04 December Sunday

ക്യാമ്പസിലൂടെ ലഹരിക്കെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്തണം: 
കെ എന്‍ ബാലഗോപാല്‍

വെബ് ഡെസ്‌ക്‌Updated: Friday Oct 7, 2022

‘ജീവിതമാകട്ടെ ലഹരി’ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ശ്രീനാരായണ വനിതാ കോളേജിൽ നിർവഹിച്ചശേഷം മന്ത്രിമാരായ കെ എൻ ബാലഗോപാൽ, ജെ ചിഞ്ചുറാണി എന്നിവരുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കുന്നു

കൊല്ലം
ലഹരി ഉപയോഗത്തിനെതിരെ ക്യാമ്പസുകളിലൂടെയുള്ള സുശക്ത പ്രചാരണവും ബോധവൽക്കരണവും അനിവാര്യമാണെന്ന് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. ഇൻഫർമേഷൻ ആൻഡ്‌ പബ്ലിക് റിലേഷൻസ് വകുപ്പ് ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഭരണകേന്ദ്രം, എസ്എൻ വനിതാ കോളേജ് എൻഎസ്‌എസ്‌ യൂണിറ്റ്‌ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ലഹരിവിരുദ്ധ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
ലഹരിക്കെതിരെ സമൂഹം ഒറ്റക്കെട്ടായി നിലകൊള്ളണം. സാമ്പത്തിക താൽപ്പര്യങ്ങൾ ലഹരിക്കച്ചവടത്തിനു പിന്നിലുണ്ടെന്ന് തിരിച്ചറിയണം. ലഹരി വിപത്ത് നേരിടാൻ ജില്ലയൊട്ടാകെ വ്യത്യസ്ത പരിപാടികൾ തുടർന്നും സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. മന്ത്രി ജെ ചിഞ്ചുറാണി അധ്യക്ഷയായി. 
അസിസ്റ്റന്റ് എക്‌സൈസ് കമീഷണർ രാജേഷ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലഹരിക്കെതിരെ എസ്എൻ വനിതാ കോളേജിൽ നടപ്പാക്കുന്ന 15 പദ്ധതിയും എൻഎസ്‌എസ്‌ യൂണിറ്റ്‌ തയ്യാറാക്കിയ ലോഗോയും മന്ത്രിമാർ പ്രകാശിപ്പിച്ചു.
എം നൗഷാദ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. കലക്ടർ അഫ്‌സാന പർവീൺ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയൽ, എസ്എൻ വനിതാ കോളേജ് പ്രിൻസിപ്പൽ ആർ സുനിൽകുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി എഫ്  ദിലീപ് കുമാർ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top