്കേതിക സഹായം ലഭ്യമാക്കുക. മണ്ണ്, ജലസംരക്ഷണ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനാൽ തൊഴിലുറപ്പു തൊഴിലാളികൾക്ക് കൂടുതൽ ജോലി ലഭിക്കാൻ നീരുറവ് വഴിയൊരുക്കുമെന്ന് നവകേരള മിഷൻ കർമപദ്ധതി- ജില്ലാ കോ-–- ഓർഡിനേറ്റർ എസ് ഐസക് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..