30 March Thursday
കലക്ടറേറ്റിലെ ബോംബ് ഭീഷണി

യുവാവിനെ വീടുവളഞ്ഞ് പിടികൂടി

സ്വന്തം ലേഖകൻUpdated: Wednesday Feb 8, 2023

കലക്ടറേറ്റിൽ വ്യാജ ബോംബ്‌ ഭീഷണി കത്തയച്ച സംഭവത്തിൽ സാജനെ പൊലീസ്‌ 
 കസ്‌റ്റഡിയിൽ എടുത്തപ്പോൾ

കൊല്ലം
കലക്ടറേറ്റിലേക്ക് വ്യാജ ബോംബ് ഭീഷണിക്കത്ത് അയച്ച കേസിൽ യുവാവിനെ പ്രത്യേക അന്വേഷകസംഘം വീടുവളഞ്ഞ്‌ പിടികൂടി. മതിലിൽ വെങ്കേക്കര സ്വദേശി സാജൻ ക്രിസ്റ്റഫർ (37)ആണ് കസ്റ്റഡിയിലായത്. ഇയാളുടെ വീട്ടിൽനിന്ന് കലക്ടർ അഫ്സാന പർവീണിനെ വധിക്കുമെന്ന ഭീഷണിക്കത്തും കണ്ടെടുത്തതായി പൊലീസ്‌ പറഞ്ഞു. കലക്ടറേറ്റിലേക്ക് ഉൾപ്പെടെ അയച്ച ഭീഷണിക്കത്തുകളുടെ ഫോട്ടോയും മൊബൈൽഫോണിൽ കണ്ടെത്തി. പൊലീസ് ക്ലബ്ബില്‍ എത്തിച്ച് നടത്തിയ ചോദ്യംചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. അമ്മ കൊച്ചുത്രേസ്യയുടെ അറിവോടെയാണ്‌ കത്തെഴുതിയത്‌ എന്നാണ് നിഗമനം. ഇവരും കേസിൽ പ്രതിയായേക്കും.
വെള്ളി പകൽ 11.30നാണ്‌ കലക്ടർക്ക്‌ ഭീഷണിക്കത്ത്‌ ലഭിച്ചത്‌. കലക്ടറേറ്റിലെ ഏഴുസ്ഥലത്ത്‌ പകൽ 2.20നും 2.28നും ഇടയിൽ സ്‌ഫോടനം ഉണ്ടാകുമെന്നായിരുന്നു ഉള്ളടക്കം. പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല. കത്തിലുണ്ടായിരുന്ന ഫോൺ നമ്പറും വിലാസവും കെെയക്ഷരവും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. സിവിൽസ്റ്റേഷനിലെ കോടതിയിൽ കണ്ട വനിതാ ജീവനക്കാരിയോട് തോന്നിയ പ്രണയമാണ് കത്തെഴുതലിലേക്ക് നയിച്ചതെന്നാണ് പൊലീസ് കണ്ടെത്തൽ. അന്നു മുതൽ അവരെ വർണിച്ചും മറ്റും കത്തുകളയച്ചു. നാണക്കേട് ഭയന്ന് ജീവനക്കാരി ഇത് പുറത്തുപറഞ്ഞില്ല. കലക്ടറേറ്റ് ബോംബ് ഭീഷണിക്കത്തുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഇത് പൊലീസിനോട് പറഞ്ഞത്. ഈ കത്തുകളിലെ കൈയക്ഷരവും ബോംബ് ഭീഷണിക്കത്തിലെ കൈയക്ഷരവും ഒന്നുതന്നെയാണെന്ന് പൊലീസ് കണ്ടെത്തി. ഈ ജീവനക്കാരിയുടെ വിലാസമാണ് കലക്ടറേറ്റ് ഭീഷണിക്കത്തിൽ എഴുതിയത്. 2019ൽ സാജന്റെ അമ്മയുടെ പേരിൽ കോടതിയിൽനിന്നെന്ന പേരിൽ  നോട്ടീസ് വന്നിരുന്നു. ഇരുവരും ഹാജരായെങ്കിലും അങ്ങനെയൊരു നോട്ടീസ് അയച്ചിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. കോടതി ജീവനക്കാരിയെ കാണാൻ വ്യാജ നോട്ടീസ് തയ്യാറാക്കി അയച്ചത് താനാണെന്നു സാജൻ ചോദ്യംചെയ്യലിൽ സമ്മതിച്ചു.
ഒളിച്ചിരുന്നത് 
അലമാരയിൽ
ജഡ്ജിക്ക് ഭീഷണിക്കത്തയച്ച കേസിൽ സാജൻ നിരീക്ഷണത്തിലായിരുന്നു. കലക്ടറേറ്റിൽ വന്ന ബോംബ് ഭീഷണിക്കത്തിലെയും ജഡ്ജിക്ക് വന്ന കത്തിലെയും കൈയക്ഷരം ഒന്നുതന്നെയായിരുന്നു. വിശദ അന്വേഷണം സാജനിലേക്ക് എത്തുകയായിരുന്നു.
ചൊവ്വ പകല്‍ എസിപി എ അഭിലാഷിന്റെ നേതൃത്വത്തിൽ കൊല്ലം വെസ്റ്റ് സിഐ ഷെഫീഖും സംഘവുമാണ് വീടുവളഞ്ഞ് പിടികൂടിയത്. മകൻ വീട്ടിൽ ഇല്ലെന്നാണ് കൊച്ചുത്രേസ്യ പൊലീസിനോട് പറഞ്ഞത്. അലമാര തുറക്കാൻ പറഞ്ഞെങ്കിലും ഇവർ തയ്യാറായില്ല. പൊലീസ് ബലമായി അലമാര തുറന്നപ്പോൾ അതിൽ ഒളിച്ചിരിക്കുകയായിരുന്നു സാജൻ. 
2016ൽ കൊല്ലം ന​ഗരത്തിലെ വേളാങ്കണ്ണി പള്ളി തകർക്കുമെന്ന് കത്തെഴുതിയതിനു പിന്നിലും സാജനായിരുന്നു. ഈ പള്ളിയിലെ ജീവനക്കാരനായിരുന്ന സാജൻ വികാരിയുമായി പിണങ്ങിയിറങ്ങിയിരുന്നു. കൊല്ലം ഈസ്റ്റ് പൊലീസ് കേസെടുത്തെങ്കിലും പ്രതിയെ പിടികൂടാനായിരുന്നില്ല. അയൽവീട്ടുകാരെ ഭീഷണിപ്പെടുത്തൽ, മോശം പെരുമാറ്റം തുടങ്ങി നിരവധി പരാതികൾ സാജനെതിരെ പരിസരവാസികൾ ഉന്നയിച്ചിട്ടുണ്ട്.  
2 കൈയക്ഷരം 
വികസിപ്പിച്ചു
വ്യാജ കത്തെഴുതാൻ യഥാർഥ കൈയക്ഷരവുമായി ബന്ധമില്ലാത്ത രണ്ടുതരം കൈയക്ഷരം സാജൻ വികസിപ്പിച്ചെടുത്തു. ഇത് ഉപയോ​ഗിച്ചാണ് 2018 മുതൽ കത്തെഴുതുന്നത്. ജഡ്ജിക്ക് ഭീഷണിക്കത്ത് എഴുതിയ സംഭവത്തിൽ അന്വേഷണത്തിനിടെ സാജനെ രണ്ടുതവണ പൊലീസ് ചോദ്യംചെയ്തിരുന്നു. അന്ന് കൈയക്ഷരം പരിശോധിച്ചപ്പോൾ ഇതുമായി ബന്ധമില്ലാത്തതിനാൽ വിട്ടയക്കുകയായിരുന്നു. പൊലീസ് ക്ലബ്ബിലെ ചോദ്യംചെയ്യലിൽ ഇരുകൈയക്ഷരത്തിലും സാജൻ എഴുതിക്കാണിച്ചു. രണ്ടു തരത്തിൽ എഴുതിപ്പഠിച്ചതിന്റെ തെളിവും വീട്ടിൽനിന്ന് കിട്ടി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top